
സന: യെമനില്‍ ഇസ്രയേല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഹൂതി നിയന്ത്രണത്തിലുള്ള ഹൊദെയ്ദ തുറമുഖം ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. ഇസ്രയേലിനെ ആക്രമിക്കാനായി ഇറാന്‍ വിതരണം ചെയ്യുന്ന ആയുധങ്ങള്‍ കൈമാറാനാണ് ഹൂതികള്‍ തുറമുഖം ഉപയോഗിക്കുന്നതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന പറഞ്ഞു. 12 തവണ വ്യോമാക്രമണം ഉണ്ടായതായി ഹൂതികള്‍ പറയുന്നു. ഇസ്രയേലിന് നേരെ ഹൂത്തി ഭരണകൂടം നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് തിരിച്ചടി.
'കുറച്ച് മുന്‍പ്, യെമനിലെ ഹൊദെയ്ദ തുറമുഖത്ത് ഹൂത്തി തീവ്രവാദ ഭരണകൂടത്തിന്റെ സൈനിക കേന്ദ്രം ഐഡിഎഫ് ആക്രമിച്ചു. ഇസ്രയേലിനെതിരെ പ്രവര്‍ത്തിക്കാന്‍ ഇറാനിയന്‍ ഭരണകൂടത്തിന്റെ യുദ്ധോപകരണങ്ങള്‍ കൈമാറുന്നതിന് ഹൊദെയ്ദ തുറമുഖം ഹൂത്തി ഭരണകൂടത്തെ സഹായിക്കുന്നു', ആക്രമണം സംബന്ധിച്ച്ഐഡിഎഫ് എക്‌സില്‍ കുറിച്ചു.
ഹൊദെയ്ദ തുറമുഖം ആക്രമിക്കുമെന്ന് ഇസ്രയേല്‍ സൈനിക വക്താവ് അദ്രെയ് അദ്രായി മുന്നറിയിപ്പ് നല്‍കിയിരുന്നു. മണിക്കൂറുകള്‍ക്കകം തിരിച്ചടിയുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. 'യെമനിലെ ഹൊദെയ്ദ തുറമുഖത്ത് സന്നിഹിതരായ എല്ലാവര്‍ക്കും അടിയന്തര മുന്നറിയിപ്പ്. ഹൂത്തികളുടെ പ്രദേശത്ത് വരും മണിക്കൂറില്‍ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തും. ഹൊദെയ്ദ തുറമുഖത്തുള്ള മുഴുവന്‍ പേരോടും അവിടെ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളോടും പ്രദേശം വിടാന്‍ അഭ്യര്‍ത്ഥിക്കുന്നു'വെന്നായിരുന്നു സൈനിക വക്താവിന്റെ അറിയിപ്പ്.
കഴിഞ്ഞദിവസം യെമന്‍ തലസ്ഥാനമായ സനയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. ഇസ്രയേലിന് നേരെ ഹൂതികള്‍ തുടര്‍ച്ചയായി നടത്തുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ ആക്രമണമെന്നാണ് ഐഡിഎഫ് പ്രതികരിച്ചത്.
Content Highlights: Israel Strikes Yemen's Houthi-Controlled Hodeidah Port