'സ്വർണം കട്ടത് ആരപ്പാ, കോൺഗ്രസ് ആണേ അയ്യപ്പാ'; പാരഡിയുമായി ശിവൻകുട്ടി: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ഭരണപക്ഷം

പ്രതിപക്ഷത്തിന്റെ പ്രതിഷേധം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണന്ന് മന്ത്രി എംബി രാജേഷ്

'സ്വർണം കട്ടത് ആരപ്പാ, കോൺഗ്രസ് ആണേ അയ്യപ്പാ'; പാരഡിയുമായി ശിവൻകുട്ടി: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ഭരണപക്ഷം
dot image

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ രൂക്ഷവിമർശനവുമായി ഭരണപക്ഷം. മന്ത്രിമാരായ എം ബി രാജേഷ്, വി ശിവന്‍കുട്ടി, വിവിധ എംഎൽഎമാർ എന്നിവരാണ് പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തിയത്. എന്ത് അതിക്രമമാണ് പ്രതിപക്ഷം കാണിക്കുന്നതെന്നും കോടതിയിൽ തോറ്റാൽ നിയമസഭയിൽ എന്നതാണോ പ്രതിപക്ഷം ചെയ്യേണ്ടത് എന്ന് എം ബി രാജേഷ് ചോദിച്ചു. മഹാത്മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിന്റെ പേരിൽ മോദിയും പ്രിയങ്ക ഗാന്ധിയും ഒരുമിച്ച് ചായകുടിച്ച് ആഘോഷിച്ചവരാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

രൂക്ഷവിമർശനമാണ് പ്രതിപക്ഷത്തിനെതിരെ എം ബി രാജേഷ് ഉയർത്തിയത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണന്നും മന്ത്രി പറഞ്ഞു. വിഷയ ദാരിദ്ര്യം കാരണം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാൻ കഴിയുന്നില്ല. സ്പീക്കറുടെ മുഖം മറച്ചുകൊണ്ടുള്ള അതിക്രമം ജനങ്ങൾ കാണുന്നുണ്ട്. ഹൈക്കോടതിയിൽ നിന്നും രണ്ട് കവിളിലും പ്രതിപക്ഷത്തിന് മാറിമാറി പ്രഹരം ഏൽക്കുകയാണ്. ഏറ്റവും ഒടുവിൽ സ്പ്രിങ്ക്ളറിലാണ്. കോടതിയിൽ തോറ്റാൽ നിയമസഭയിലാണോ കാണിക്കേണ്ടത് എന്നും എംബി രാജേഷ് ചോദിച്ചു. എല്ലാ ആരോപണങ്ങളും പൊളിഞ്ഞതിന്റെ ജാള്യമാണ് പ്രതിപക്ഷം തീർക്കുന്നതെന്നും എം ബി രാജേഷ് ആഞ്ഞടിച്ചു. പ്രതിപക്ഷത്തിന്റേത് സമരാഭാസമെന്നും ഇവർ കവല ചട്ടമ്പിമാരാണോ എന്നും ഡി കെ മുരളി എംഎൽഎ ആഞ്ഞടിച്ചു.

മന്ത്രി വി ശിവൻകുട്ടിയും പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി രംഗത്തുവന്നു. എന്താണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും മാധ്യമങ്ങളിൽ ശ്രദ്ധ കിട്ടുന്നില്ല എന്നുള്ളതുകൊണ്ടാണ് സഭയിൽ അവർ പ്രതിഷേധിക്കുന്നത്. പ്രതിപക്ഷ നേതാവ് എംഎൽഎമാരെ വിളിച്ച് സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ക്ലാസ് എടുത്തുകൊടുത്തു. ഇതിൽ കൂടുതൽ എങ്ങനെയാണ് സഹിക്കുക എന്നും ശിവൻകുട്ടി ചോദിച്ചു. ഇതിനിടെ സ്വർണം കട്ടത് ആരപ്പാ, കോൺഗ്രസ് ആണേ അയ്യപ്പ, സംരക്ഷിക്കുന്നത് ആരപ്പാ, സോണിയ ഗാന്ധിയാണ് അയ്യപ്പാ എന്ന പാരഡി ഗാനവും ശിവൻകുട്ടി പാടി.എൽഡിഎഫ് കൺവീനറും എംഎൽഎയുമായ ടി പി രാമകൃഷ്ണനും രൂക്ഷവിമർശനവുമായി രംഗത്തെത്തി. കേരളത്തിൽ ഒരു വികസനവും അനുവദിക്കില്ല എന്ന നിലപാടാണ് പ്രതിപക്ഷത്തിന് എന്ന് ടി പി രാമകൃഷ്ണൻ കുറ്റപ്പെടുത്തി.

Content Highlights: Kerala ministers Sivankutty and Speaker MB Rajesh strongly opposed the protest staged by opposition members inside the Niyamasabha, accusing them of disrupting Assembly proceedings.

dot image
To advertise here,contact us
dot image