
'രണ്ട് പുരുഷന്മാർ ഒരുമിച്ച് ജീവിക്കുന്നത് കാണാൻ ആഗ്രഹിക്കാത്ത ഒരാൾ ജൊനാഥനെ കൊലപ്പെടുത്തി,' ജൊനാഥൻ ജോസ് എന്ന അമേരിക്കൻ നടന്റെ കൊലപാതക വാർത്ത ലോകം അറിഞ്ഞത് പങ്കാളിയായ ട്രിസ്റ്റൻ കേൺ ഡി ഗോൺസാവിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു. ജൊനാഥനും ട്രിസ്റ്റൻ കേൺ ഡി ഗോൺസാലസും തമ്മിലുള്ള സ്വവർഗാനുരാഗ ബന്ധത്തെ അംഗീകരിക്കാൻ കഴിയില്ല എന്ന കാരണത്താലാണ് അയൽവാസിയായ അൽവാരസ് സെജ സാൻ അന്റാണിയോ ജൊനാഥന് നേരെ വെടിയുതിർത്തത് എന്നാണ് പ്രാഥമിക വിവരങ്ങൾ.
ഞായറാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു ആക്രമണം നടന്നത്. ഒന്നിലേറെ തവണ വെടിയേറ്റ നിലയിലായിരുന്നു വീടിന് സമീപത്തെ റോഡിൽ ജൊനാഥൻ വീണുകിടന്നത്. പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം വാഹനത്തിൽ കടന്നുകളഞ്ഞ പ്രതിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ജനുവരിയിൽ ജൊനാഥന്റെ വീട്ടിൽ തീപ്പിടുത്തമുണ്ടാവുകയും, അതിൽ അദ്ദേഹത്തിന് തന്റെ പ്രിയപ്പെട്ട രണ്ട് വളർത്ത് നായകളെ നഷ്ടപ്പെടുകയും ചെയ്തിരുന്നു. അന്ന് വീടിന് തീവെച്ചതിന് പിന്നിലും ഇതേ അയൽവാസി തന്നെ ആയിരിക്കാമെന്ന് ട്രിസ്റ്റൻ ആരോപിച്ചു. പ്രകോപനമൊന്നുമില്ലാതെയായിരുന്നു ആക്രമണമെന്നാണ് ട്രിസ്റ്റൻ വ്യക്തമാക്കിയത്. 'അയാൾ ഞങ്ങളെ അധിക്ഷേപിച്ചു, പിന്നാലെ മടിക്കുത്തിൽ നിന്ന് തോക്കെടുത്ത് വെടിയുതിർത്തു. ഞങ്ങൾ നിരായുധരായിരുന്നു. അയാൾ വെടിയുതിർക്കാൻ തുടങ്ങിയപ്പോൾ ജൊനാഥൻ എന്നെ തള്ളിമാറ്റി എന്റെ ജീവൻ രക്ഷിച്ചു,' ട്രിസ്റ്റൻ ഫേസ്ബുക്കിൽ കുറിച്ചു.
സ്വവർഗാനുരാഗികളോടുള്ള കടുത്ത വിരോധമാണ് അന്റാണിയോയെ കൊലപാതകത്തിലേക്ക് നയിച്ചത്. ഈ വെറുപ്പ് മൂലം വർഷങ്ങളോളം തങ്ങള്‍ക്ക് പലതരത്തിലുള്ള ദുരനുഭവങ്ങള്‍ അനുഭവിക്കേണ്ടി വന്നിരുന്നതായി ട്രിസ്റ്റൻ പറഞ്ഞു. സ്വന്തം ജീവൻ അപായപ്പെടുത്തിയാണ് ജൊനാഥൻ തന്നെ രക്ഷിച്ചതെന്നും, അദ്ദേഹം എന്താണോ സമൂഹത്തിന് കൊടുക്കാൻ കരുതിയിരുന്ന സന്ദേശം അത് മുറുകെ പിടിച്ച് താൻ മുന്നോട്ട് പോകുമെന്നും ട്രിസ്റ്റൻ വ്യക്തമാക്കി.
'കിങ് ഓഫ് ദി ഹിൽ' എന്ന ടെലിവിഷൻ സീരീസിൽ ജോൺ റെഡ്‌കോൺ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതിലൂടെയായിരുന്നു ജൊനാഥൻ പ്രേക്ഷകരുടെ മനസിൽ കയറിപ്പറ്റിയത്. 1993 മുതൽ അഭിനയത്തിൽ സജീവമായിരുന്ന ജൊനാഥൻ നിരവധി സിനിമകളിലും ടെലിവിഷൻ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.
Content Highlight; Suspect Accused of Killing Jonathan Joss in Suspected Hate Crime