
ഒരു ജീവിതകാലം മുഴുവനും മനസിന്റെ ഒരു കോണില്‍ വയനാട് ജില്ലയിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ദുരന്തത്തെ മലയാളി ഓര്‍ത്ത് വയ്ക്കും. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവര്‍, കണ്‍മുന്നില്‍ പ്രിയപ്പെട്ടവര്‍ മരണത്തിലേക്ക് പോവുന്നത് കാണേണ്ടി വന്നവര്‍. ഒരായുഷ്‌കാലം മുഴുവന്‍ ചേര്‍ത്തുവെച്ചതെല്ലാം മണ്ണായി തീര്‍ന്നത് കണ്‍മുന്നില്‍ നിന്നും മായാത്തവര്‍… മണിക്കൂറുകള്‍ക്കിടയില്‍ ഒരു നാടിന്റെ ഹൃദയത്തെ കീറിമുറിച്ച് ചാലിയാര്‍ കടന്നുപോയി. വര്‍ഷങ്ങളായി കാണുന്ന മലയാണ് പുഴയാണ്… ഇതുവരെയും ചേര്‍ത്തുനിര്‍ത്തിയ ഇടമാണ്. പക്ഷേ തണലായി നിന്നിടം ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോള്‍ ചെളി നിറഞ്ഞ കല്ലും പാറയും ചിന്നിച്ചിതറിയ ശ്മശാനം പോലെയാകുമെന്ന് സ്വപ്‌നത്തില്‍ പോലും ആരും വിചാരിച്ചിട്ടുണ്ടാവില്ല…
രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. ആദ്യത്തേത്ത് സംഭവിച്ചതിന് പിന്നാലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റ് നിര്‍ദേശങ്ങള്‍ നല്‍കിയവരുണ്ട്. പാതിരാത്രിയില്‍ ഉറക്കം മറന്ന് ഭയം മാറ്റി നിര്‍ത്തി സഹജീവികളോടുള്ള കടമ നിര്‍വഹിക്കാന്‍ ജീവന്‍ പണയം വച്ചും പ്രകൃതിയുടെ സംഹാരരൂപത്തിനെതിരെ പ്രതിരോധം തീര്‍ത്തവരുണ്ട്. തന്റെ കുടുംബം മാത്രം സുരക്ഷിതമായാല്‍ പോരെന്ന് ഓര്‍ത്ത് മറ്റുള്ളവരെ സഹായിക്കാന്‍ ഭക്ഷണവും വെള്ളവുമില്ലാതെ ഉറങ്ങാതെ ഇറങ്ങി തിരിച്ചവരുണ്ട്.
മുണ്ടക്കൈയിലെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായ പിപി റഷീദിന്റെ ഓര്‍മകളില്‍ മിന്നിമായുന്നത് തിരിച്ചറിയാനും അതിന് കഴിയാതെയും പോയ സ്വന്തം പ്രദേശവാസികളുടെ മുഖങ്ങളാണ്. അന്ന് വൈകുന്നേരം റഷീദിന്റെ അയല്‍വാസി അവരുടെ വീട്ടില്‍ ഒരു നാടന്‍ വിഭവമൊരുക്കി, നാട്ടിന്‍പുറങ്ങളുടെ നന്മയിലൊന്നാണല്ലോ നമ്മുടെ വീട്ടിലുണ്ടാക്കുന്നതും അയല്‍ക്കാരുമായി പങ്കുവയ്ക്കുക എന്നത്. അവരും റഷീദിന്റെ വീട്ടിലേക്ക് ഭക്ഷണം മാറ്റിവച്ചു, നിര്‍ബന്ധിച്ച് തന്നെ എല്ലാവരോടും കഴിക്കാനും പറഞ്ഞു.. അന്ന് രാത്രി മനഃസമാധാനത്തോടെ ഒന്നുറങ്ങാന്‍ റഷീദിന് കഴിഞ്ഞിരുന്നില്ല, ആദ്യമുണ്ടായ ഉരുള്‍പ്പൊട്ടലിന്റെ ചിന്തകളും മറ്റും മനസിനെ അലട്ടുന്നതിനിടയിലാണ് വന്‍ ശബ്ദത്തില്‍ എന്തോ ഒന്ന് ചെവിയില്‍ തറഞ്ഞത്, അപകടം മണത്തപ്പോള്‍ തന്നെ കുടുംബത്തെ സുരക്ഷിതമായ ഇടത്തിലേക്ക് മാറ്റാന്‍ നോക്കി,
