

പറയാനുള്ളത് പറഞ്ഞിരിക്കണം… അതിപ്പോ ഏത് തമ്പ്രാന്റെ മുമ്പിലാണെങ്കിലും.പക്ഷെ എതിരെ നില്‍ക്കുന്നവരെ കണ്ടാല്‍, ചിലരുടെയൊക്കെ മുട്ടിടിക്കും, സംസാര ശേഷി ഇല്ലാതെയാകും, ചിലര്‍ക്ക് കേള്‍വി ശക്തിയും…
എന്നാല്‍ അങ്ങനെ പതറി നില്‍ക്കാതെ, ഉറച്ച ശബ്ദത്തോടെ, കിറുകൃത്യമായി പ്രതികരിക്കുന്ന മൂന്ന് പെണ്ണുങ്ങള്‍ ഇന്ന് ചര്‍ച്ചയാണ്. അധികാരമടക്കമുള്ള സകല പ്രിവിലേജുകളുടെയും പൊള്ളത്തരങ്ങളെ ചോദ്യം ചെയ്യുന്ന ഉശിരരായ മൂന്ന് സ്ത്രീകള്‍…
'ഷാരൂഖ് ഖാന്‍ എങ്ങനെ മികച്ച നടനായി, കിട്ടുന്നതും വാങ്ങി പോകാന്‍ ഇത് പെന്‍ഷന്‍ കാശൊന്നും അല്ലല്ലോ '
നാഷണല്‍ അവാര്‍ഡില്‍, മികച്ച നടിക്ക് അര്‍ഹയായിരിക്കെ, തന്നെ സഹനടിയാക്കിയതില്‍ ചോദ്യം ചെയ്താണ് ആദ്യം ഉര്‍വശി രംഗത്ത് വന്നത്. അതൊരു അഹങ്കാരമായിരുന്നില്ല. 700 ലധികം സിനിമകള്‍ രാജ്യത്ത് പല ഭാഷകളില്‍ അഭിനയിച്ച ഒരു അഭിനേതാവിന്റെ, തന്റെ കഴിവിലുള്ള പരിപൂര്‍ണ ബോധ്യമാണ്, ആത്മവിശ്വാസമാണ്.
കാലാ കാലങ്ങളായി ബോളിവുഡ് കേന്ദ്രീകരിച്ച് വിതരണം ചെയ്യപ്പെടുന്ന അവാര്‍ഡുകള്‍ക്ക് നേരെയുള്ള ചോദ്യം കൂടിയായിരുന്നു ഉര്‍വശിയുടേത്. ആടുജീവിതത്തിന് എന്തുകൊണ്ട് അവാര്‍ഡ് ലഭിച്ചില്ല? പൂക്കാലം പോലെയൊരു സിനിമയില്‍ ഗംഭീര പ്രകടനം കാഴ്ച വെച്ച വിജയരാഘവന്‍ എങ്ങനെ തഴയപ്പെട്ടു. ജവാനില്‍ അഭിനയിച്ച ഷാരൂഖ് ഖാന്‍ എങ്ങനെ മികച്ച നടനായി. ഒരു പക്ഷെ ഓരോ മലയാളിയും ചോദിക്കാന്‍ ആഗ്രഹിച്ച ചോദ്യമായിരുന്നു അത്. എന്നിട്ടും അവാര്‍ഡ് ലഭിക്കാത്തതില്‍ വിമര്‍ശനം ഉയര്‍ത്താനോ തിരുത്താനോ ആരും എത്തിയല്ല. അവിടെയാണ് ഉര്‍വശി വ്യത്യസ്തയാകുന്നത്.
പെന്‍ഷന്‍ കാശ് പോലെ വാങ്ങി പോക്കറ്റിലിട്ട് പോകാനല്ല നാഷണല്‍ അവാര്‍ഡെന്ന് ഉര്‍വശി പറയുമ്പോള്‍ അതില്‍ കൃത്യമായി രാഷ്ട്രീയം ഉണ്ട്. അര്‍ഹരായിട്ടും ചിലര്‍ മാത്രം അവാര്‍ഡ് പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുന്നതിന്റെ കാരണങ്ങളെ ഉര്‍വശി ചോദ്യം ചെയ്യുമ്പോള്‍ അത് രാഷ്ട്രീയ ചോദ്യം തന്നെയാണ്. പുറത്താക്കപ്പെടുന്നവര്‍ക്ക് വേണ്ടി ഉര്‍വശി സംസാരിക്കുമ്പോള്‍ ഒരു അഭിനേത്രിക്കപ്പുറം അവര്‍ കുറേക്കൂടി ഹൃദയ വികാസം ഉള്ള മനുഷ്യ ജീവിയായി മാറുകയാണ്.
