ജീവിതത്തിനും മരണത്തിനുമിടയിലെ നിമിഷങ്ങൾ;അപകടങ്ങൾ സംഭവിച്ചാൽ എന്ത് ചെയ്യും;ജീവൻ രക്ഷാമാർഗങ്ങളെക്കുറിച്ച് അറിയാം

അപകടങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചേക്കാവുന്ന ജീവന്‍ രക്ഷാ മാര്‍ഗങ്ങളെക്കുറിച്ച് ചില കാര്യങ്ങള്‍ മനസ്സിലാക്കാം

ജീവിതത്തിനും മരണത്തിനുമിടയിലെ നിമിഷങ്ങൾ;അപകടങ്ങൾ സംഭവിച്ചാൽ എന്ത് ചെയ്യും;ജീവൻ രക്ഷാമാർഗങ്ങളെക്കുറിച്ച് അറിയാം
ഡോ അരുണ്‍ ഉമ്മന്‍
1 min read|29 Jul 2026, 03:56 pm
dot image

ഒന്ന് ചിന്തിച്ചുനോക്കൂ…

നിങ്ങള്‍ ജോലിസ്ഥലത്തേക്ക് വാഹനമോടിച്ചു പോകുമ്പോള്‍, വലിയൊരു ശബ്ദത്തോടെയുണ്ടായ അപകടം ഗതാഗതം തടസ്സപ്പെടുത്തുന്നു. റോഡില്‍ ഒരു യുവാവ് അനക്കമില്ലാതെ കിടക്കുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ആളുകള്‍ തടിച്ചുകൂടുന്നു. ചിലര്‍ ഞെട്ടലോടെ നോക്കിനില്‍ക്കുന്നു. ചിലര്‍ ഫോണെടുക്കുന്നു. മറ്റു ചിലര്‍, 'അവനെ തൊടരുത്… ആംബുലന്‍സ് വരട്ടെ,' എന്ന് അടക്കം പറയുന്നു. അതേസമയം, കടന്നുപോകുന്ന ഓരോ നിമിഷവും അവന്റെ ജീവന്‍ രക്ഷപ്പെടാനുള്ള സാധ്യതയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു.

ഒന്നുകൂടി ചിന്തിക്കൂ…

അവിടെ കിടക്കുന്നത് നിങ്ങളുടെ കുട്ടിയോ, പങ്കാളിയോ, മാതാപിതാക്കളോ അല്ലെങ്കില്‍ ഏറ്റവും അടുത്ത സുഹൃത്തോ ആയിരുന്നെങ്കിലോ?
ആളുകള്‍ വെറുതെ നോക്കിനില്‍ക്കണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുക? അതോ, ജീവന്‍ രക്ഷിക്കാന്‍ അറിയാവുന്ന ഒരാളെങ്കിലും അവിടെയുണ്ടാകണമെന്ന് നിങ്ങള്‍ പ്രാര്‍ത്ഥിക്കില്ലേ?

Also Read:

സങ്കടകരമായ കാര്യം എന്തെന്നാല്‍

ആധുനിക വൈദ്യശാസ്ത്രത്തില്‍ ഗുരുതരമായ പരിക്കുകള്‍ കാരണം ചികിത്സിക്കാന്‍ കഴിയാത്തതുകൊണ്ടല്ല പല അപകടബാധിതരും മരിക്കുന്നത്. മറിച്ച്, ജീവന്‍ രക്ഷിക്കാനുള്ള പ്രഥമശുശ്രൂഷ വൈകുന്നതുകൊണ്ടോ, അല്ലെങ്കില്‍ നല്ല ഉദ്ദേശ്യത്തോടെയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ അറിയാതെ പരിക്കുകള്‍ കൂടുതല്‍ വഷളാക്കുന്നത് കൊണ്ടോ ആണ് അവര്‍ മരിക്കുന്നത്. 'ഗോള്‍ഡന്‍ അവര്‍' (Golden Hour) എന്നറിയപ്പെടുന്ന ആ ആദ്യത്തെ 60 മിനിറ്റുകളാണ് ഒരാള്‍ ജീവിക്കുമോ, മരിക്കുമോ, അതോ ജീവിതകാലം മുഴുവന്‍ വൈകല്യത്തോടെ കഴിയേണ്ടിവരുമോ എന്ന് പലപ്പോഴും തീരുമാനിക്കുന്നത്.
ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടറോ ആരോഗ്യപ്രവര്‍ത്തകനോ ആകേണ്ടതില്ല. ചിലപ്പോള്‍, അപകടം നടന്ന ഉടന്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ച് അറിവുണ്ടെങ്കില്‍ മാത്രം മതി, വിലപ്പെട്ട ഒരു ജീവന്‍ രക്ഷിക്കാന്‍.

