തൂവാനത്തുമ്പികളുടെ നിർമാതാവ് പി സ്റ്റാൻലി അന്തരിച്ചു

'രാജൻ പറഞ്ഞ കഥ'’, ‘തോൽക്കാൻ എനിക്കു മനസ്സില്ല’, ‘വയനാടൻ തമ്പാൻ’ തുടങ്ങിയ സിനിമകളുടെ വിതരണക്കാരനായി

തൂവാനത്തുമ്പികളുടെ നിർമാതാവ് പി സ്റ്റാൻലി അന്തരിച്ചു
dot image

നിർമാതാവ് പി സ്റ്റാൻലി അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൂന്നു ദശാബ്ദക്കാലം ചെന്നൈയിൽ എ വിൻസന്റ്, തോപ്പിൽ ഭാസി എന്നിവർക്കൊപ്പം സഹസംവിധായകൻ, കഥാകൃത്ത് എന്നീ നിലകളിൽ പ്രവർത്തിച്ചു. ‘വെളുത്ത കത്രീന’, ‘ഏണിപ്പടികൾ’, ‘അസുരവിത്ത്’, ‘തുലാഭാരം’, ‘നദി’, ‘അശ്വമേധം’, ‘നിഴലാട്ടം’, ‘നഗരമേ നന്ദി’, ‘പ്രിയമുള്ള സോഫിയ’, ‘അനാവരണം’, ‘പൊന്നും പൂവും’ തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളുടെ സഹസംവിധായകനാണ്. ‘തൂവാനത്തുമ്പികൾ’, ‘മോചനം’, ‘വരദക്ഷിണ’, ‘തീക്കളി’ തുടങ്ങി നിരവധി സിനിമകളുടെ നിർമാതാവായിരുന്നു. ‘രാജൻ പറഞ്ഞ കഥ’, ‘തോൽക്കാൻ എനിക്കു മനസ്സില്ല’, ‘വയനാടൻ തമ്പാൻ’ തുടങ്ങിയ സിനിമകളുടെ വിതരണക്കാരനായി.

കൊല്ലത്തെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്ന പോളിക്കാർപ്പിന്റെയും പി മേരിയുടെയും മകനാണ്. മദ്രാസ് ഡോൺബോസ്കോ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്‌ ജേണലിസവും സംവിധാനത്തിൽ പരിശീലനവും നേടി. 1965-ൽ കൊല്ലത്ത് സിതാര പ്രിന്റേഴ്സ് ആരംഭിച്ചു. 1966 മുതൽ ചെന്നൈയായിരുന്നു പ്രവർത്തനകേന്ദ്രം.

‘വാസ്തുകലാപീഠം’ എന്ന കെട്ടിടനിർമാണസ്ഥാപനത്തിന്റെ ഡയറക്ടറും വാസ്തു കൺസൾട്ടന്റുമായിരുന്നു. ‘കനൽവഴിയിലെ നിഴലുകൾ’, ‘മാന്ത്രികപ്പുരത്തിന്റെ കഥ’, ‘പ്രണയത്തിന്റെ സുവിശേഷം’, ‘ഹൃദയത്തിന്റെ അവകാശികൾ’, ‘ഇന്ദ്രപ്രസ്ഥത്തിന്റെ ഇതിഹാസം’ എന്നീ നോവലുകളും ‘ഒരിടത്തൊരു കാമുകി’ എന്ന കഥാസമാഹാരവും ‘വാസ്തുസമീക്ഷ’ എന്ന ശാസ്ത്രപുസ്തകവും ‘ഓർമ്മകളുടെ വെള്ളിത്തിര’, ‘നിലാവും നക്ഷത്രങ്ങളും’, ‘ആയുസ്സിന്റെ അടിക്കുറിപ്പുകൾ’ എന്നീ ഓർമ്മപ്പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ സാലമ്മ സ്റ്റാൻലി. മക്കൾ: ഷൈനി ജോയി, ബെൻസൺ സ്റ്റാൻലി (മാനേജിങ് ഡയറക്ടർ, റിഫ്ക്കൺ, സൗദി അറേബ്യ), സുനിൽ സ്റ്റാൻലി(പ്രിൻസിപ്പൽ ആർക്കിടെക്ട്, ഇന്നർ സ്‌പെസ് ഇന്റീരിയർ ഡിസൈൺ എൽഎൽസി, ദുബായ്). മരുമക്കൾ: ജോയി, ഡോ. പർവീൺ മോളി, ബിനു സുനിൽ. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് മുട്ടട ഹോളിക്രോസ് ചർച്ചിൽ.

Content Highlights: Producer P stanly passed away

dot image
To advertise here,contact us
dot image