
ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബൈസൺ കാലമാടൻ. സിനിമയിൽ രജീഷ വിജയനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെ വെള്ളത്തിലേക്ക് എടുത്ത് ചാടിയ താൻ മുങ്ങി പോയെന്നും ആ നിമിഷം മരണത്തെ മുഖാ മുഖം കണ്ടെന്നും പറയുകയാണ് നടി. സിനിമയുടെ പ്രീ റിലീസ് വേദിയിൽ സംസാരിക്കുകയായിരുന്നു രജീഷ. താൻ വെള്ളത്തിൽ മുങ്ങി പോകുന്നത് കണ്ട സംവിധായകൻ തന്റെ ഷൂസോ, കൂളിംഗ് ഗ്ലാസോ ഒന്നും മാറ്റാതെ വെള്ളത്തിലേക്ക് എടുത്ത് ചാടി തന്നെ രക്ഷിച്ചുവെന്നും രജീഷ പറഞ്ഞു. വളരെ വികാരഭരിതയായി കണ്ണീർ അടക്കാൻ ആവാതെയാണ് രജീഷ ഈ അനുഭവം പങ്കിട്ടത്.
'സിനിമയുടെ ചിത്രീകരണത്തിൽ വെള്ളത്തിലേക്ക് ചാടേണ്ട ഒരു രംഗമുണ്ടായിരുന്നു. ‘കർണൻ’ സിനിമയ്ക്കായി ഞാൻ നീന്തൽ പഠിച്ചതുകൊണ്ട്, നേരത്തെ തന്നെ മാരി സർ എന്നോട് നീന്തൽ അറിയാമോ എന്ന് ചോദിച്ചിരുന്നു. രംഗം ചെയ്യാനുള്ള ആഗ്രഹത്തിൽ അറിയാം എന്ന് ഞാൻ മറുപടി പറഞ്ഞു. എന്നാൽ അത് നാല് വർഷം മുമ്പായിരുന്നു, സത്യത്തിൽ ഞാൻ നീന്തൽ മറന്നുപോയിരുന്നു. വെള്ളത്തിലേക്ക് ചാടിയപ്പോൾ, ഞാൻ താഴേക്ക് പോകുന്നത് പോലെ തോന്നി. ആ അഞ്ച് സെക്കൻഡിൽ എന്റെ അവസാനമായിരിക്കുമെന്ന് ഞാൻ കരുതി. പല കാര്യങ്ങളും മനസ്സിലൂടെ മിന്നിമറഞ്ഞു.
ആളുകൾ എന്നെ രക്ഷിക്കുന്നതായി എനിക്ക് തോന്നി. ഞാൻ സ്വയം നിയന്ത്രണം വീണ്ടെടുത്ത് ചുറ്റും നോക്കിയപ്പോൾ, കൂളിങ് ഗ്ലാസ് വച്ച് വെള്ളത്തിൽ നിൽക്കുന്ന ഒരാളെയാണ് കണ്ടത്. അത് സംവിധായകൻ മാരി സാർ ആയിരുന്നു. അദ്ദേഹം ഷൂസോ, സോക്സോ, കൂളേഴ്സോ പോലും മാറ്റാതെ പെട്ടന്നാണ് എന്നെ രക്ഷിക്കാൻ ചാടിയതാണ്. ആ കാഴ്ച എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ‘ബൈസൺ’ ഒരു സ്പോർട്സ് ഡ്രാമ മാത്രമല്ല മാരി സെൽവരാജിന്റെ മുൻ സിനിമകൾ നൽകിയതിനേക്കാൾ കൂടുതൽ ഈ സിനിമയിൽ പ്രേക്ഷകർക്ക് ലഭിക്കും,' രജീഷ വിജയൻ പറഞ്ഞു.
ഒക്ടോബർ 17 ന് ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. തമിഴ്നാട്ടിലെ കബഡി താരമായ മാനത്തി ഗണേശന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കും എന്നാണ് മാരി സെല്‍വരാജ് വ്യക്തമാക്കിയത്. ചിത്രത്തിന് സംഗീതം നൽകുന്നത് നിവാസ് കെ പ്രസന്നയാണ്. ഏഴിൽ അരസ് ആണ് ഛായാഗ്രഹണം. ആർട്ട് കുമാർ ഗംഗപ്പൻ, എഡിറ്റിങ് ശക്തികുമാർ. കോസ്റ്റ്യൂം ഏകൻ ഏകംബരം. ആക്ഷൻ ദിലീപ് സുബ്ബരായൻ.
Content Highlights: Rajisha Vijayan shares the moment she thought she was going to die