
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുംബൈയില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഗതാഗതം തടസ്സപ്പെട്ടും, നഗരത്തിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതും മൂലം ജനങ്ങള്‍ ദുരിതത്തിലാണ്. എന്നാല്‍ ഇതിനിടിയിലാണ് മുംബൈയുടെ ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നായ അമിതാഭ് ബച്ചന്റെ ബംഗ്ലാവായ 'പ്രതീക്ഷ'യിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വൈറല്‍ വീഡിയോയില്‍, പ്രതീക്ഷയ്ക്ക് പുറത്ത് കണങ്കാലോളം വെള്ളം കെട്ടിക്കിടക്കുന്നതായി കാണാം. സമീപത്ത് ആളുകള്‍ വെള്ളക്കെട്ടിലൂടെ നടന്നു പോകുന്നതും വീഡിയോയിലുണ്ട്. 'ഇവിടെ എത്ര വെള്ളം അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് നോക്കൂ… നിങ്ങളുടെ കൈവശം എത്ര പണമുണ്ടെങ്കിലും, ആയിരക്കണക്കിന് കോടി രൂപ മൂല്യമുള്ളവരാണെങ്കിലും, മുംബൈയിലെ മഴയില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ല.'വീഡിയോ എടുത്തയാള്‍ പറയുന്നു. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. നഗര ആസൂത്രണത്തിലെ പരാജയങ്ങളും, ഡ്രെയിനേജ് അടിസ്ഥാന സൗകര്യങ്ങളിലെ പാളിച്ചകളുമാണ് ഉയർന്ന പ്രദേശങ്ങളിൽ പോലും അപകടസാധ്യതയ്ക്ക് കാരണമായതെന്ന് നെറ്റിസൺസ് അഭിപ്രായപ്പെടുന്നു.
പ്രതീക്ഷയുടെ ചരിത്രം
ഒരു സിനിമ നടന്റെ വസതി എന്നതിനപ്പുറം പ്രതീക്ഷ ഒരു വലിയ സിനിമ ചരിത്രത്തിന്റെ പ്രതീകം കൂടിയാണ്. ഷോലെയുടെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിന് തൊട്ടുപിന്നാലെ 1976 ല്‍ വാങ്ങിയതാണ് ഈ വീട്. സിനിമയുടെ സാംസ്‌കാരിക സ്വാധീനം ആഘോഷിക്കുന്നതിനായി സംവിധായകന്‍ രമേശ് സിപ്പി ബച്ചന് സമ്മാനിച്ചതാണ് പ്രതീക്ഷ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാതാപിതാക്കളായ ഹരിവംശ് റായ് ബച്ചനും തേജി ബച്ചനും ഒപ്പം അമിതാഭ് താമസിച്ചതും ശ്വേത ബച്ചനും അഭിഷേക് ബച്ചനും ജനിച്ചതും ഈ വീട്ടിലായിരുന്നു.
ഹരിവംശ് റായ് ബച്ചനാണ് 'പ്രതീക്ഷ' എന്ന പേര് തിരഞ്ഞെടുത്തത്. ' സ്വഗത് സബ്‌കെ ലിയേ യഹാ പര്‍, നഹി കിസി കേ ലിയേ പ്രതീക്ഷ '-ആരും കാത്തുനില്‍ക്കാതെ എല്ലാവര്‍ക്കും തുറന്നിരിക്കുന്ന ഒരു വീട് എന്ന അദ്ദേഹത്തിന്റെ കവിതയില്‍ നിന്നുള്ള ഒരു വരിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വീടിന് പേരിട്ടത്.
2023 നവംബറില്‍, അമിതാഭ് ബച്ചനും ജയ ബച്ചനും തങ്ങളുടെ മകള്‍ ശ്വേത ബച്ചന്‍ നന്ദയ്ക്ക് പ്രതീക്ഷ ഔദ്യോഗികമായി സമ്മാനിച്ചു. 17,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ ബംഗ്ലാവിന് 50.63 കോടി രൂപ വിലമതിക്കുന്നു. കൂടാതെ മുംബൈയിലെ ഏറ്റവും കൂടുതല്‍ ഫോട്ടോകള്‍ എടുത്ത സെലിബ്രിറ്റി വസതികളില്‍ ഒന്നാണിത്. ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും വിവാഹം നടന്നതും ഇതേ വീട്ടില്‍ വെച്ചായിരുന്നു.
Content Highlights- Amitabh Bachchan's 50 crore bungalow submerged in Mumbai rains