ഡീമാറ്റ്, മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം: നോമിനേഷൻ നിയമങ്ങൾ സെബി ലഘൂകരിക്കുന്നു

2024 ജൂണിലും പിന്നീട് 2025 ജനുവരിയിലും പുറത്തിറക്കിയ സർക്കുലറുകളിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള കൺസൾട്ടേഷൻ പേപ്പറാണ് ഇപ്പോൾ പുറത്തുവിട്ടത്

ഡീമാറ്റ്, മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം: നോമിനേഷൻ നിയമങ്ങൾ സെബി ലഘൂകരിക്കുന്നു
dot image

നിക്ഷേപകരുടെ ആസ്തികൾ അവകാശികൾക്ക് കൈമാറുന്നതിലെ സങ്കീർണതകൾ കുറയ്ക്കുന്നതിനായി പുതിയ മാർ​ഗനിർദേശങ്ങളുമായി സെബി രം​ഗത്ത്. ഡീമാറ്റ് അക്കൗണ്ടുകളിലും മ്യൂച്വൽ ഫണ്ട് ഫോളിയോകളിലും നോമിനേഷൻ പ്രക്രിയയിലെ സങ്കീർണതകൾ കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നിർദേശങ്ങൾ മുന്നോട്ടുവെച്ചിരിക്കുന്നത്. 2024 ജൂണിലും പിന്നീട് 2025 ജനുവരിയിലും പുറത്തിറക്കിയ സർക്കുലറുകളിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള കൺസൾട്ടേഷൻ പേപ്പറാണ് ഇപ്പോൾ പുറത്തുവിട്ടത്.

sebi

നോമിനികളുടെ എണ്ണത്തിൽ നിയന്ത്രണം

മുമ്പ് നോമിനികളുടെ എണ്ണം 3ൽ നിന്ന് 10 വരെയായി ഉയർത്താൻ സെബി തീരുമാനിച്ചിരുന്നു. എന്നാൽ ഇത് പ്രായോഗികമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് കണ്ട്, പുതിയ നിർദേശപ്രകാരം നോമിനികളുടെ എണ്ണം പരമാവധി നാല് ആയി നിജപ്പെടുത്താൻ സെബി ശുപാർശ ചെയ്യുന്നു. ജോയിന്റ് ഹോൾഡർമാരുടെ എണ്ണം മൂന്നായി തന്നെ തുടരും.

നിർബന്ധിത വിവരങ്ങൾ കുറച്ചു

നോമിനേഷൻ നൽകുമ്പോൾ പൂരിപ്പിക്കേണ്ട വിവരങ്ങൾ സെബി ലഘൂകരിച്ചു. ഇനി മുതൽ നോമിനിയുടെ പേരും നിക്ഷേപകനുമായുള്ള ബന്ധവും മാത്രം നൽകിയാൽ മതിയാകും. നോമിനിയുടെ ഐഡന്റിഫിക്കേഷൻ രേഖകൾ (പാൻ, ആധാർ തുടങ്ങിയവ), വിലാസം, ഫോൺ നമ്പർ എന്നിവ നൽകുന്നത് നിക്ഷേപകന്റെ താൽപര്യത്തിന് വിട്ടു (ഓപ്ഷനൽ).

nomination

അക്കൗണ്ട് ഫ്രീസ് ചെയ്യില്ല

നിലവിൽ നോമിനേഷൻ നൽകാത്ത അക്കൗണ്ടുകൾ ഫ്രീസ് ചെയ്യുന്ന രീതി ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ പുതിയ അക്കൗണ്ടുകൾ തുടങ്ങുമ്പോൾ നോമിനേഷൻ നൽകുകയോ അല്ലെങ്കിൽ അതിൽനിന്ന് ബോധപൂർവ്വം മാറിനിൽക്കുകയോ ചെയ്യേണ്ടത് നിർബന്ധമാണ്. പഴയ നിക്ഷേപകർ നോമിനേഷൻ നൽകിയിട്ടില്ലെങ്കിൽ ഇടയ്ക്കിടെ ഇമെയിൽ, എസ്എംഎസ് എന്നിവ വഴി അവരെ ഓർമപ്പെടുത്താൻ സ്ഥാപനങ്ങളോട് സെബി ആവശ്യപ്പെട്ടിട്ടുണ്ട്.

ശാരീരിക അവശതയുള്ളവർക്കായി പുതിയ നിയമം


നിക്ഷേപകൻ ശാരീരികമായി അവശനാകുകയും എന്നാൽ മാനസികമായി തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തനായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, നോമിനിക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാൻ അനുവാദം നൽകുന്ന സംവിധാനം സെബി പരിശോധിക്കുന്നുണ്ട്. ഇതിനായി നിലവിലുള്ള പവർ ഓഫ് അറ്റോർണി മാതൃക ഉപയോഗിക്കാനാണ് ആലോചന.

ജോയിന്റ് അക്കൗണ്ടുകളിലെ നിയമം

ജോയിന്റ് അക്കൗണ്ടുകളിൽ ഒരാൾ മരിച്ചാൽ ആസ്തികൾ അതിജീവിക്കുന്ന വ്യക്തിയിലേക്ക് സ്വയമേവ കൈമാറ്റം ചെയ്യപ്പെടും. അത്തരം അക്കൗണ്ടുകളിൽ നോമിനേഷൻ നൽകുന്നത് ഓപ്ഷണൽ മാത്രമായിരിക്കും.

എന്തുകൊണ്ടാണ് ഈ മാറ്റങ്ങൾ?

ബാങ്കിങ് മേഖലയിലെ നോമിനേഷൻ നിയമങ്ങളുമായി ഓഹരി വിപണിയിലെ നിയമങ്ങളെ ഏകോപിപ്പിക്കുക എന്നതാണ് സെബിയുടെ ലക്ഷ്യം. കൂടാതെ, നോമിനികളുടെ അമിത വിവരങ്ങൾ ശേഖരിക്കുന്നത് ഡേറ്റാ സുരക്ഷാ പ്രശ്നങ്ങൾക്കും പ്രവർത്തനപരമായ തടസ്സങ്ങൾക്കും കാരണമാകുന്നുവെന്ന വിലയിരുത്തലും ഈ മാറ്റത്തിന് പിന്നിലുണ്ട്. നിക്ഷേപകർക്ക് ഈ നിർദേശങ്ങളിൽ തങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസരവും സെബി നൽകിയിട്ടുണ്ട്.

ഈ പരിഷ്കാരങ്ങൾ നടപ്പിലാകുന്നതോടെ നിക്ഷേപകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആസ്തികൾ കൈമാറുന്ന പ്രക്രിയ കൂടുതൽ സുതാര്യവും വേഗത്തിലുള്ളതുമായി മാറുമെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ.

Content Highlights: SEBI proposes modified nomination norms for Demat and Mutual Fund accounts

dot image
To advertise here,contact us
dot image