
ദുബായിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തമ്മിലുള്ള ഡിജിറ്റല്‍ സംയോജനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സും ദുബായ് കോര്‍ട്ടും തമ്മില്‍ ഡിജിറ്റല്‍ സഹകരണ കരാര്‍ ഒപ്പുവെച്ചു. നീതിന്യായ അന്വേഷണ സേവനങ്ങള്‍ സുഗമമാക്കാനും ഡാറ്റാ കൈമാറ്റത്തിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കാനുമായി വികസിപ്പിക്കുന്ന ഇലക്ട്രോണിക് സംവിധാനത്തിന്റെ ഭാഗമായാണ് പുതിയ കരാര്‍.
ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ജൈടെക്‌സ് ഗ്ലോബല്‍ വേദിയില്‍ ജിഡിആര്‍എഫ്എ ദുബായ് ഡയറക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റിയും ദുബായ് കോടതികളുടെ ഡയറക്ടര്‍ ജനറല്‍ ഡോ. സൈഫ് ഗാനിം അല്‍ സുവൈദിയും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്. ഇരുസ്ഥാപനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഏകോപനവും സംയോജിത സേവനവിതരണവും കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പുതിയ ചുവടുവെപ്പാണിതെന്ന് ലെഫ്. ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റി പറഞ്ഞു.
Content Highlights: GDRFA-Dubai and Dubai Courts Sign a Digital Cooperation Agreement