save lives during accidents

Also Read:

വാഹനാപകടങ്ങള്‍, കെട്ടിട നിര്‍മ്മാണ സ്ഥലത്തുണ്ടാകുന്ന പരിക്കുകള്‍ , വീഴ്ചകള്‍, കായിക മത്സരങ്ങള്‍ക്കിടയിലുള്ള പരിക്കുകള്‍ അല്ലെങ്കില്‍ ആക്രമണങ്ങള്‍ എന്നിവയിലൂടെ 'ട്രോമ' (ഗുരുതരമായ ശാരീരിക ക്ഷതം) സംഭവിക്കാം. കൃത്യസമയത്ത് ശരിയായ പരിചരണം ലഭിക്കാത്തതുകൊണ്ട് ഓരോ വര്‍ഷവും ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നു.

ട്രോമ പരിചരണത്തിന് അഞ്ച് പ്രധാന ഘട്ടങ്ങളുണ്ട്

ഘട്ടം 1 - പ്രതിരോധം

ഹെല്‍മെറ്റ് സീറ്റ് ബെല്‍റ്റ് എന്നിവയുടെ ഉപയോഗം, വേഗത നിയന്ത്രിക്കല്‍, ലെയ്ന്‍ അച്ചടക്കം പാലിക്കല്‍, ഉത്തരവാദിത്തത്തോടെയുള്ള ഡ്രൈവിംഗ്, കെട്ടിട നിര്‍മ്മാണസ്ഥലത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഘട്ടം 2 - അപകടസ്ഥലത്തുള്ള പരിചരണം

ഏറ്റവും നിര്‍ണായകമായ ഘട്ടമാണിത്. വൈദ്യശാസ്ത്ര വിദഗ്ധര്‍ ചുമതലയേല്‍ക്കുന്നതിന് മുന്‍പ്, അപകടത്തില്‍പ്പെട്ടയാളുടെ ജീവന്‍ സാധാരണക്കാരായ ആളുകളുടെ കൈകളിലായിരിക്കുന്ന സമയമാണിത്.

ഘട്ടം 3 - ആശുപത്രിയിലേക്കുള്ള സുരക്ഷിതമായ യാത്ര:
മുറിവുകള്‍ വഷളാകുന്നതിന് മുമ്പ് വേഗത്തില്‍ ആശുപത്രിയിലെത്താനുള്ള ശ്രമം\

ഘട്ടം 4 - ആശുപത്രിയിലെ ചികിത്സ

അടിയന്തര പരിചരണം, ശസ്ത്രക്രിയ, തീവ്രപരിചരണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഘട്ടം 5 - പുനരധിവാസം

അതിജീവിച്ചവരെ സ്വയംപര്യാപ്തത വീണ്ടെടുക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനും സഹായിക്കല്‍.

Also Read:

save lives during accidents

ജീവിതത്തിനും മരണത്തിനുമിടയിലുള്ള ആ നിര്‍ണായക നിമിഷം

ഗോള്‍ഡന്‍ അവര്‍: ഒരു ജീവിതം തന്നെ മാറ്റിമറിക്കാന്‍ കഴിയുന്ന അറുപത് മിനിറ്റുകള്‍

അപകടത്തില്‍പ്പെട്ടയാളുടെ അടുത്തേക്ക് പോകുന്നതിന് മുന്‍പ്, ആംബുലന്‍സ് വിളിക്കുക എന്നതിനും അപകടസ്ഥലം നമുക്ക് സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനുമാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ശാന്തമായി സംസാരിക്കുക, ആ വ്യക്തിക്ക് ബോധമുണ്ടോ എന്നും ശ്വാസോച്ഛ്വാസം സാധാരണ നിലയിലാണോ എന്നും പരിശോധിക്കുക; ഒപ്പം, സഹായം ഉടന്‍ എത്തുമെന്ന് അവരെ അറിയിച്ച് ആശ്വസിപ്പിക്കുകയും ചെയ്യുക. തലയിലുണ്ടാകുന്ന ഗുരുതരമായ പരിക്കുകള്‍, ആന്തരിക രക്തസ്രാവം, നെഞ്ചിലുണ്ടാകുന്ന ക്ഷതം എന്നിവയുടെ കാര്യത്തില്‍ ഓരോ മിനിറ്റും അതീവ നിര്‍ണായകമാണ്.

