
കോഴിക്കോട്: കേരള യാത്രയ്ക്ക് ഒരുങ്ങി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കന്യാകുമാരി മുതല്‍ മംഗലാപുരം വരെയാണ് യാത്ര. സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ മുന്നോടിയായാണ് കേരള യാത്ര തീരുമാനിച്ചിരിക്കുന്നത്. ഡിസംബര്‍ 18നാണ് യാത്ര ആരംഭിക്കുന്നത്. പത്ത് ദിവസം നീളുന്ന യാത്രയാണ് പദ്ധതിയിടുന്നത്.
സമസ്ത പ്രസിഡന്റ് ആദ്യമായാണ് ഇത്തരമൊരു യാത്ര നടത്തുന്നത്. നേരത്തെ സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ കേരള യാത്ര നടത്തിയിരുന്നു. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും പ്രവര്‍ത്തകരെ കൂടി പങ്കാളികളാക്കാനാണ് കന്യാകുമാരിയില്‍ നിന്ന് തുടങ്ങി മംഗലാപുരത്ത് യാത്ര അവസാനിപ്പിക്കുന്നതെന്ന് എസ്‌വൈഎസ് നേതാവ് മുസ്തഫ മുണ്ടുപാറ പ്രതികരിച്ചു.
അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ കാസര്‍കോട്ടാണ് സമസ്ത വാര്‍ഷിക സമ്മേളനം നടക്കുന്നത്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍-സമസ്ത തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടയിലാണ് ജിഫ്രി തങ്ങള്‍ കേരള യാത്ര നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ നൂറാം വാര്‍ഷിക സമ്മേളന പരിപാടികളില്‍ സമസ്തയിലെ ലീഗ് അനുകൂല പക്ഷത്തിന്റെ പ്രാതിനിധ്യം കുറവാണ്.
സമാന്തരമായി സുന്നി മഹല്ല് ഫെഡറേഷന്റെ (എസ്എംഎഫ്) ബാനറില്‍ ലീഗ് പക്ഷം മറ്റുപരിപാടികള്‍ നടത്തുന്നുണ്ട്. സാദിഖലി തങ്ങളെ സമുദായ നേതൃത്വമായി പ്രഖ്യാപിച്ചാണ് എസ്എംഎഫിന്റെ പരിപാടികള്‍. കഴിഞ്ഞ ദിവസം എസ്എംഎഫ് വടകരയില്‍ സംഘടിപ്പിച്ച സാദിഖലി തങ്ങളുടെ ഖാസി സ്ഥാനാരോഹണ പരിപാടിയില്‍ സമസ്ത മുശാവറ അംഗത്തിനെതിരെ നാസര്‍ ഫൈസി കൂടത്തായി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Content Highlights: Jifri Muthukkoya Thangal will conduct Kerala Yatra