
900 വര്‍ഷം പഴക്കമുള്ള പ്രീഹ് വിഹാര്‍ എന്ന ക്ഷേത്രം. ഭഗവാന്‍ ശിവനാണ് പ്രധാന പ്രതിഷ്ഠ. കമ്പോഡിയയുടെ ഡാന്‍ഗ്രേക്ക് മലഞ്ചെരിവുകളില്‍ 525 മീറ്ററില്‍ സ്ഥിതി ചെയ്യുന്ന മഹാക്ഷേത്രം. ഖെമര്‍ ഭരണകാലത്ത് നിര്‍മിച്ച ഈ ക്ഷേത്രം കമ്പോഡിയക്കാരുടെ മാത്രമല്ല, അയല്‍ക്കാരായ തായ്‌ലന്റുകാര്‍ക്കും പ്രധാനപ്പെട്ട മതപരമായ ഇടമാണ്. ഇവിടെ നിന്നും ഏകദേശം 95 കിലോമീറ്റര്‍ അകലെയാണ് പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ശിവ ക്ഷേത്രമായ താ മുഎന്‍ തോം ക്ഷേത്രം. ബുദ്ധക്ഷേത്രമായ അങ്കോര്‍ വാട്ടിന്റെ ജനപ്രീതി ഈ രണ്ടു ക്ഷേത്രങ്ങളുടെയും പ്രശസ്തിക്ക് മങ്ങല്‍ വീഴ്ത്തിയെങ്കിലും ഈ ക്ഷേത്രങ്ങളുടെ പേരില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കനത്തുവന്നു. അത് അരനൂറ്റാണ്ടിലേറെയായി തുടരുകയാണ്.
പോയവര്‍ഷം അതിര്‍ത്തിയിലെ 'ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജില്‍' ഇരുരാജ്യങ്ങളും ചെക്ക്‌പോയ്ന്റുകള്‍ തുറന്നിരുന്നു. ഇതിനിടെയാണ് ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തായ്‌ലന്റ് കമ്പോഡിയ അതിര്‍ത്തിയില്‍ സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സംഘര്‍ഷമായി അത് മാറിയിരിക്കുകയാണ്. ഇതുവരെ പതിനഞ്ച് പേര്‍ കൊല്ലപ്പെട്ടുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേര്‍ പലായനം ചെയ്തു. തായ്‌ലന്റിന്റെ സുരിന്‍ പ്രവിശ്യയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണം രൂക്ഷമായ നിലയിലേക്ക് പോയ്‌കൊണ്ടിരിക്കുകയാണ്. താ മുഎന്‍ തോം ക്ഷേത്രത്തിന് സമീപമാണ് ഈ ആക്രമണം നടന്നിരിക്കുന്നത്. കമ്പോഡിയന്‍ സേന തായ് സൈനിക കേന്ദ്രങ്ങളെ നിരീക്ഷിക്കാന്‍ ഡ്രോണുകളെ വിന്യസിച്ചതോടെയാണ് സംഘര്‍ഷം കനത്തതെന്ന് തായ് വൃത്തങ്ങള്‍ പറയുന്നു. സംഘര്‍ഷത്തിന്റെ തീവ്രത കുറയ്ക്കാനുള്ള തായ് സേനയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നും വീണ്ടും കനത്ത ആക്രമണങ്ങള്‍ പരസ്പരം നടന്നുവെന്നുമാണ് തായ് അധികൃതരുടെ വിശദീകരണം. കമ്പോഡിയയുടെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നാണ് തായ് സേനയ്ക്ക് പ്രതികരിക്കേണ്ടിവന്നതെന്ന് അവര്‍ ന്യായീകരിക്കുമ്പോള്‍, തായ് സേന കമ്പോഡിയയുടെ പരമാധികാരത്തെ ലംഘിച്ചുവെന്നാണ് മറുപക്ഷത്തിന്റെ വാദം.
