

വി എസ് അച്യുതാനന്ദന്‍ ഇല്ലാത്ത കേരളത്തിന്റെ ജനകീയ പ്രതിരോധ ഇടം എത്രമാത്രം ശൂന്യമായിക്കഴിഞ്ഞുവെന്ന് മലയാളികള്‍ കൂടുതല്‍ തിരിച്ചറിഞ്ഞ ഒരു വര്‍ഷമാണ് കടന്നുപോയത്. ഏറ്റവും ഒടുവില്‍ കള്ളാടിയിലെ തുരങ്കപാത നിര്‍മാണ സ്ഥലത്തെ മണ്ണിടിച്ചിലും, വിഴിഞ്ഞം തുറമുഖത്തിലെ ഓഹരികള്‍ അദാനി ഗ്രൂപ്പ് ഏകപക്ഷീയമായി കൈമാറാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകളും പുറത്തുവന്നപ്പോള്‍ വി എസ് ഉണ്ടായിരുന്നെങ്കില്‍ എന്ന് കേരളം ഒരു നിമിഷമെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമെന്നതില്‍ സംശയമില്ല.
അധികാരത്തിന്റെ ആകര്‍ഷണങ്ങള്‍ക്ക് വഴങ്ങാതെ, സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്ന് വി എസ് നടത്തിയ പോരാട്ടങ്ങള്‍ അത്രയേറെ ജനകീയമായിരുന്നു. ആവശ്യമെങ്കില്‍ ഒറ്റയ്ക്ക് നിന്ന് പോലും പോരാടാന്‍ തയ്യാറായിരുന്ന ഒരു രാഷ്ട്രീയ സംസ്‌കാരത്തിന്റെ പ്രതീകമായിരുന്നു വി എസ് അച്യുതാനന്ദന്‍. ഏറ്റെടുത്ത എല്ലാ പോരാട്ടങ്ങളും വിജയിച്ചതുകൊണ്ടല്ല വി എസ് ഇത്രമേല്‍ ജനകീയനായത്. തോല്‍വി ഉറപ്പായ സാഹചര്യങ്ങളിലും നിലപാടില്‍ നിന്ന് പിന്നോട്ടില്ലാതെ പോരാടാന്‍ അദ്ദേഹം കാണിച്ച ആര്‍ജവമാണ് അദ്ദേഹത്തിന്റെ ജനകീയതയുടെ യഥാര്‍ത്ഥ അടിത്തറ.
'പരാജയം ഭക്ഷിച്ച് ജീവിക്കുന്നയാള്‍' എന്നായിരുന്നു എം എന്‍ വിജയന്‍ മാഷ് വി എസ് അച്യുതാനന്ദനെ വിശേഷിപ്പിച്ചത്. ജീവിതത്തിലുടനീളം അദ്ദേഹം സ്വീകരിച്ച നിലപാടുകളുടെ ആകെത്തുകയായി ഈ വിശേഷണം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. പാര്‍ട്ടിക്കുള്ളിലായാലും പുറത്തായാലും വി എസ് ഏറ്റെടുത്ത പല വിഷയങ്ങളും കേവലമായ രാഷ്ട്രീയ വിജയ-പരാജയങ്ങളുടെ മാനദണ്ഡത്തില്‍ നോക്കുമ്പോള്‍ പരാജയങ്ങളായി വിലയിരുത്തപ്പെടാം. എന്നാല്‍ ആ വിഷയങ്ങളില്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകളും കാട്ടിയ കാര്‍ക്കശ്യവും കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, പാരിസ്ഥിതിക മണ്ഡലങ്ങളില്‍ സൃഷ്ടിച്ച ദീര്‍ഘകാല പ്രതിഫലനങ്ങളും ഇന്നും സജീവമാണ്. അതുകൊണ്ടാണ് കള്ളാടിയില്‍ മണ്ണിടിയുമ്പോഴും, വിഴിഞ്ഞം തുറമുഖത്തിന്റെ കുത്തകവത്കരണത്തിലേക്കുള്ള നീക്കങ്ങള്‍ ചര്‍ച്ചയാകുമ്പോഴും, 'വിഎസ് ഉണ്ടായിരുന്നെങ്കില്‍…' എന്ന് മലയാളികള്‍ നെടുവീര്‍പ്പിടുന്നത്.

