'എന്റെ പാര്‍ട്ടിയാണ് എന്റെ രക്തം, പ്രസ്ഥാനത്തെ സമ്മർദ്ദത്തിലാക്കില്ലെന്നത് എന്റെ വാക്കാണ്': വിജയ് ഇന്ദുചൂഢൻ

തന്റെ അച്ഛന്റെ പേര് ആര്‍ ഇന്ദുചൂഢന്‍ എന്നാണെന്നും അച്ഛന്‍ തലയും നട്ടെല്ലും പൊട്ടി രക്തം ചിന്തി മരിച്ചത് ഈ പാര്‍ട്ടിയില്‍ നിന്നപ്പോഴാണെന്നും വിജയ് പറഞ്ഞു

'എന്റെ പാര്‍ട്ടിയാണ് എന്റെ രക്തം, പ്രസ്ഥാനത്തെ സമ്മർദ്ദത്തിലാക്കില്ലെന്നത് എന്റെ വാക്കാണ്': വിജയ് ഇന്ദുചൂഢൻ
dot image

പത്തനംതിട്ട: താന്‍ കോണ്‍ഗ്രസ് വിടുകയാണെന്ന തരത്തിലുളള അഭ്യൂഹങ്ങളോട് പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഢന്‍. കോണ്‍ഗ്രസ് പ്രസ്ഥാനത്തെ താന്‍ ഒരിക്കലും സമ്മര്‍ദ്ദത്തിലാക്കില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയാണ് തന്റെ രക്തമെന്നും വിജയ് ഇന്ദുചൂഢന്‍ പറഞ്ഞു. തന്റെ അച്ഛന്റെ പേര് ആര്‍ ഇന്ദുചൂഢന്‍ എന്നാണെന്നും അച്ഛന്‍ തലയും നട്ടെല്ലും പൊട്ടി രക്തം ചിന്തി മരിച്ചത് ഈ പാര്‍ട്ടിയില്‍ നിന്നപ്പോഴാണെന്നും വിജയ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തിയത്.

'രണ്ട് ദിവസമായി വന്ന ഫോണ്‍ കോളുകളില്‍ ഭൂരിഭാഗവും ഞാന്‍ പാര്‍ട്ടി മാറുകയാണോ എന്ന കളിയാക്കലുകളും വൈകാരികമായ ചോദ്യങ്ങളും ചര്‍ച്ചകളുമാണ്. എന്റെ അച്ഛന്റെ പേര് ആര്‍ ഇന്ദുചൂഢന്‍ എന്നാണ്. തലയും നട്ടെല്ലും രക്തവും പൊട്ടി രക്തം ചീന്തി മരിച്ചത് ഈ പാര്‍ട്ടിയില്‍ നിന്നപ്പോഴാണെങ്കില്‍… ഈ പാര്‍ട്ടിയാണ് എന്റെ രക്തം. ഒരു മറുചിന്ത കൊണ്ടോ പ്രകടനങ്ങള്‍ കൊണ്ടോ ഈ പ്രസ്ഥാനത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഞാനുണ്ടാകില്ല. എന്റെ വാക്കാണത്': വിജയ് ഇന്ദുചൂഢന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നീ നേതാക്കളെയും യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിനെയും ടാഗ് ചെയ്താണ് വിജയ് ഇന്ദുചൂഢന്റെ പോസ്റ്റ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുള മണ്ഡലത്തിലേക്ക് വിജയ് ഇന്ദുചൂഢന്‍ സാധ്യതാ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. ഇന്ന് പ്രഖ്യാപിച്ച പട്ടികയില്‍ ആറന്മുള മണ്ഡലം ഇല്ലായിരുന്നു. നാളെ പ്രഖ്യാപിക്കുമ്പോള്‍ വിജയ് സ്ഥാനാര്‍ത്ഥിയാകുമോ എന്നതിലും വ്യക്തതയില്ല. അതിനിടെയാണ് പാര്‍ട്ടിയില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്ന് വ്യക്തമാക്കിയുളള വിജയ് ഇന്ദുചൂഢന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Content Highlights: 'My party is my blood, my word is that I will not put pressure on congress': Vijay Induchoodan

dot image
To advertise here,contact us
dot image