രക്ഷിക്കാനായി തുനിഞ്ഞിറങ്ങുമ്പോള്‍ കണ്‍മുന്നില്‍ കാണുന്നത് ഭക്ഷണവും സൗഹൃദവും പങ്കുവച്ചവര്‍ മലവെള്ളപ്പാച്ചില്‍ ഒലിച്ച് പോകുന്നതാണ്. ഒരുകൈപിടിച്ച് സഹായിക്കാന്‍ പോലുമാവാത്ത രൗദ്രതയില്‍ വെള്ളത്തിന്റെ എല്ലാശക്തിയും പേറി ആരൊക്കെയോ മുന്നിലൂടെ കടന്നുപോയി. മണ്ണിന്റെ രൂക്ഷമായ ഗന്ധവും ചീറിപ്പായുന്ന ചാലിയാറുമൊന്നും റഷീദിന്റെ മനസില്‍ നിന്നും മാഞ്ഞിട്ടില്ല.. കേള്‍വിക്കാര്‍ക്കും പോലും മനസുതളര്‍ത്തുന്ന നിമിഷങ്ങളിലൂടെ സ്വന്തം ജീവന് ഭീഷണിയുണ്ടാകാനുള്ള എല്ലാ സാധ്യകളിലൂടെ കടന്നുപോവുമ്പോഴും റഷീദും ഒപ്പമുണ്ടായിരുന്ന ഷോബിനും ഒരാളെയെങ്കിലും രക്ഷപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് വെളിച്ചമില്ലാത്ത കുറ്റാകൂരിരിട്ടിലൂടെ നടന്നുകൊണ്ടേയിരുന്നു.
മണ്ണില്‍ കുടുങ്ങിയ ഒരു സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മലവെള്ളപ്പാച്ചിലില്‍ ഓടിമറയാനെ നിസഹായരായ അവര്‍ക്ക് കഴിഞ്ഞുള്ളു. പിറ്റേന്ന് അവിടെയെത്തുമ്പോള്‍ ഒന്നും ശേഷിച്ചിരുന്നില്ല… ചെളിയും വെള്ളവും മാത്രം.. മരിച്ചവരെ തിരിച്ചറിയുമ്പോള്‍, പലരും വിവസ്ത്രരായ നിലയിലായിരുന്നു.. പരിക്കേറ്റവരെ കണ്ടാല്‍ മനസിലാകാത്ത സ്ഥിതി, മുഖവും രൂപവുമെല്ലാം മാറിയിരിക്കുന്നു.. മുഴുവന്‍ ചെളിയില്‍ നിറഞ്ഞിരിക്കുന്നു. രാത്രി ഒരുപോള കണ്ണടയ്ക്കാതെ എവിടയെങ്കിലും ജീവന്റെ ഒരുമിടിപ്പ് കണ്ടെത്താന്‍ കഴിയുമോയെന്ന പ്രതീക്ഷയുടെ പരക്കംപാച്ചിലില്‍ ഭക്ഷണം കഴിക്കാതെ വെള്ളം പോലും കുടിക്കാതെ, ഒടുവില്‍ ക്ഷീണിച്ച് വശംകെട്ടപ്പോള്‍ കുടിക്കേണ്ടി വന്നത് ചെളിവെള്ളമാണെന്ന് റഷീദ് ഇടറിയ സ്വരത്തില്‍ പറയുന്നു. പ്രിയപ്പെട്ടവരെ ഇല്ലാതാക്കിയ മലവെള്ളപ്പാച്ചില്‍ അവരുടെ കണ്ണുനീരും രക്തവുമെല്ലാം കലര്‍ന്ന വെള്ളമാകാം അതെന്ന് അറിയാമെങ്കിലും മനുഷ്യന്‍ ഏറ്റവും നിസഹായനാകുന്ന സാഹചര്യം.
