
ന്യൂഡൽഹി: അഞ്ച് വർഷം മുമ്പ് ഇന്ത്യയിൽ നിരോധിച്ച ചൈനീസ് ആപ്പ് ടിക് ടോക് തിരിച്ചുവരുന്നുവെന്ന് വിവരം. ചില ഉപയോക്താക്കൾക്ക് വെബ്സൈറ്റ് ലഭ്യമായിത്തുടങ്ങിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2020-ൽ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ ടിക് ടോക് നിരോധിച്ചത്.
എന്നിരുന്നാലും, ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ടിക് ടോക് ഇപ്പോഴും ലഭ്യമല്ല. അമേരിക്കയുമായുള്ള താരിഫ് സംഘർഷത്തിനു പിന്നാലെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്ന തരത്തിൽ ചർച്ചകൾ ഉയരുന്നുണ്ട്.
2020 ജൂണിലാണ് ടിക് ടോക് ഉൾപ്പെടെ 59 ആപ്ലിക്കേഷനുകൾ സർക്കാർ നിരോധിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഹാനികരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 69A പ്രകാരമായിരുന്നു നിരോധനം.
'ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും ഇന്ത്യയുടെ പ്രതിരോധത്തിനും ഹാനികരമായ പ്രവർത്തനങ്ങളിൽ ഈ ആപ്പുകൾ ഏർപ്പെട്ടിട്ടുണ്ട്' എന്നാണ് ഐടി മന്ത്രാലയം അന്ന് പ്രസ്താവനയിൽ പറഞ്ഞത്. അതേസമയം, ആപ്പിന്റെ തിരിച്ചുവരവിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റെയോ ടിക് ടോക് കമ്പനിയുടെയോ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ടിക് ടോകിന് യുഎസിലും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
Content Highlights: TikTok website back in India after 5 years