ചിത്തിരപുരത്ത് തൊഴിലാളികളുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിൽ; റിസോർട്ടിൽ നടന്നത് അനധികൃത നിർമ്മാണം

പള്ളിവാസൽ വില്ലേജ് ഓഫീസർ റിസോർട്ട് പൂട്ടി താക്കോൽ ദേവികുളം സബ് കളക്ടർക്ക് കൈമാറിയിരുന്നു

ചിത്തിരപുരത്ത് തൊഴിലാളികളുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിൽ; റിസോർട്ടിൽ നടന്നത് അനധികൃത നിർമ്മാണം
dot image

ഇടുക്കി: ചിത്തിരപുരത്ത് സുരക്ഷാഭിത്തി നിർമ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് രണ്ടു പേർ മരിക്കാനിടയായ സംഭവത്തിൽ ഗുരുതരവീഴ്ച. റിസോര്‍ട്ടില്‍ നടന്നത് അനധികൃത നിർമ്മാണമാണെന്ന് വ്യക്തമാകുന്ന രേഖകൾ റിപ്പോർട്ടറിന് ലഭിച്ചു. ആനച്ചാൽ പ്രദേശത്തെ 'മിസ്റ്റി വണ്ടേഴ്‌സ്' എന്ന റിസോർട്ടിൽ നടന്നത് അനധികൃത നിർമ്മാണമെന്ന് മൂന്നാർ സ്‌പെഷ്യൽ തഹസിൽദാർ നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് റിസോർട്ടിന്റെ പ്രവർത്തനം 2025 ജനുവരിയിൽ തന്നെ തടഞ്ഞിരുന്നു. ഈ നിരോധനം കാറ്റില്‍ പറത്തി നടത്തിയ നിര്‍മ്മാണമാണ് രണ്ട് തൊഴിലാളികളുടെ ജീവനെടുക്കുന്നതിലേക്ക് നയിച്ചത്.

പള്ളിവാസൽ ഗ്രാമ പഞ്ചായത്തിന്റേയും ദേവികുളം തഹസിൽദാരുടേയും എൻഒസി ഉത്തരവിൽ പരാമർശിച്ച നിബന്ധനകൾ ലംഘിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർമ്മാണ പ്രവർത്തനം താൽകാലികമായി നിർത്തിവെക്കേണ്ടതാണെന്നും സ്‌പെഷ്യൽ താഹസിൽദാർ നിരോധന നോട്ടീസിൽ പറയുന്നുണ്ട്. പിന്നാലെ പള്ളിവാസൽ വില്ലേജ് ഓഫീസർ റിസോർട്ട് പൂട്ടി താക്കോൽ ദേവികുളം സബ് കളക്ടർക്ക് കൈമാറിയിരുന്നു.

റിസോർട്ടിന്റെ സുരക്ഷാഭിത്തി നിർമിക്കുന്നതിനിടെയാണ് തൊഴിലാളികൾക്കുമേൽ മൺകൂന ഇടിഞ്ഞുവീണത്. ആനച്ചാൽ ശങ്കുപ്പടി സ്വദേശി രാജീവൻ, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് ചിത്തിരപുരം പള്ളിക്ക് സമീപം മൺകൂന ഇടിഞ്ഞ് തൊഴിലാളികൾക്ക് മേൽ പതിച്ചത്. അപകട ഭീഷണിയിൽ ആയിരുന്ന റിസോർട്ടിന് സുരക്ഷാഭിത്തി നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അടിമാലി , മൂന്നാർ ഫയർഫോഴ്സ് യൂണിറ്റുകളും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെയാണ് തലയും ഉടലും വേർപ്പെട്ട നിലയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ മറ്റൊരാളുടെ മൃതദേഹവും പുറത്തെടുത്തു. കല്ലും മണ്ണും ഉൾപ്പെടെയാണ് തൊഴിലാളികൾക്കുമേൽ പതിച്ചത്. തൊഴിലാളികൾക്ക് വേണ്ടത്ര സുരക്ഷ ഒരുക്കാതെയാണ് കോൺട്രാക്ടർ ജോലി ചെയ്യിപ്പിച്ചതെന്ന ആരോപണം പിന്നാലെ ഉയർന്നിരുന്നു.

Content Highlights: idukki resort accident, and two people death; Illegal construction at the resort

dot image
To advertise here,contact us
dot image