പിഎം ശ്രീയിൽ തൻ്റെ പ്രസ്താവനകൾ വ്യക്തിപരം; യുവജന സംഘടനകളുടെ വാക്കുകളും മുദ്രാവാക്യവും വേദനിപ്പിച്ചു:ശിവൻകുട്ടി

മന്ത്രി ജി ആർ അനിൽ തന്നെക്കുറിച്ച് പറഞ്ഞതും വേദനയുണ്ടാക്കിയെന്നും ശിവൻകുട്ടി പറഞ്ഞു

പിഎം ശ്രീയിൽ തൻ്റെ പ്രസ്താവനകൾ വ്യക്തിപരം; യുവജന സംഘടനകളുടെ വാക്കുകളും മുദ്രാവാക്യവും വേദനിപ്പിച്ചു:ശിവൻകുട്ടി
dot image

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ തൻ്റെ പ്രസ്താവനകൾ വ്യക്തിപരമാണെന്നും സിപിഐക്ക് എതിരെ കടുത്ത വിമർശനം തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എം എ ബേബിയെക്കുറിച്ച് പ്രകാശ് ബാബു പറഞ്ഞത് തനിക്ക് വേദനയുണ്ടാക്കി. മന്ത്രി ജി ആർ അനിൽ തന്നെക്കുറിച്ച് പറഞ്ഞതും വേദനയുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.



സിപിഐ യുവജന വിദ്യാര്‍ത്ഥി സംഘടനകളായ എഐഎസ്എഫ്, എഐവൈഎഫ് പ്രതിഷേധത്തില്‍ തനിക്കെതിരെ ഉപയോഗിച്ച വാക്കുകളും വിളിച്ച മുദ്രാവാക്യങ്ങളും വേദനിപ്പിച്ചെന്നും ശിവൻകുട്ടി പറഞ്ഞു. ഒരു വിഷയത്തില്‍ സിപിഐഎമ്മും സിപിഐയും തമ്മില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ ഉപയോഗിക്കേണ്ട വാക്കുകളെക്കുറിച്ചും ചെയ്യേണ്ട പ്രവൃത്തികളെക്കുറിച്ചും കുറച്ചുകൂടി പക്വതയോടെ ആലോചിക്കേണ്ടിയിരുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു.

പിഎം ശ്രീയുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളും ഇന്നലെ അവസാനിച്ചെന്നു മന്ത്രി പറഞ്ഞു. മുന്നണിയില്‍ തര്‍ക്കം ഉണ്ടാകുന്നതു സ്വാഭാവികമാണ്. നേതാക്കള്‍ ചര്‍ച്ച നടത്തി ദൃഢമായ പരിഹാരം കാണാൻ‌ നടപടികള്‍ സ്വീകരിച്ചു. കേന്ദ്രവുമായി ഒപ്പിട്ട കരാറുകള്‍ സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഒരു നിഗമനത്തില്‍ എത്തിയത്. ബാക്കി കാര്യങ്ങള്‍ മന്ത്രിസഭാ ഉപസമിതി പഠിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം സമരം ചെയ്തത് വിദ്യാഭ്യാസ മന്ത്രിക്ക് എതിരെയല്ലയെന്നും പാ‍ർട്ടി നിലപാടിനെതിരെയാണെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ പറഞ്ഞു. അത് പി എം ശ്രീക്ക് എതിരെയുള്ള എഐഎസ്എഫ്, എഐവൈഎഫ് സംഘടനകളുടെ പ്രഖ്യാപിത നിലപാട് ആണ്. അത് കേരളത്തിൽ രൂപപ്പെടുത്തിയ നിലപാട് അല്ല. ദേശീയതലത്തിലുള്ള നിലപാടിന്റെ ഭാഗമാണ്.സമര രീതികളിൽ വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറ‍ഞ്ഞു. പി എം ശ്രീ നിലപാടിൽ മാറ്റമില്ലാതെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight : The words and slogans of youth groups caused pain; Shivankutty

dot image
To advertise here,contact us
dot image