ഫ്രഞ്ച് കോളനിയായിരുന്നപ്പോഴാണ് കമ്പോഡിയയുടെ അതിര്‍ത്തി നിര്‍ണയം നടന്നത്. എണ്ണൂറു കിലോമീറ്ററോള(അഞ്ഞൂറ് മൈല്‍)മാണ് ഇരുരാജ്യങ്ങളും കര അതിര്‍ത്തി പങ്കിടുന്നത്. 1907ല്‍ ഫ്രഞ്ച് കൊളോണിയല്‍ ഭരണത്തിനിടയിലുള്ള ഭൂപടത്തിന്റെ അടിസ്ഥാനത്തിലാണ് വാദപ്രതിവാദങ്ങള്‍ നടക്കുന്നത്. പ്രീഹ് വിഹാര്‍ ക്ഷേത്രം തങ്ങളുടെതാണെന്ന് കമ്പോഡിയ വാദിക്കുന്നത് ഈ ഭൂപടം മുന്‍നിര്‍ത്തിയാണ്. എന്നാല്‍ ഈ ഭൂപടം തെറ്റാണെന്നാണ് തായ്‌ലന്റിന്റെ വാദം. 1962ല്‍ കമ്പോഡിയ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. ഇതോടെ അതിര്‍ത്തി തര്‍ക്കത്തില്‍ കമ്പോഡിയയ്ക്ക് അനുകൂലമായ വിധിയാണ് ഉണ്ടായത്. തായ്‌ലന്റ് മൂമ്പ് ഈ ഭൂപടത്തെ അംഗീകരിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. 1962ന് ശേഷം വീണ്ടും 2011ല്‍ കമ്പോഡിയ അന്താരാഷ്ട്ര നീതിന്യായ കോടതിയെ വീണ്ടും സമീപിച്ചു. അതിനിടയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അതിരൂക്ഷമായ സംഘര്‍ഷമുണ്ടാവുകയും ഇരുപതോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2013 കോടതി വീണ്ടും കമ്പോഡിയയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഇത് വീണ്ടും തായ്‌ലന്റിനെ വീണ്ടും അസ്വസ്ഥമാക്കി.
ഇക്കഴിഞ്ഞ മേയ് മാസത്തില്‍ ഇരുരാജ്യങ്ങളും അവകാശമുന്നയിക്കുന്ന എമറാള്‍ഡ് ട്രയാംഗിളില്‍ തായ് സൈന്യത്തിന്റെ ആക്രമണത്തില്‍ ഒരു കമ്പോഡിയന്‍ സൈനികന്‍ കൊല്ലപ്പെട്ടതോടെയാണ് ഒരു വര്‍ഷത്തിന് ശേഷം വീണ്ടും സംഘര്‍ഷങ്ങള്‍ ആരംഭിക്കാന്‍ കാരണം. ഈ സംഘര്‍ഷം വ്യാഴാഴ്ച ഷെല്ലാക്രമണത്തിലും വ്യോമാക്രമണത്തിലുമാണ് കലാശിച്ചത്. ആശുപത്രികള്‍ക്കും ജനവാസ മേഖലകള്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ ഇരുഭാഗത്തും നഷ്ടങ്ങളുണ്ടായിട്ടുണ്ട്.
നിലവില്‍ തായ്‌ലന്റില്‍ സ്ഥിതി ചെയ്യുന്ന താ മുഎന്‍ തോം ക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് സംഘര്‍ഷം നടക്കുന്നത്. കമ്പോഡിയ ഫ്രാന്‍സിന്റെ നിയന്ത്രണത്തിലായിരുന്നപ്പോള്‍, ഫ്രഞ്ച് ഭരണകൂടം 1904 മുതല്‍ 1907 വരെ തായ്‌ലന്റുമായി പല കരാറുകളില്‍ ഒപ്പുവച്ചിരുന്നു. ഇതില്‍ അതിര്‍ത്തി നിര്‍ണയ കരാറുകളുമുണ്ട്. നീര്‍ത്തടങ്ങള്‍ അതിര്‍ത്തികളാക്കിയാണ് ഫ്രഞ്ച് സര്‍വേയര്‍മാര്‍ ഭൂപടങ്ങള്‍ ക്രമീകരിച്ചിരുന്നത്. എന്നാല്‍ സാംസ്‌കാരികമായി പ്രാധാന്യമുള്ള പ്രീഹ് വിഹാര്‍ പോലെയുള്ള ഇടങ്ങളില്‍ ഈ രീതിയല്ല പിന്തുടര്‍ന്നത്. ഇത്തരത്തിലുണ്ടായ തെറ്റിദ്ധാരണയുടെ പുറത്താണ് 1907ലെ ഭൂപടത്തെ ആദ്യം തായ്‌ലന്റ് അംഗീകരിക്കാന്‍ തയ്യാറായത്. പിന്നീടാണ് മാറ്റങ്ങള്‍ സംഭവിച്ചെന്ന് മനസിലാക്കി എതിര്‍പ്പുമായി രംഗത്തെത്തിയത്. ഇതോടെ ക്ഷേത്രത്തിനും ചുറ്റുമുള്ള പ്രദേശങ്ങള്‍ക്കുമായുള്ള സംഘര്‍ഷങ്ങള്‍ ഉടലെടുത്തു.. അത് പല തരത്തില്‍ ഇപ്പോഴും തുടരുന്നു.
Content Highlights: What is the reason behind Thailand Cambodia conflict?