മതവും സ്ഥലവും ചോദിച്ചു; കശ്മീരില്‍ നിന്നുള്ള മുസ്‌ലിം എന്ന് പറഞ്ഞതോടെ 18കാരനെ ക്രൂരമായി മർദിച്ച് ആള്‍ക്കൂട്ടം

ഉത്തരാഖണ്ഡിലാണ് സംഭവം. ആക്രമണത്തിൽ 18കാരൻ്റെ കൈയ്ക്കും തലയ്ക്കും സാരമായി പരിക്കേറ്റു

മതവും സ്ഥലവും ചോദിച്ചു; കശ്മീരില്‍ നിന്നുള്ള മുസ്‌ലിം എന്ന് പറഞ്ഞതോടെ 18കാരനെ ക്രൂരമായി മർദിച്ച് ആള്‍ക്കൂട്ടം
dot image

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കശ്മീർ സ്വദേശിയായ പതിനെട്ടുകാരനെ ആൾക്കൂട്ടം മർദിച്ചതായി പരാതി. തബീഷ് അഹമ്മദ് എന്ന കുട്ടിക്കാണ് മർദനമേറ്റത്. കശ്മീരി മുസ്‌ലിമാണെന്ന് ആക്രോശിച്ചാണ് ഒരു സംഘം ക്രൂരമായി മർദിച്ചത്. ആക്രമണത്തിൽ തബീഷിൻ്റെ കൈ ഒടിഞ്ഞു. തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.

ജനുവരി 28 ന് വൈകിട്ടായിരുന്നു സംഭവം നടന്നത്. ഉത്തരാഖണ്ഡിലെ വികാസ് നഗർ പ്രദേശത്ത് കശ്മീരി ഷോളുകൾ വിൽക്കുകയായിരുന്നു തബീഷും ബന്ധുവും. ഇതിനിടെ ചായ കുടിക്കുന്നതിനായി തബീഷും ബന്ധുവും കൂടി സമീപത്തെ കടയിൽ പോയി. ഈ സമയം കടക്കാരനും കടയിൽ ഉണ്ടായിരുന്ന ചിലരും തബീഷിൻ്റെയും ബന്ധുവിൻ്റെയും മതവും സ്വദേശവും ചോദിച്ചു. കശ്മീരിൽ നിന്നുള്ളവരാണെന്നും മുസ്‌ലിം വിഭാഗത്തിൽപ്പെട്ടവരാണെന്നും പറഞ്ഞതോടെ സംഘം തബീഷിനെയും ബന്ധുവിനെയും മർദിച്ചതായാണ് ആരോപണം. ഇരുമ്പ് വടിയും മറ്റും ഉപയോഗിച്ചായിരുന്നു മർദനമെന്നും തബീഷിൻ്റെ ബന്ധുക്കൾ പറഞ്ഞു.

തബീഷിനെയും ബന്ധുവിനെയും ആദ്യം സമീപത്തെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പരിക്ക് സാരമുള്ളതായിരുന്നതിനാൽ വിദഗ്ധ ചികിത്സയ്ക്കായി തബീഷിനെ ഡെറാഡൂണിലെ ഡൂൺ ആശുപത്രിയിലേക്ക് മാറ്റി. തബീഷിൻ്റെ തലയ്ക്ക് പതിനൊന്നോളം സ്റ്റിച്ചുണ്ട്.

സംഭവത്തെ അപലപിച്ച് കോൺഗ്രസ് രംഗത്തെത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ തുടർക്കഥയാണെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി ജമ്മു കശ്മീർ സ്റ്റുഡന്റസ് അസോസിയേഷനും രംഗത്തുവന്നിട്ടുണ്ട്. സംസ്ഥാനത്ത് കശ്മീരി യുവാക്കൾക്ക് നേരെയുള്ള ആക്രമണം പതിവാണെന്നും വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് സംഘടന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്തയച്ചിട്ടുണ്ട്.

Content Highlights: An 18-year-old Kashmiri youth has filed a complaint alleging that he was brutally assaulted by a group in Uttarakhand. According to the complaint, the attackers targeted him after identifying him as a Kashmiri Muslim.

dot image
To advertise here,contact us
dot image