

നാട്ടിലെ റോഡുകളിലെ കുഴികളെ കുറിച്ച് പറയേണ്ടതില്ലല്ലോ. മഴക്കാലമായാൽ റോഡേത് വെള്ളക്കെട്ടേത് എന്ന് തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യം നാട്ടിൻ പുറത്തെ റോഡുകളിലെങ്കിലും സർവസാധാരണമാണ്. നമ്മുടെ വണ്ടികൾ എങ്ങനെ ഈ റോഡിലൂടെ സഞ്ചരിക്കും അവയ്ക്ക് കേടുപാടുകൾ സംഭവിക്കുമല്ലോ എന്നാകും ഭൂരിഭാഗവും ചിന്തിക്കുക. പക്ഷേ ഇത്തരം റോഡുകളിലൂടെ പോകുമ്പോൾ അത് നമ്മുടെ ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? കുഴികൾ നിറഞ്ഞ റോഡിലൂടെയുള്ള യാത്ര നിങ്ങളുടെ കഴുത്തിനും നടുവിനും പ്രശ്‌നങ്ങൾ സൃഷ്ടിക്കും. മസിൽ സ്റ്റിഫ്‌നസ്, നാഡികൾ ചുരുങ്ങുക എന്നിവ മാത്രമല്ല നീണ്ടകാലം അനുഭവിക്കേണ്ടിവരുന്ന ശാരീരിക പ്രശ്‌നങ്ങളെല്ലാം ഇതിൽ ഉൾപ്പെടും.
ഡ്രൈവറായി ജോലി ചെയ്യുന്നവർ മിക്കപ്പോഴും ഇത്തരം പ്രശ്‌നങ്ങളെ സാധാരണയായി സംഭവിക്കുന്ന ക്ഷീണമായി മാത്രം കണക്കാക്കുമ്പോൾ, ചെറുതായുള്ള വേദനപോലും അതികഠിനമായ അവസ്ഥയിലേക്ക് മാറുമെന്നാണ് ഡോക്ടർമാർ തരുന്ന മുന്നറിയിപ്പ്. യുവാക്കൾക്കിടയിൽ നടുവേദനയാണ് പ്രധാന പ്രശ്‌നം. പക്ഷേ ഇവർക്ക് പ്രായമാകുമ്പോഴാകും ആരോഗ്യത്തിൽ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാവുക. ഈ പ്രശ്‌നം ആദ്യഘട്ടത്തിൽ ചെറിയ വേദനയിലാകും ആരംഭിക്കുക പോകപോകെ ഇത് ഉറക്കത്തെയും നമ്മുടെ ചലനത്തെയും ബാധിക്കുമെന്ന് ബെംഗളുരുവിലെ മണിപ്പാല്‍ ഹോസ്പിറ്റലിലെ സ്പൈന്‍ കെയർ കൺസൾട്ടന്റായ ഡോ അജയ് കുമാർ എസ് പി പറയുന്നു.
കുണ്ടുംകുഴിയുമുള്ള റോഡിലൂടെയുള്ള യാത്രക്കിടയിൽ കാറിന്റെ ചലനമനുസരിച്ച് സ്‌പൈനൽ ഡിസ്‌ക്ക് ചുരുങ്ങും, അതിന്റെ കുഷ്യണിങ് എമ്പിളിറ്റിയെ ഇത് ബാധിക്കും. പിന്നാലെ ഡിസ്‌കിന്റെ ഫ്‌ളെക്‌സിബിളിറ്റിയും ഉയരവും കുറയും. ഇത് വേദനയിലേക്ക് മാറും. വീണ്ടും വീണ്ടും ഈ യാത്രരീതി തുടരുന്നത്, അവസ്ഥ കൂടുതൽ പ്രശ്‌നത്തിലാക്കുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.
നിങ്ങളുടെ നടുവിനുണ്ടാകുന്ന ആഘാതം ഇത്തരത്തിലാണെങ്കിൽ നിങ്ങളുടെ കഴുത്തും ഇത്തരം യാത്രകളെ തുടർന്ന് പ്രശ്നത്തിലാവുന്നുണ്ട്. സ്പീഡ് ബ്രേക്കറുകളിലും കുഴികളിലുമൊക്കെ അപ്രതീക്ഷിതമായി വണ്ടി കയറി ഇറങ്ങുമ്പോൾ നിങ്ങളുടെ തലയെ സംരക്ഷിക്കാൻ കഴുത്തിലെ മസിലുകൾ സങ്കോചിക്കും. കാലങ്ങൾ പോകുമ്പോൾ നിരന്തരമായി ഉണ്ടാവുന്ന ഈ സമ്മർദം സെർവിക്കൽ സ്‌പോണ്ടിലോസിസിന് കാരണമാകും. തീർന്നില്ല മസിലുകളിൽ സമ്മർദം, സെർവിക്കൽ ഡിസ്‌കിലെ തേയ്മാനം എന്നിവയെല്ലാം ഇതിന്‍റെ ഫലമായി ഉണ്ടാകുമെന്ന് മണിപ്പാൽ ഹോസ്പിറ്റൽ ജോയിന്റ് റീപ്ലേസ്‌മെന്റ് ആൻഡ് സ്‌പോട്‌സ് മെഡിസിൻ കൺസൾട്ടന്റ് ഡോ രാജേഷ് ശ്രീനിവാസ് വ്യക്തമാക്കുന്നു. ഡ്രൈവർമാരാണ് ഇക്കാര്യം കൂടുതലും ശ്രദ്ധിക്കേണ്ടത്. കഴുത്ത് വേദന, തോളിലെ പിരിമുറുക്കം, തലവേദന, കൈകളിലെ തരിപ്പ് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
എങ്ങനെ നമ്മുടെ നട്ടെല്ലിനെ സംരക്ഷിക്കാം
ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്, നമ്മൾ ഇരിക്കുന്ന രീതിയിലാണ് ആദ്യം മാറ്റം വരേണ്ടതെന്നാണ്. നിങ്ങളുടെ പുറംഭാഗം കൃത്യായി റസ്റ്റ് ചെയ്യുന്ന രീതിയിൽ സീറ്റ് ക്രമീകരിക്കാം. തല എപ്പോഴും മുന്നോട്ട് നീണ്ടിരിക്കുകയല്ലെന്ന് ഉറപ്പുവരുത്താം. സ്‌ട്രെയിൻ കുറയ്ക്കാൻ സ്റ്റിയറിങ് വീൽ നെഞ്ചിന്റെ ഉയരത്തിനൊപ്പമാക്കുക.
Content Highlights: Potholes causing not only back pain... doctors explaining