ഹൃദയസ്തംഭനം സംഭവിക്കുന്നതിന് മുന്‍പ് രക്തസ്രാവം തടയുക.

നിയന്ത്രിക്കാനാവാത്ത രക്തസ്രാവം മിനിറ്റുകള്‍ക്കുള്ളില്‍ ജീവന്‍ അപഹരിച്ചേക്കാം. വൃത്തിയുള്ള തുണിയോ ടവലോ ഡ്രസ്സിംഗോ ഉപയോഗിച്ച് മുറിവില്‍ ശക്തമായും തുടര്‍ച്ചയായും അമര്‍ത്തിപ്പിടിക്കുക. രക്തം തുണിയിലൂടെ പുറത്തേക്ക് വരികയാണെങ്കില്‍, ആദ്യം വെച്ച തുണി ഒരിക്കലും നീക്കം ചെയ്യരുത്. അതിനു മുകളിലായി മറ്റൊരു തുണി വെച്ച് അമര്‍ത്തുന്നത് തുടരുക. ഒടിവോ പൊട്ടലോ ഇല്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം പരിക്കേറ്റ കൈയോ കാലോ ഉയര്‍ത്തിപ്പിടിക്കുക.

Also Read:

വൃത്തിയുള്ള തുണിയും ഉറച്ച കൈകളും നല്‍കുന്ന ഫലത്തെ ഒരിക്കലും കുറച്ചു കാണരുത്. ഇടയ്ക്കിടെ മാത്രം അമര്‍ത്തുന്നതോ രക്തസ്രാവം നിന്നോ എന്ന് ഇടയ്ക്കിടെ പരിശോധിക്കുന്നതോ പ്രയോജനകരമല്ല. ഏകദേശം 2-3 മിനിറ്റോളം തുടര്‍ച്ചയായി അമര്‍ത്തിപ്പിടിക്കുക തന്നെ വേണം. ഇത് ജീവനും മരണവും തമ്മിലുള്ള നിര്‍ണായക വ്യത്യാസമായി മാറിയേക്കാം. രക്തസ്രാവം നിയന്ത്രിച്ച ശേഷം, മിതമായ മുറുക്കത്തില്‍ ഒരു ടൂര്‍ണിക്കറ്റ് (tourniquet) കെട്ടുക.

save lives during accidents

ഒടിഞ്ഞ എല്ലുകള്‍ സ്പ്ലിന്റ് ഉപയോഗിച്ച് അനങ്ങാത്തവിധം ഉറപ്പിക്കണം

ഒടിഞ്ഞ എല്ല് അനാവശ്യമായി ചലിപ്പിക്കുന്നത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു.മരക്കഷ്ണം, കാര്‍ഡ്‌ബോര്‍ഡ് അല്ലെങ്കില്‍ ചുരുട്ടിയ പത്രക്കടലാസ് എന്നിവ ഉപയോഗിച്ച് പരിക്കേറ്റ ഭാഗം അനങ്ങാത്ത രീതിയില്‍ ഉറപ്പിച്ചു കെട്ടുക. ഇതിനെ 'സ്പ്ലിന്റിംഗ്' (splinting) എന്ന് വിളിക്കുന്നു. ഒടിഞ്ഞ കൈയോ കാലോ നിവര്‍ത്താന്‍ ഒരിക്കലും ശ്രമിക്കരുത്.പരിക്കേറ്റ ഭാഗം അനക്കാതെ സൂക്ഷിക്കുന്നത് വേദന കുറയ്ക്കാനും ഞരമ്പുകള്‍ക്കും രക്തക്കുഴലുകള്‍ക്കും കൂടുതല്‍ പരിക്കേല്‍ക്കുന്നത് തടയാനും സഹായിക്കുന്നു.

