'ഞാന്‍ എവിടേയ്ക്കും ഒളിച്ചോടിയിട്ടില്ല, ഫിറോസിനുള്ളതുപോലെ ബിസിനസ്, ജോബ് വിസ എനിക്കില്ല'; കെ ടി ജലീല്‍

ജലീലിനെ കാണാനില്ലെന്ന് പരിഹസിച്ചുള്ള പി കെ ഫിറോസിന്‍റെ ഫേസ്ബുക്ക് കുറിപ്പിനോടായിരുന്നു പ്രതികരണം

'ഞാന്‍ എവിടേയ്ക്കും ഒളിച്ചോടിയിട്ടില്ല, ഫിറോസിനുള്ളതുപോലെ ബിസിനസ്, ജോബ് വിസ എനിക്കില്ല'; കെ ടി ജലീല്‍
dot image

മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന് മറുപടിയുമായി കെ ടി ജലീൽ എംഎൽഎ. താൻ എവിടേയ്ക്കും ഒളിച്ചോടിയിട്ടില്ലെന്നും തനിക്ക് എവിടേയും ബിസിനസ് വിസയില്ലെന്നും ജലീൽ പരിഹാസരൂപേണ പറഞ്ഞു. ജലീൽ ഒളിച്ചോടിയെന്ന് പി കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ജലീലിന്റെ പ്രതികരണം.

'ഞാൻ എങ്ങോട്ട് ഒളിച്ചോടാനാണ്. എനിക്ക് ഒരു രാജ്യത്തും ജോബ് വിസയോ ബിസിനസ് വിസയോ ഇല്ല. വിദേശരാജ്യങ്ങളിലേക്ക് ഒളിച്ചോടാൻ എനിക്ക് സാധിക്കില്ല. ഞാൻ ഉന്നയിച്ച കാര്യങ്ങളിൽ നിന്നും ഒളിച്ചോടാനാണ് പഴകിപുളിച്ച ആരോപണവുമായി ഫിറോസ് രംഗത്ത് വരുന്നത്' ജലീൽ പറഞ്ഞു. ഫിറോസിനെ പോലുള്ള പ്രമാണിമാർക്ക് കിട്ടുന്നതാണ് ബിസിനസ് വിസ. വിഷയം നിയമസഭയിൽ കൊണ്ടുവരാൻ ലീഗിനെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജലീലിനെ പരിഹസിച്ച് പി കെ ഫിറോസ് പങ്കുവെച്ച കുറിപ്പ്…

കണ്ടവരുണ്ടോ?
ഞാൻ ഒരു പത്രസമ്മേളനം നടത്തിയാൽ മണിക്കൂറുകൾക്കുള്ളിൽ മറുപടി പത്രസമ്മേളനം നടത്തിയിരുന്ന, ഫെയിസ്ബുക്കിൽ പോസ്റ്റിട്ടാൽ മിനുറ്റുകൾക്കുള്ളിൽ മറുപടി നൽകിയിരുന്ന ഒരാളെ ഇന്നലെ മുതൽ കാണാനില്ല. മലയാളം സർവകലാശാലയുടെ ഭൂമിതട്ടിപ്പിൽ നേരിട്ട് ഇടപെട്ടതിന്റെ തെളിവുകൾ പുറത്ത് വന്നതിന് ശേഷമാണ് ആളെ കാണാതായത്.
കണ്ട് പിടിക്കാനുള്ള അടയാളങ്ങൾ;
മുസ്ലിം ലീഗ്, ദോത്തി ചലഞ്ച്, ദുബായ് ദുബായ് എന്നിങ്ങനെ ഇടക്കിടെ വിളിച്ചു പറയും. പോരാത്തതിന് സ്വജനപക്ഷപാതം നടത്തിയതിന്റെ പേരിൽ മന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കേണ്ടി വന്നതിന്റെ പകയും നിരാശയും മുഖത്ത് കാണാം. പിടിക്കപ്പെടുമെന്നുറപ്പായാൽ ഖുർആൻ ഉയർത്തിക്കാണിച്ച് രക്ഷപ്പെടാൻ ശ്രമിക്കും. കണ്ടെത്തുന്നവർ ഉടനെ അറിയിക്കുക.
മകനേ തിരിച്ചു വരൂ. എല്ലാവരും കാത്തിരിക്കുകയാണ്.

പി കെ ഫിറോസും കെ ടി ജലീലും തമ്മിലുള്ള വാക്ക്പോര് തുടരുകയാണ്. ഫിറോസ് ബിനാമിയാണെന്നും ഹവാല ഇടപാടാണ് നടത്തുന്നയാളാണെന്നും ജലീൽ ആരോപിച്ചിരുന്നു. മുസ് ലിം യൂത്ത് ലീഗ് നടത്തിയ ദോത്തി ചലഞ്ചിലടക്കം ഫിറോസ് അഴിമതികാണിച്ചെന്നും ഗൾഫിലും നാട്ടിലുമായി ബിനാമികളെ വെച്ച് ബിസിനസ് നടത്തുകയാണെന്നും ജലീൽ പറഞ്ഞിരുന്നു. എന്നാൽ പരസ്പര പോരിനിടെ തിരൂരിലെ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ഭൂമി ഏറ്റെടുക്കൽ ഇടപാടിൽ മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രിയായ കെ ടി ജലീലിന് പങ്കുണ്ടെന്നായിരുന്നു ഫിറോസ് ഉന്നയിച്ച ആരോപണം.

Content Highlights: KT Jaleel reaction about P K Firos facebook post

dot image
To advertise here,contact us
dot image