
തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെ മകനും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ ചെറുമകനുമായ ഇന്‍ബന്‍ ഉദയനിധി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നെന്ന് റിപ്പോർട്ട്. മാരി സെല്‍വരാജ് ചിത്രത്തിലൂടെയായിരിക്കും ഇന്‍ബന്‍റെ സിനിമാ അരങ്ങേറ്റം എന്നാണ് സൂചന.
പിതാവ് ഉദയനിധി സ്റ്റാലിന്‍ സ്ഥാപിച്ച റെഡ് ജയന്റ് മൂവീസ് എന്ന നിർമാണ കമ്പനിയുടെ ചുമതല ഏറ്റെടുത്തതിന് പിന്നാലെ ഇൻബൻ അഭിനയത്തിലേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇന്‍ബനോ കുടുംബമോ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. 20 കാരനായ ഇന്‍ബനാണ് ഇപ്പോള്‍ റെഡ് ജയന്റ് മൂവീസിന്‍റെ ചുമതല നിര്‍വഹിക്കുന്നത്. 2023 ൽ പുറത്തിറങ്ങിയ മാമന്നൻ എന്ന സിനിമയിലാണ് ഉദയനിധി സ്റ്റാലിനും മാരി സെൽവരാജും അവസാനമായി ഒന്നിച്ചത്. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വിജയിച്ചിരുന്നു.
അതേസമയം, ധ്രുവ് വിക്രമിനെ നായകനാക്കി ഒരുങ്ങുന്ന ബൈസൺ ആണ് ഇനി പുറത്തുവരാനുള്ള മാരി സെൽവരാജ് ചിത്രം. ഒക്ടോബർ 17 ന് ചിത്രം പുറത്തിറങ്ങും. തമിഴ്നാട്ടിലെ കബഡി താരമായ മാനത്തി ഗണേശന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കും എന്നാണ് മാരി സെല്‍വരാജ് വ്യക്തമാക്കിയത്. അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റർടെയ്ൻമെൻറ്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകുന്നു. ചിത്രത്തിന് സംഗീതം നല്കുന്നത് നിവാസ് കെ പ്രസന്നയാണ്. ഏഴിൽ അരസ് ആണ് ഛായാഗ്രഹണം. ആർട്ട് കുമാർ ഗംഗപ്പൻ, എഡിറ്റിങ് ശക്തികുമാർ. കോസ്റ്റ്യൂം ഏകൻ ഏകംബരം. ആക്ഷൻ ദിലീപ് സുബ്ബരായൻ.
Content Highlights: Udayanidhi stalin son to debut with mari selvraj film