Also Read:

ഹെല്‍മെറ്റ് ഊരുന്നതിന് മുമ്പ് ശ്രദ്ധിക്കുക

ഹെല്‍മെറ്റ് തെറ്റായി അഴിക്കുന്നത് സുഷുമ്നാ നാഡിക്ക് ശാശ്വതമായി കേടുവരുത്തും. ആ വ്യക്തിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ലെങ്കിലോ, ഛര്‍ദ്ദി ഉണ്ടെങ്കിലോ, അല്ലെങ്കില്‍ CPR ആവശ്യമുണ്ടെങ്കിലോ അല്ലാതെ ഹെല്‍മെറ്റ് ഊരരുത്. നീക്കം അത്യാവശ്യമാണെങ്കില്‍ രണ്ടുപേര്‍ ചേര്‍ന്ന്, തലയും കഴുത്തും അനക്കാതെ അത് ചെയ്യുന്നതാണ് ഉത്തമം. സ്ട്രാപ്പുകള്‍ ശ്രദ്ധാപൂര്‍വ്വം മുറിച്ച് ഹെല്‍മെറ്റ് സൗമ്യമായി നീക്കം ചെയ്യണം. ഒരിക്കലും ഹെല്‍മെറ്റ് ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യരുത്. ഒരു അശ്രദ്ധമായ ചലനം അതിജീവിക്കാവുന്ന പരിക്കിനെ ആജീവനാന്ത ബലഹീനതയാക്കി മാറ്റും. വ്യക്തിക്ക് കഴുത്തിന് ഒടിവ് സംഭവിച്ചിട്ടുണ്ടെങ്കില്‍, അനാവശ്യ ചലനങ്ങള്‍ സുഷുമ്നാ നാഡിക്ക് കേടുവരുത്തും..

പുറത്തേക്ക് തള്ളിനില്‍ക്കുന്ന ആന്തരികാവയവങ്ങളെ ഒരിക്കലും തിരികെ ഉള്ളിലേക്ക് തള്ളിവെക്കാന്‍ ശ്രമിക്കരുത്

വയറ്റിലുണ്ടാകുന്ന ഗുരുതരമായ പരിക്കുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധയും മൃദുവായ സമീപനവും ആവശ്യമാണ്.വയറിന് പുറത്തേക്ക് അവയവങ്ങള്‍ തള്ളിനില്‍ക്കുന്നതായി കണ്ടാല്‍, അവയെ തിരികെ ഉള്ളിലേക്ക് തള്ളാന്‍ ഒരിക്കലും ശ്രമിക്കരുത്. വൃത്തിയുള്ളതും നനവുള്ളതുമായ ഒരു തുണി ഉപയോഗിച്ച് അവ മൂടിവെക്കുക. ഒപ്പം പരിക്കേറ്റയാള്‍ക്ക് ഭക്ഷണമോ വെള്ളമോ നല്‍കാതിരിക്കുകയും അവരെ എത്രയും വേഗം അടുത്തുള്ള ട്രോമ സെന്ററിലേക്ക് എത്തിക്കുകയും ചെയ്യുക.

മുറിഞ്ഞുപോയ വിരലോ കൈയ്യോ കാലോ ചിലപ്പോള്‍ തിരികെ ഘടിപ്പിക്കാനാകും

മുറിഞ്ഞുപോയ വിരലുകള്‍, കൈകള്‍, കാലുകള്‍ എന്നിവ ശരിയായ രീതിയിലും കൃത്യസമയത്തും എത്തിച്ചാല്‍ ആധുനിക മൈക്രോസര്‍ജറിയിലൂടെ അവ വിജയകരമായി തിരികെ ഘടിപ്പിക്കാന്‍ സാധിക്കും. മുറിഞ്ഞുപോയ ഭാഗം വൃത്തിയുള്ളതും നനവുള്ളതുമായ ഒരു തുണിയില്‍ പൊതിയുക; തുടര്‍ന്ന് അത് വായു കടക്കാത്ത ഒരു പ്ലാസ്റ്റിക് ബാഗിലാക്കി ഐസില്‍ സൂക്ഷിക്കുക. ശരീരഭാഗം നേരിട്ട് ഐസില്‍ വെക്കരുത്, കാരണം അമിത തണുപ്പ് (freezing) കലകളെ (tissues) നശിപ്പിക്കും. ശരിയായ സമയത്തുള്ള കൃത്യമായ ഇടപെടല്‍, പ്രിയപ്പെട്ടവരെ ചേര്‍ത്തുപിടിക്കാനും എഴുതാനും ജോലി ചെയ്യാനും ഒക്കെ ഒരാള്‍ക്ക് ഒരു രണ്ടാം അവസരം നല്‍കിയേക്കാം.