സാന്ദ്രാ തോമസിന്റെ പോരാട്ടവും സമാനമാണ്.'ധൈര്യമുണ്ടെങ്കില്‍ മത്സരിച്ച് ജയിച്ച് കാണിക്ക്, പറയേണ്ടത് മാത്രമെ പറയുന്നുള്ളൂ., അതിന് കൈചൂണ്ടി സംസാരിക്കേണ്ട ആവശ്യം ഒന്നുമില്ല' എന്നായിരുന്നു സാന്ദ്രാ കഴിഞ്ഞ ദിവസം പ്രൊഡ്യുസേഴ്സ് അസോസിയേഷന് മീറ്റിങ്ങിൽ പറഞ്ഞത്. പ്രൊഡ്യുസേഴ്സ് അസോസിയേഷനും അവിടുത്തെ ആണധികാരങ്ങള്‍ക്കുമെതിരെ സാന്ദ്ര പ്രഖ്യാപിച്ച പോര് ഇന്നും ഇന്നലെയും അല്ല തുടങ്ങിയത്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ അഴിമതി നടക്കുന്നുണ്ടെന്നും അത് പുറത്ത് വരാതിരിക്കാനാണ് തന്റെ നോമിനേഷന്‍ തള്ളിയതെന്നും സാന്ദ്ര ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ തന്റെ നാമ നിര്‍ദേശ പത്രിക തള്ളിയതിനെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ക്ക് നേരെ ഉയര്‍ന്ന ചൂണ്ടു വിരലുകളെ അവര്‍ സധൈര്യം എതിര്‍ത്തു. എല്ലാത്തിലുമുപരി ഞെട്ടിച്ചത് സാന്ദ്രയുടെ മറ്റൊരു വെളിപ്പെടുത്തലായിരുന്നു.'മമ്മൂക്ക എന്നെ വിളിച്ചിരുന്നു. കേസുമായി മുന്നോട്ട് പോകരുതെന്ന് എന്നോട് പറഞ്ഞു' പൊതുവെ ആരും തുറന്നു പറയാന്‍ ധൈര്യപ്പെടാത്ത ഒന്നായിരുന്നു അത്. കരിയറിനെയും നിലനില്‍പ്പിനെയും ബാധിക്കുമെന്ന പൂര്‍ണബോധ്യത്തോടെയായിരിക്കണം സാന്ദ്രയുടെ ആ വെളിപ്പെടുത്തല്‍. എന്നിട്ടും അവരത് പറഞ്ഞിട്ടുണ്ടെങ്കില്‍, സ്വന്തം ലാഭ ഇച്ഛയ്ക്ക് അപ്പുറം അത് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് കൂടി വേണ്ടിയായിരിക്കണം…
മാടമ്പി മനോഭാവവുമായി സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമായ പ്രസ്താവനകള്‍ നടത്തിയ അടൂര്‍ ഗോപാലകൃഷ്ണനെ പരസ്യമായി ചോദ്യം ചെയ്യാന്‍ ധൈര്യം കാണിച്ചവളാണ് പുഷ്പാവതി പൊയ്പാടത്ത്.
സ്ത്രീകള്‍ക്കും ദളിതര്‍ക്കും സിനിമ പിടിക്കണമെങ്കില്‍ ട്രെയിനിംഗ് കൊടുക്കണമെന്ന് പറഞ്ഞപ്പോള്‍ എല്ലാം കേട്ട് കൈ കെട്ടി കുമ്പിട്ടിരുന്ന ആള്‍ക്കൂട്ടത്തില്‍ ചോദ്യ ചിഹ്നമായി നിവര്‍ന്നു നിന്ന് വിരല്‍ ചൂണ്ടിയത് പുഷ്പവതിയായിരുന്നു. 'ഏതാണ് ആ സ്ത്രീ, വഴിയേ പോകുന്ന എല്ലാ സ്ത്രീകള്‍ക്കും കയറി സംസാരിക്കാനുള്ള സ്ഥലമാണോ ഇത്, ഇതെല്ലാം പബ്ലിസിറ്റിക്കാണ് എന്ന് സകല ദാര്‍ഷ്ട്യത്തോടെയും അടൂര്‍ തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ തള്ളിയപ്പോഴും അങ്ങനെ വലിഞ്ഞു കേറി വന്നതല്ല താന്നെന്നും തന്റെ ആത്മസഹോദരങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഞാനത് പറഞ്ഞതെന്നും, വേണ്ടത് വേണ്ടപ്പോള്‍ തോന്നിയില്ലെങ്കില്‍ വേദനിക്കേണ്ടി വരുമെന്നുമായിരുന്നു പുഷ്പാവതിയുടെ മറുപടി.
വിറളി പൂണ്ട് നില്‍ക്കുന്ന ആണ്‍ കസേരകള്‍ക്ക് മുന്നില്‍ നട്ടെല്ല് നിവര്‍ത്തി ചോദ്യം ചെയ്ത മൂന്ന് പെണ്ണുങ്ങള്‍. വലിയ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നറിഞ്ഞിട്ടും, ഈ പെണുങ്ങള്‍ നിവര്‍ന്ന് നിന്ന് സംസാരിക്കാന്‍ കാണിച്ച ധൈര്യം ചില്ലറയൊന്നുമല്ല… ഇവര്‍ സംസാരിച്ചത് അവര്‍ക്ക് വേണ്ടി മാത്രമായിരുന്നില്ല സഹജീവികള്‍ക്ക് വേണ്ടി കൂടിയാണ്.
എല്ലാ വിമത സ്വരങ്ങളും അടിച്ചമര്‍ത്തപ്പെടുന്ന ഈ കാലത്ത്, അധികാര നെറികേടുകളെ പ്രതിരോധിക്കാനിറങ്ങിയ ഈ മൂന്ന് പെണ്ണുങ്ങള്‍, അരികിലേക്ക് തള്ളപ്പെടുന്ന മനുഷ്യര്‍ക്ക് നല്‍കുന്ന പ്രത്യാശയും ആത്മവിശ്വാസവും ചില്ലറയല്ല…
Content Highlights- Urvashi, Sandra Thomas, Pushpavathy Poypadathu, The 3 Brave women who stand against inequality