2001-ല്‍ പ്രതിപക്ഷ നേതാവായിരിക്കെയാണ് വി എസ് കേരളത്തിന്റെ സമരയൗവ്വനത്തിന്റെ പ്രതീകമായി മാറിയത്. പ്രതിപക്ഷ നേതാവ് ജനങ്ങളുടെ ശബ്ദമാകണമെന്നും, ഭരണകൂടത്തെ ജനപക്ഷത്ത് നിന്ന് നിരന്തരം ചോദ്യം ചെയ്യുന്ന തിരുത്തല്‍ശക്തിയാകണമെന്നും അദ്ദേഹം രാഷ്ട്രീയ കേരളത്തെ പഠിപ്പിച്ചു. ഭരണപക്ഷത്തെ ജനപക്ഷത്തിന്റെ കണ്ണിലൂടെ ഇത്ര ശക്തമായി ചോദ്യം ചെയ്ത മറ്റൊരു പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ല. അങ്ങനെയൊരു പ്രതിപക്ഷ നേതാവ് ഇനി ഉണ്ടാകുമോ എന്നതും സംശയമാണ്.
2001 മുതല്‍ 2006 വരെയുള്ള പ്രതിപക്ഷ നേതൃകാലത്ത് വി എസ് ഏറ്റെടുത്ത വിഷയങ്ങള്‍ അവയുടെ സാമൂഹിക പ്രസക്തികൊണ്ടും ഗൗരവംകൊണ്ടും ശ്രദ്ധേയമായിരുന്നു. വന്‍കിട ഭൂമി കൈയേറ്റങ്ങള്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, അഴിമതി, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ ഇങ്ങനെ ജനജീവിതത്തെ ബാധിച്ച എല്ലാ വിഷയങ്ങളിലും അദ്ദേഹം ജനപക്ഷം മാത്രം നോക്കി ഇടപെട്ടു.
അധികാരത്തിലിരിക്കുമ്പോഴും അധികാരത്തിന് പുറത്തായിരിക്കുമ്പോഴും ഒരേ തത്വനിഷ്ഠയോടെ നിലകൊള്ളാന്‍ കഴിഞ്ഞ അപൂര്‍വം ചില രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു വി എസ്.
ഏലമലയിലെ മതികെട്ടാന്‍ മേഖലയിലെ സംഘടിത ഭൂമി കൈയേറ്റം വിവാദമായപ്പോള്‍ 78-ാം വയസ്സിലും അദ്ദേഹം മതികെട്ടാന്‍ മല കയറി. വിഎസ് മുന്നില്‍ നടന്ന ആ സമരത്തിന് പിന്നാലെ കേരളവും മതികെട്ടാന്റെ ജനപക്ഷത്ത് അണിനിരന്നു. ഒടുവില്‍ 2003-ല്‍ മതികെട്ടാനിലെ 12.82 ചതുരശ്ര കിലോമീറ്റര്‍ വനമേഖലയെ ദേശീയോദ്യാനമായി പ്രഖ്യാപിക്കാന്‍ ആന്റണി സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

പൂയംകുട്ടിയിലെ ഭൂമി കൈയേറ്റങ്ങളും കമ്പക്കല്ല് മലയിലെ കഞ്ചാവ് തോട്ടങ്ങളും അന്വേഷിക്കാന്‍ അദ്ദേഹം നേരിട്ടെത്തി. കോഴിക്കോട്ടെ കാവിലുംപാറ, മണ്ണാര്‍ക്കാട്ടെ കാക്കിവാണി വനം, മന്ദന്‍പൊട്ടി എന്നിവിടങ്ങളിലെ നിക്ഷിപ്ത വനഭൂമി കേസുകളില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തി ഏക്കര്‍കണക്കിന് വനഭൂമി നഷ്ടമാകുന്ന സാഹചര്യം ഉണ്ടായപ്പോഴും ആ വിഷയം ഏറ്റെടുക്കാന്‍ വി എസ് മുന്നിലുണ്ടായിരുന്നു. പൊന്മുടിയിലെ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിന്റെ ഭൂമി വില്‍പ്പനയുള്‍പ്പെടെയുള്ള അനീതികളെ അദ്ദേഹം ശക്തമായി ചോദ്യം ചെയ്തു. എന്‍ഡോസള്‍ഫാന്‍ ദുരന്തവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ഇടപെടല്‍ ആ വിഷയത്തെ കേരളത്തിന്റെ പൊതുചര്‍ച്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. ഈ വിഷയങ്ങളിലെല്ലാം അദ്ദേഹം സ്വീകരിച്ച നിലപാടുകളും കാട്ടിയ രാഷ്ട്രീയ ആര്‍ജവവും കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ-പാരിസ്ഥിതിക ബോധത്തില്‍ ഇന്നും മായാത്ത അടയാളങ്ങളാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന നിരവധി സംഭവങ്ങള്‍, വി എസ് അച്യുതാനന്ദന്‍ ജീവിച്ചിരുന്നെങ്കില്‍ ശക്തമായി പ്രതികരിക്കുമായിരുന്നുവെന്ന് തോന്നിപ്പിക്കുന്നവയായിരുന്നു. സാമ്പത്തിക പ്രതിസന്ധി,, ആരോഗ്യമേഖലയിലെ വെല്ലുവിളികള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍, ഭരണത്തിലെ സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഇവയെല്ലാം പൊതു സമൂഹത്തിൽ സജീവ ചർച്ചയായി ഉയർന്നിരുന്നു. അതോടൊപ്പം സാധാരണക്കാരുടെ ജീവിതച്ചെലവ് വര്‍ധിക്കുകയും തൊഴിലവസരങ്ങള്‍ ചുരുങ്ങുകയും പൊതുസേവനങ്ങളുടെ നിലവാരത്തെക്കുറിച്ച് ആശങ്കകള്‍ ശക്തമാവുകയും ചെയ്ത ഒരു കാലഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. അത്തരം സന്ദര്‍ഭങ്ങളിലാണ് 'വിഎസ് ഉണ്ടായിരുന്നെങ്കില്‍…' എന്ന ചോദ്യം വീണ്ടും വീണ്ടും ഉയരുന്നത്.

വി എസ് അച്യുതാനന്ദന്‍ ഒരു രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല, അദ്ദേഹം ഒരു ധാര്‍മ്മിക മാനദണ്ഡമായിരുന്നു. അഴിമതിക്കെതിരെയും ഭൂമാഫിയയ്ക്കെതിരെയും ക്വാറി മാഫിയയ്ക്കെതിരെയും പരിസ്ഥിതി നാശത്തിനെതിരെയും അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ കേരളത്തിന്റെ പൊതുബോധത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ട്. അധികാരത്തിലിരിക്കുമ്പോഴും അധികാരത്തിന് പുറത്തായിരിക്കുമ്പോഴും ഒരേ തത്വനിഷ്ഠയോടെ നിലകൊള്ളാന്‍ കഴിഞ്ഞ അപൂര്‍വം ചില രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം.
അതിനാലാണ് അദ്ദേഹത്തിന്റെ അഭാവം ഇന്ന് ഒരു വ്യക്തിയുടെ അഭാവമായി മാത്രം അനുഭവപ്പെടാത്തത്. ജനങ്ങളുടെ പക്ഷത്ത് നിന്ന് അധികാരത്തോട് നിരന്തരം ചോദ്യം ചോദിച്ചിരുന്ന ഒരു രാഷ്ട്രീയ സംസ്‌കാരത്തിന്റെ അഭാവമായാണ് കേരളം അത് അനുഭവിക്കുന്നത്.
Content Highlights: A year after the demise of V.S. Achuthanandan, Kerala continues to remember his legacy of people-centric politics, uncompromising public interventions, and decades of political leadership that left a lasting impact on the state's public life