CPR: ജീവന്‍ തിരികെ നല്‍കാന്‍ കഴിയുന്ന ഒരു വിദ്യ

അപകടത്തില്‍പ്പെട്ടയാള്‍ അബോധാവസ്ഥയിലാവുകയും, സാധാരണ നിലയില്‍ ശ്വസിക്കാതിരിക്കുകയും, ജീവന്റെ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതിരിക്കുകയും ചെയ്താല്‍ ഉടന്‍ തന്നെ CPR നല്‍കിത്തുടങ്ങുക. ഒരു കൈപ്പത്തിയുടെ കീഴ്ഭാഗം (heel of the hand) നെഞ്ചിന്റെ മധ്യഭാഗത്തായി വെച്ച്, അതിനു മുകളിലായി മറ്റേ കൈയും വെക്കുക. തുടര്‍ന്ന്, ഓരോ തവണ അമര്‍ത്തിയ ശേഷവും നെഞ്ച് പൂര്‍ണ്ണമായി പഴയ നിലയിലേക്ക് വരാന്‍ അനുവദിച്ചുകൊണ്ട് ( Complete recoil) , മിനിറ്റില്‍ 100 ??മുതല്‍ 120 തവണ വരെ നെഞ്ചില്‍ അമര്‍ത്തുക (compress). വിദഗ്ധരായ മെഡിക്കല്‍ സഹായം ലഭിക്കുന്നത് വരെയോ അല്ലെങ്കില്‍ അപകടത്തില്‍പ്പെട്ടയാള്‍ക്ക് ശ്വാസോച്ഛ്വാസം വീണ്ടുകിട്ടുന്നത് വരെയോ ഇത് തുടരുക.

കൃത്യസമയത്ത് ശരിയായ രീതിയില്‍ CPR നല്‍കുന്നത് അതിജീവനത്തിനുള്ള സാധ്യത പലമടങ്ങ് വര്‍ദ്ധിപ്പിക്കും

(CPR (സി.പി.ആര്‍) പഠിച്ചിരിക്കേണ്ടത് വളരെ പ്രധാനമാണ്. എല്ലാ മലയാളികളും CPR പരിശീലന ശില്‍പ്പശാലകളില്‍ പങ്കെടുത്ത് അത് പഠിച്ചിരിക്കണം. അല്പം പരിശീലനം മതി, ജീവന്‍ രക്ഷിക്കുന്നതില്‍ വിദഗ്ധരാകാന്‍ സാധിക്കും)
ആശുപത്രിയിലേക്കുള്ള യാത്ര ഒരു ജീവന്‍ രക്ഷിച്ചേക്കാം-അല്ലെങ്കില്‍ ഒരു ജീവന്‍ നഷ്ടപ്പെടുത്തിയേക്കാം.

ആശുപത്രിയിലേക്കുള്ള യാത്ര വെറുമൊരു യാത്രയല്ല; അത് ചികിത്സയുടെ തന്നെ ഭാഗമാണ്. കഴുത്തിലോ നട്ടെല്ലിലോ പുറമെ കാണാത്ത തരത്തിലുള്ള പരിക്കേറ്റ ഒരാള്‍ കാഴ്ചയില്‍ സാധാരണ നിലയിലാണെന്ന് തോന്നാമെങ്കിലും, അശ്രദ്ധമായ ഒരു ചലനം പോലും ഭേദമാക്കാവുന്ന ആ പരിക്കിനെ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പക്ഷാഘാതത്തിലേക്ക് (paralysis) നയിച്ചേക്കാം.


