
ഒരു മിനിറ്റില്‍ എഴുന്നൂറു ബുള്ളറ്റുകള്‍ ചീറിപ്പായുന്ന ഷേര്‍, എകെ - 203 ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായതിന്റെ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ അഗ്നി 5ന്റെ പരിഷ്‌കരിച്ച പതിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്ത് വരികയാണ്. അതേസമയം തന്നെ എംഐആര്‍വി(ഒരു മിസൈല്‍ ഉപയോഗിച്ച് ഒന്നിലധികം ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ കഴിയുന്ന) സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മിസൈലുകളെ നേരിടാനുള്ള പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിന്റെ പണിപ്പുരയിലാണ് ഡിആര്‍ഡിഒ. ഇത്തരം മിസൈലുകള്‍ ഭാവിയില്‍ ഭീഷണിയാവാതിരിക്കാന്‍, മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെന്റഡന്റ്‌ലി ടാര്‍ജറ്റബിള്‍ റിഎന്‍ട്രി വെഹിക്കിള്‍ അഥവാ എംഐആര്‍വിയുടെ പരിഷ്‌കരിച്ച രൂപമാണ് വികസിപ്പിക്കുന്നത്. ഒന്നിലധികം പോര്‍മുനകളുള്ള മിസൈലുകളെ സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ കഴിവുള്ള ഒന്നിലധികം കില്‍വെഹിക്കിളുകള്‍ ഉള്‍ക്കൊള്ളുന്ന മിസൈല്‍ ഉപയോഗിച്ച് നേരിടാനാണ് പദ്ധതി.
ശത്രു വ്യോമാതിര്‍ത്തി ലംഘിച്ചാല്‍ ഒന്നിലധികം കില്‍വെഹിക്കിളുകളുള്ള ഈ പ്രതിരോധ സംവിധാനം അലേര്‍ട്ടാവും. ഉടനടി ശത്രുമിസൈലുകളെ നേരിടും. കരയില്‍ നിന്നും ആകാശത്തേക്ക് വിക്ഷേപിക്കുന്ന തരത്തിലുള്ള മിസൈല്‍ ഇന്റര്‍സെപ്റ്ററിനുള്ളില്‍ ഒന്നിലധികം കില്‍വെഹിക്കിളുകളുണ്ടാകും. ഇതിന്റെ പണിപുരയിലാണ് ഡിആര്‍ഡിഒ. പദ്ധതി വിജയമായാല്‍ ബാലിസ്റ്റിക്ക് മിസൈല്‍ പ്രതിരോധത്തില്‍ വമ്പന്‍ ശക്തിയായി ഇന്ത്യ മാറും.
അതേസമയം അഗ്നി 5ന്റെ ബങ്കര്‍ ബസ്റ്ററിനെ കുറിച്ചുള്ള ആവലാതിയുമായി പാകിസ്താന്‍ രംഗത്തെത്തിയിട്ടുണ്ട്. അഗ്നി 5 ബാലിസ്റ്റിക്ക് മിസൈലിന്റെ ബങ്കര്‍ ബസ്റ്റര്‍ പതിപ്പാണ് ഇനി ഇന്ത്യന്‍ സേനയുടെ കരുത്താവുന്നത്. ഈ നവീകരിച്ച പതിപ്പിന് 7500 കിലോ ഭാരമുള്ള ബങ്കര്‍ ബസ്റ്റര്‍ പോര്‍മുന വഹിക്കാനുള്ള ശേഷിയുണ്ട്. ബങ്കര്‍ ബസ്റ്ററിന്റെ പ്രധാന പ്രത്യേകതകള്‍ ഇവയ്ക്ക് ശക്തിയേറിയ കോണ്‍ക്രീറ്റ് പാളികള്‍ക്കിടയിലൂടെ ശത്രുകേന്ദ്രങ്ങളെ ലക്ഷ്യമിടാന്‍ സാധിക്കുമെന്നതാണ്. എണ്‍പത് മുതല്‍ നൂറു മീറ്റര്‍ വരെ ഭൂമിക്കടിയിലേക്ക് തുളച്ചുകയറാനും കഴിവുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ 22ന് യുഎസ് ഇറാനില്‍ നടത്തിയ ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമറില്‍ ബി 2 ബോംബര്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. വെറും ഒന്നര മണിക്കൂറിലാണ് ബി 2 ബോംബര്‍ ആക്രമണം നടത്തി മടങ്ങിയത്. ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ പ്രയാഗിക്കാന്‍ യുഎസ് വിമാനങ്ങളെ ആശ്രയിക്കുമ്പോള്‍ ഹൈപ്പര്‍ സോണിക്ക് മിസൈലുകളാണ് ഇന്ത്യ വികസപ്പിക്കുന്നത്. രണ്ട് വേരിയന്റുകളാണ് ഇന്ത്യ വികസിപ്പിക്കുന്നത്. ഭൂമിക്ക് മുകളിലേയും ഭൂമിക്ക് അടിയിലെ ആഴത്തിലുള്ള ലക്ഷ്യങ്ങളെയും ഇതിന് തകര്‍ക്കാന്‍ കഴിയും. ഇതാണ് പാകിസ്താനെ ഭയപ്പെടുത്തുന്നതും.
