

തിരുവനന്തപുരം: യൂണിഫോമിൽ ബാറിലെത്തി മദ്യ സൽക്കാരത്തിൽ പങ്കെടുത്ത എക്സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ബാർ ലൈസൻസി ഒരുക്കിയ മദ്യ സൽക്കാരത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥർ പങ്കെടുത്തത്. കോവളത്തെ ഡയമണ്ട് പാലസ് ഹോട്ടലിൽ ആയിരുന്നു മദ്യ സൽക്കാരം നടന്നത്.
വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി ജി സുനിൽകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ആശ, അഞ്ജന എന്നിവരാണ് മദ്യ സൽക്കാരത്തിൽ പങ്കെടുത്തത്. സംഭവം വിവാദമായതോടെയാണ് മൂവരെയും സസ്‌പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥർ എക്സൈസ് വകുപ്പിന്റെ സത്പേരിന് കളങ്കം വരുത്തിയെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. പിന്നാലെയാണ് മൂവരെയും സസ്‌പെൻഡ് ചെയ്തത്.
കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പരസ്യ മദ്യപാനം വിവാദമായിരിക്കെയാണ് എക്സൈസ് ഉദ്യോഗസ്ഥരും വിവാദത്തിൽപ്പെട്ടിരിക്കുന്നത്. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ ഇരുന്ന് മദ്യപിച്ച ആറ് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഗ്രേഡ് എസ്‌ഐ ബിനു, സിപിഒമാരായ അരുണ്‍, രതീഷ്, അഖില്‍രാജ്, അരുണ്‍ എംഎസ്, മനോജ് കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
പൊലീസ് സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട വാഹനത്തില്‍ പൊലീസുകാര്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്തുവിട്ടത്. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍വെച്ചായിരുന്നു ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ പരസ്യമദ്യപാനം. കഴക്കൂട്ടത്തെ ഹോട്ടലുടമയുടെ മകളുടെ വിവാഹ സല്‍ക്കാരത്തിന് മുന്നോടിയായിട്ടായിരുന്നു മദ്യപാനം.
Content Highlights: Excise officers in Kerala were suspended after drinking while in uniform