നട്ടെല്ലിന് പരിക്കേറ്റതായി സംശയിക്കുന്നുണ്ടെങ്കില്‍, തലയും കഴുത്തും ശരീരവും ഒരേ നേര്‍രേഖയില്‍ വരുന്ന രീതിയില്‍ നിലനിര്‍ത്തണം. കഴുത്ത് തിരിക്കുന്നതോ വളയ്ക്കുന്നതോ ഒഴിവാക്കുക. പരിക്കേറ്റയാളെ ഉറപ്പുള്ള സ്‌ട്രെച്ചറിലോ പലകയിലോ (board) മാത്രം കിടത്തി മാറ്റുക.

save lives during accidents

ഓര്‍ക്കുക
അപകടത്തില്‍പ്പെട്ട ഒരാളെ നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അവര്‍ക്ക് ഭാവിയില്‍ വീണ്ടും നടക്കാന്‍ കഴിയുമോ എന്നത്.

ഒരു ജീവന്‍ രക്ഷിക്കുക എന്നാല്‍ ഒരു കുടുംബത്തെ രക്ഷിക്കുക എന്നാണ് അര്‍ത്ഥം

18-നും 50-നും ഇടയിലുള്ള പ്രായത്തില്‍ അതായത് കുടുംബത്തിന്റെ ആശ്രയമായവരില്‍, മരണകാരണമാകുന്ന പ്രധാന ഘടകം അപകടങ്ങള്‍ (Trauma) മൂലമുണ്ടാകുന്ന പരിക്കുകളാണ്. ഒരു അപകടം ഒരു വ്യക്തിയുടെ ജീവന്‍ മാത്രമല്ല ഇല്ലാതാക്കുന്നത്. അത് ഒരു കുടുംബത്തിന്റെ മുഴുവന്‍ സുസ്ഥിതിയെയും തകര്‍ക്കുന്നു. ഒരു കുട്ടിക്ക് തന്റെ മാതാപിതാക്കളെയോ, മാതാപിതാക്കള്‍ക്ക് മകനെയോ മകളെയോ, അല്ലെങ്കില്‍ ഒരു കുടുംബത്തിന് അവരുടെ ഏറ്റവും വലിയ കരുത്തായ വ്യക്തിയെയോ നഷ്ടപ്പെട്ടേക്കാം. എന്നിരുന്നാലും, ഒരു മരണവീടും സന്തോഷത്തോടെയുള്ള തിരിച്ചുവരവും തമ്മിലുള്ള വ്യത്യാസം ചിലപ്പോള്‍, എന്തുചെയ്യണമെന്ന് കൃത്യമായി അറിയാവുന്ന ഒരു സാധാരണ പൗരന്റെ ഇടപെടലായിരിക്കാം.

കേരളം ഒരു മാതൃകയാണ്…

കേരളത്തിന്റെ ഏറ്റവും വലിയ കരുത്തുകളിലൊന്ന് ഇവിടുത്തെ മനുഷ്യസ്‌നേഹമാണ്. ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍, പരിക്കേറ്റവരെ സഹായിക്കാനായി നാം സ്വാഭാവികമായും ഓടിയെത്തുന്നു. അപരിചിതര്‍ തങ്ങളുടെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നു. കടയുടമകള്‍ കൗണ്ടറുകള്‍ ഉപേക്ഷിച്ച് ഇറങ്ങിവരുന്നു. വഴിയാത്രക്കാര്‍ ഒട്ടും മടിക്കാതെ മുന്നോട്ട് വരുന്നു. മറ്റൊരു മനുഷ്യജീവനെ രക്ഷിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ അവര്‍ ഒന്നിക്കുന്നു. ലോകത്ത് വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രമേ ഇത്രയും സ്വാഭാവികമായി ഇത്തരം അനുകമ്പയും കരുണയും പ്രകടമാകാറുള്ളൂ. ആ അനുകമ്പയോടൊപ്പം ശരിയായ അറിവും കൂടി ചേരേണ്ടതുണ്ട്. നല്ല ഉദ്ദേശ്യങ്ങള്‍ മാത്രം പോരാ. കൃത്യസമയത്ത് നല്‍കുന്ന ശരിയായ പ്രഥമശുശ്രൂഷയ്ക്ക് ജീവന്‍ രക്ഷിക്കാനും, അംഗവൈകല്യം തടയാനും, കുടുംബങ്ങളെ ആജീവനാന്ത ദുഃഖത്തില്‍ നിന്ന് രക്ഷിക്കാനും സാധിക്കും.

Content Highlights :

dot image
To advertise here,contact us
dot image