ജിബിയു - 57എ/ബി മാസിവ് ഓഡ്‌നന്‍സ് പെനട്രേറ്റര്‍, 13 ടണ്‍ പ്രിസിഷന്‍ ബോംബാണ് ഇറാനില്‍ നടന്ന ആക്രമണത്തില്‍ അറുപത് മീറ്റര്‍ റൈയ്ന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റ് പാളികളിലേക്ക് തുളച്ചുകയറിയത്. ഇന്ത്യയുടെ ബങ്കര്‍ ബസ്റ്ററിന് നൂറു മീറ്റര്‍ ആഴത്തില്‍ തുളഞ്ഞുകയറാന്‍ സാധിക്കും. ചൈനയെയും പാകിസ്ഥാനെയും ലക്ഷ്യമിടാന്‍ ഇത് തന്നെ ധാരാളം. ശത്രുവിന്റെ എയര്‍ഫീല്‍ഡുകളും കമാന്‍ഡ് സെന്റുകളും ലക്ഷ്യമിട്ട് ഭൂമിക്ക് മുകളിലും ഭൂമിക്ക് അടിയിലും തുളച്ചുകയറാന്‍ സാധിക്കുന്നതുമായ അഗ്നി 5ന്‍റെ പുതിയ പതിപ്പിന്‍റെ റേഞ്ച് 2500 കിലോമീറ്റര്‍ മുതല്‍ മൂവായിരം കിലോമീറ്റര്‍ വരെയാണ്. യഥാര്‍ത്ഥ അഗ്നി 5നെക്കാള്‍ റേഞ്ച് കുറവാണെങ്കിലും നശീകരണശക്തിയില്‍ ഒട്ടും പിന്നിലല്ല. ബോംബറുകള്‍ക്ക് പകരം ഇന്ത്യ മിസൈലുകള്‍ വികസിപ്പിക്കുമ്പോള്‍, അത് ചിലവും സങ്കീര്‍ണതയും കുറയ്ക്കുന്നു. കൂടാതെ ശത്രുവിന്റെ എയര്‍സ്‌പേസ് ലംഘിക്കാതെ തന്നെ ലോംഗ് റേഞ്ചില്‍ ദ്രുതഗതിയില്‍ ആക്രമണം നടത്താന്‍ കഴിയും. ന്യുക്ലിയര്‍ കമാന്‍ഡ് സെന്ററുകള്‍, റിസേര്‍ച്ച് ലാബുകള്‍, മിസൈല്‍ സ്റ്റോറേജ് ഫെസിലിറ്റി എന്നിവയെല്ലാം അണ്ടര്‍ഗ്രൗണ്ട് ബങ്കറുകളിലാണ് ഇപ്പോള്‍ പല രാജ്യങ്ങളും സജ്ജീകരിക്കുന്നത്. ഇതോടെ ആക്രമണങ്ങളെല്ലാം ഭൂമിയുടെ ഉപരിതലത്തില്‍ മാത്രമല്ല, ഭൂമിയുടെ ആഴങ്ങളിലും നടക്കുന്നുണ്ട്. ഇത് വ്യക്തമാക്കുന്നതായിരുന്നു ഇറാനില്‍ നടന്ന യുഎസ് ആക്രമണം.
Content Highlights: DRDO developing new defensive system against MIRV technology