അടുത്ത ഭാഗത്തിൽ മൂത്തോനായി വാപ്പച്ചിയെ എങ്ങനെ കണ്‍വിന്‍സ് ചെയ്യുമെന്നാണ് ആലോചിക്കുന്നത്; ദുൽഖർ

മമ്മൂട്ടിയെ മൂത്തോനായി ലോകയുടെ അടുത്ത ഭാഗങ്ങളിൽ അഭിനയിപ്പിക്കാൻ ടാസ്ക് ആണെന്ന് ദുൽഖർ സൽമാൻ പറയുന്നു

അടുത്ത ഭാഗത്തിൽ മൂത്തോനായി വാപ്പച്ചിയെ എങ്ങനെ കണ്‍വിന്‍സ് ചെയ്യുമെന്നാണ് ആലോചിക്കുന്നത്; ദുൽഖർ
dot image

കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുൺ ഒരുക്കിയ സിനിമയാണ് ലോക. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. സിനിമയിൽ കാമിയോ റോളിൽ മമ്മൂട്ടിയും എത്തിയിരുന്നു. മുഖം കാണിച്ചില്ലെങ്കിലും ഇത് മമ്മൂട്ടി ആണെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മൂത്തോനായി സിനിമയുടെ വരും ഭാഗങ്ങളില്‍ അഭിനയിക്കാന്‍ മമ്മൂട്ടിയെ കണ്‍വിന്‍സ് ചെയ്യുക എളുപ്പമല്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

'പടം ഹിറ്റായി പക്ഷെ അടുത്ത ഭാഗത്തില്‍ മൂത്തോന്‍ ആയി അദ്ദേഹത്തെ എങ്ങനെ കണ്‍വിന്‍സ് ചെയ്യുമെന്നാണ് ഞാന്‍ ആലോചിക്കുന്നത്. അതിന് തക്ക കഥയുമായി ചെന്നാല്‍ മാത്രമേ സമ്മതിക്കുകയുള്ളൂ. ഇതിപ്പോള്‍ ഈ സിനിമ ഹിറ്റായി എന്ന് പറഞ്ഞപ്പോള്‍ നല്ല കാര്യം, സന്തോഷം എന്ന് മാത്രമേ അദ്ദേഹം പറഞ്ഞുള്ളൂ. ഇനി വരാന്‍ പോകുന്ന സിനിമകളിലേക്ക് അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്യുക എന്നത് വലിയൊരു ടാസ്‌കാണ്. അദ്ദേഹത്തെ ചുമ്മാ കൊണ്ട് വന്നു നിര്‍ത്തുക എന്നതിനോട് എനിക്ക് ഒരിക്കലും യോജിക്കാനാകില്ല. ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ അടുത്തേക്ക് കടന്നു ചെല്ലാനാകും, പക്ഷെ അതിന്റെ പേരില്‍ നമ്മള്‍ പറയുന്നത് ചെയ്യാമോ എന്ന് ചോദിക്കാന്‍ സാധിക്കില്ല,' ദുൽഖർ പറഞ്ഞു. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

അതേസമയം, ആഗോള ബോക്സ് ഓഫീസിൽ ചിത്രം 250 കോടി പിന്നിട്ടു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പുറത്തിറങ്ങി പത്തൊമ്പതാമത്തെ ദിവസമാണ് ചിത്രം 250 കോടി ക്ലബ്ബിലേക്ക് എത്തുന്നത്. ഈ നേട്ടത്തിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളം സിനിമയാണിത്. മോഹൻലാൽ ചിത്രമായ എമ്പുരാൻ ആണ് ഒന്നാം സ്ഥാനത്തുള്ള സിനിമ. 265 കോടിയാണ് എമ്പുരാന്റെ നേട്ടം. ഈ നേട്ടത്തോടെ ലോക മഞ്ഞുമ്മൽ ബോയ്‌സിന്റെ ആഗോള കളക്ഷനെ മറികടന്നു. 242.25 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സിന്റെ നേട്ടം. മോഹൻലാൽ ചിത്രമായ തുടരുമിനെ ലോക നേരത്തെ മറികടന്നിരുന്നു. 235 കോടിയാണ് തുടരുമിന്റെ ആഗോള കളക്ഷൻ. ഈ റെക്കോർഡിനെയാണ് ലോക മറികടന്നത്. ജൂഡ് ആന്തണി ജോസഫ് ചിത്രമായ 2018 നെയും ലോക മറികടന്നു. 174.25 കോടിയാണ് 2018 ന്റെ നേട്ടം.

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണ് "ലോക - ചാപ്റ്റർ വൺ: ചന്ദ്ര". മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

Dulquer says it will be difficult to convince Mammootty to act in upcoming parts of lokah

dot image
To advertise here,contact us
dot image