'ഉരുൾപൊട്ടിയില്ലെങ്കിൽ നാളെ കാണാം'..;നൂറോളം മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ ഷൈജയ്ക്ക് മറക്കാനാവില്ല ഉറ്റ സുഹൃത്തിനെ

മറ്റെല്ലായിടത്തും സഹായത്തിന് വലിയൊരു വിഭാഗം ഓടിയെത്തുമ്പോള്‍, ഒറ്റപ്പെട്ടുപോകാന്‍ സാധ്യതയുള്ള ഒരിടം മോര്‍ച്ചറിയാകുമെന്ന് ഷൈജയ്ക്ക് അറിയാമായിരുന്നു

dot image

'ഉരുള്‍പ്പൊട്ടിയില്ലെങ്കില്‍ നാളെ കാണാമെന്ന് പറഞ്ഞവള്‍ ഫോണ്‍ വച്ചു'.. ചൂരല്‍മല ദുരന്തത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഉറ്റ സുഹൃത്ത് ഷൈജയോട് പറഞ്ഞ വാക്കുകളാണ്.. മറക്കാന്‍ പറ്റില്ല തനിക്കതെന്ന് ഷൈജ പറയുമ്പോള്‍.. ഓര്‍മകള്‍ ഒരാണ്ട് പിന്നോട്ടുപോയി. രാത്രി പന്ത്രണ്ടരയോളം സംസാരിച്ചിരുന്നവരെയാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നഷ്ടമായത്.

ഒരു ഗ്രാമം മണ്ണിനടിയിലായി.. ഉറ്റവരെ തിരിച്ചറിയാന്‍ പോലും കഴിയാതെ തളര്‍ന്നവര്‍.. മറ്റെല്ലായിടത്തും സഹായത്തിന് വലിയൊരു വിഭാഗം ഓടിയെത്തുമ്പോള്‍, ഒറ്റപ്പെട്ടുപോകാന്‍ സാധ്യതയുള്ള ഒരിടം മോര്‍ച്ചറിയാകുമെന്ന് ഷൈജയ്ക്ക് അറിയാമായിരുന്നു. 2015- 2020 കാലഘട്ടത്തില്‍ വാര്‍ഡ് മെമ്പറായിരുന്ന ഷൈജയ്ക്ക് തന്റെ നാട്ടിലെ ഓരോരുത്തരെയും അടുത്തറിയാം.. 2019ല്‍ ഇവിടെ ഒരു ഉരുള്‍പൊട്ടലുണ്ടായപ്പോള്‍, അതിന് മുമ്പ് തന്നെ എല്ലാവരെയും മാറ്റിപാര്‍പ്പിക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഷൈജയ്ക്ക് സാധിച്ചിരുന്നു. ഈ അനുഭസമ്പത്താണ് പ്രിയപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കാനുള്ള ഊര്‍ജ്ജം ഷൈജയ്ക്ക് നല്‍കിയത്.

കളിച്ച് വളര്‍ന്ന് പഠിച്ച് വിവാഹം കഴിച്ച് ജീവിച്ചിടമാണ് ദുരന്തത്തെ നേരിട്ടതെന്ന് ഷൈജ പറയുമ്പോള്‍, തന്റെ സ്വപ്‌നഗൃഹം നോസോണ്‍ മേഖലയിലായിപ്പോയ ദുഃഖവും അവര്‍ പങ്കുവയ്ക്കുന്നു. കടബാധ്യതമൂലം ഷൈജയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു, അന്ന് ഷൈജയ്ക്കും മക്കള്‍ക്കും താങ്ങായത് നാട്ടുകാരാണ്. അവരെ എങ്ങനെയാണ് ഷൈജ മറക്കുക. ദുരന്തത്തില്‍ തിന്നിച്ചിതറിയ നൂറിലധികം മൃതദേഹങ്ങളാണ് ഷൈജ തിരിച്ചറിഞ്ഞത്. തന്നെ മുന്നില്‍ ജീവിച്ചവരെ തിരിച്ചറിയാന്‍ അവരുടെ മുടിയോ, നഖമോ, എന്തിന് കൈവിരലിലെ നെയില്‍പോളിഷോ മതിയായിരുന്നു ഷൈജയ്ക്ക്.

എഡിഎസായും സിഡിഎസായും ചൂരല്‍മലക്കാര്‍ക്കൊപ്പമുണ്ടായിരുന്ന ഷൈജ, 2009ല്‍ ആശാവര്‍ക്കറായി. പിന്നീടാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വാര്‍ഡ് മെമ്പറും വൈസ് പ്രസിഡന്റുമാകുന്നത്. 2019ലെ ഉരുള്‍പ്പൊട്ടലിന് പിന്നാലെ മേപ്പാടിയിലേക്ക് താമസം മാറ്റി. 2024 ജൂലായ് 30ന് പുലര്‍ച്ചെയാണ് ഷൈജയുടെ ഫോണിലേക്ക് ഒരു കോള്‍ വരുന്നത്. പിന്നെ ഒന്നും ചിന്തിക്കാതെ ദുരന്തമുഖത്തേക്ക് എത്തി.

മനസ് കല്ലാക്കി, ഓരോ ശരീരവും തിരിച്ചറിഞ്ഞു, മനസിലാക്കാന്‍ കഴിയാത്ത തരത്തില്‍ എത്തുന്ന ശരീരങ്ങള്‍ തങ്ങളുടെ ഉറ്റവരുടെതാണോ എന്ന് തിരിച്ചറിയാന്‍ വേദന നിറഞ്ഞ കണ്ണുകളുമായി കാത്തുനില്‍ക്കുന്നവരുടെ മുഖം ഇന്ന് ഷൈജയുടെ മനസില്‍ നിന്നും മാഞ്ഞ് പോയിട്ടില്ല. ഒന്നും രണ്ടുമല്ല പതിനൊന്ന് ദിവസമാണ്.. താന്‍ എന്നും കണ്ടിരുന്നവരെ അവര്‍ തിരിച്ചറിഞ്ഞത്.

സ്വന്തം കുടുംബത്തിലെ ഒമ്പത് പേരെ ഉരുളെടുത്തിട്ടും തളരാതെ മനസോടെയാണ് നാട്ടുകാര്‍ക്ക് ആശ്വാസമായി ഷൈജ അവര്‍ക്കൊപ്പം നിന്നത്. കണ്ണയ്ക്കുമ്പോള്‍ തെളിഞ്ഞുവരുന്ന മുഖങ്ങള്‍, കരച്ചിലുകള്‍ ഇവയെല്ലാം ഇന്നും ഓര്‍മകളില്‍ തളംകെട്ടി നില്‍ക്കുന്നു. ഒരു മൃതദേഹവും അനാഥമാവരുതെന്നത് മാത്രമായിരുന്നു മനസില്‍…

അന്നുമുതല് ഇന്നുവരെ ഷൈജയുടെ കാതുകളില് ആ ശബ്ദം മുഴങ്ങുന്നുണ്ട്. രാത്രി ഉരുള്‍പൊട്ടലുണ്ടായില്ലെങ്കില്‍ നാളെ കാണാമെന്ന് പറഞ്ഞ് ഫോണ്‍വച്ച സുഹൃത്തിന്റെ ശബ്ദം..

Content Highlights: Shaija, the woman who iodentifies dead corpse during Chooralmala landslide shares memories

dot image
To advertise here,contact us
dot image