ആദ്യം ഉരുള്‍പ്പൊട്ടിയ സമയം മറ്റു പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യത ഉണ്ടോ എന്നറിയാന്‍ റഷീദും സുഹൃത്തുക്കളും ശ്രമിച്ചിരുന്നു. എന്നാല്‍ കോട കാരണം ഒന്നും കൃത്യമായി കാണാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. പക്ഷേ ഉള്ളിലൊരു ഭയം തളംകെട്ടിനിന്നിരുന്നു. ജനച്ചുവളര്‍ന്നയിടത്ത് ഇതുവരെയും കാണാത്ത രീതിയിലുള്ള മഴയും കാറ്റും ഉള്ളിലെ ഭയം വര്‍ധിപ്പിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ഒരു രാത്രി പിന്നിടുമ്പോള്‍ എല്ലാം തകര്‍ന്ന നിലയിലൊരു പ്രദേശത്തെ കാണേണ്ടി വന്ന സാഹചര്യം അത്രയധികം ഭയാനകമായിരുന്നെന്ന് അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും തറച്ചുനില്‍പ്പുണ്ടിപ്പോഴും. നടുക്കുന്ന ഓര്‍മകളിലൂടെ മനസിനും കടന്നുപോകുമ്പോഴും തലേദിവസം തനിക്കൊപ്പം നിന്നിരുന്ന സുഹൃത്തുക്കളും പാഞ്ഞുവന്ന വെള്ളത്തില്‍പ്പെട്ട് മരിച്ചുപോയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ പ്രയാസപ്പെടുന്നുണ്ട്.
എന്തോ ശബ്ദം കേട്ട് ഭാര്യ രസിത എഴുന്നേറ്റതാണ് ചൂരല്‍മല സ്വദേശിയായ വേണുഗോപാലിന്റെയും കുടുംബത്തിന്റെയും ജീവന്‍ രക്ഷിച്ചത്. രണ്ട് പെണ്‍മക്കളും ഭാര്യയും സഹോദരനും സഹോദരഭാര്യയുമെല്ലാം രക്ഷപ്പെട്ടത് വീടിന്റെ ശേഷിച്ച ഒരു ഭാഗത്തേക്ക് ഒരുമിച്ചെത്താന്‍ കഴിഞ്ഞതുകൊണ്ടാണെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു. മക്കളായ അനന്യയും അനഘയും ഇന്നും ട്രോമയില്‍ നിന്നും മുക്തരായിട്ടില്ല.. ഒരു മഴയോ കാറ്റോ വന്നാല്‍ ഭയമാണ്. പുതിയ ടൗണ്‍ഷിപ്പിലാണ് പ്രതീക്ഷ മുഴുവന്‍ അപ്പോഴും വീട് മുഴുവനായി നഷ്ടപ്പെട്ടവര്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്നൊരാവശ്യം അദ്ദേഹം ഉന്നയിക്കുന്നുണ്ട്. കൃഷിയും വീടുമെല്ലാം നഷ്ടപ്പെട്ട സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടിയ ഇടങ്ങളൊക്കെ നോ ഗോ സോണായി പ്രഖ്യാപിക്കപ്പെട്ട നിസാഹരായ കുറേ മനുഷ്യര്‍, കടന്നപോയ ഭീകരനിമിഷങ്ങള്‍ക്ക് ഒരാണ്ടിന്റെ ഭീമമായ ഭാരമാണുള്ളത്.. അതിറക്കി വയ്ക്കാന്‍ അവര്‍ക്ക് താങ്ങാവാന്‍ അധികൃതര്‍ക്കാവട്ടെ…
Content Highlights: wayanad chooralmala mundakai disaster memories shared by native rasheed