
വിഎസ് അച്യുതാനന്ദനും ഇരിങ്ങാലക്കുടയിലെ ദളിത് കര്‍ഷകത്തൊഴിലാളി സമരനായിക പി.സി.കുറുമ്പയും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. ഈ ചിത്രം കാട്ടൂര്‍ക്കടവ് എന്ന നോവല്‍ എഴുതുന്ന കാലത്ത് തനിക്ക് വലിയ അവലംബമായിരുന്നുവെന്നും അശോകന്‍ ചരുവില്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പങ്കുവവയ്ക്കുന്നുണ്ട്. നോവലില്‍ അശോകന്‍ ചരുവില്‍ പി.സി.കുറുമ്പയെ പരാമര്‍ശിക്കുന്നുണ്ട്. മണ്ണ് മനുഷ്യന് നല്‍കുന്ന സമരധികാരത്തെ ഏറ്റവും നന്നായി തിരിച്ചറിയുന്ന രാഷ്ട്രീയനേതാവാണ് വിഎസ് എന്നും അദ്ദേഹം കുറിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ഈ ഫോട്ടോ ഞാനിവിടെ വീണ്ടും പോസ്റ്റ് ചെയ്യട്ടെ. പലവട്ടം ഞാനിത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. സഖാവ് വി.എസും ഇരിങ്ങാലക്കുടയിലെ ദളിത് കര്‍ഷകത്തൊഴിലാളി സമരനായിക പി.സി.കുറുമ്പയും ഒന്നിച്ചുള്ളത്. ഇതെങ്ങനെയോ കൈമറിഞ്ഞ് എന്റെ കയ്യില്‍ എത്തിയതാണ്. പ്രതിപക്ഷനേതാവോ മുഖ്യമന്ത്രിയോ ആയിരിക്കെ വി.എസ്. തൃശൂരിലെത്തിയ സമയത്ത് അവര്‍ തമ്മില്‍ കണ്ടപ്പോള്‍ ആരോ എടുത്തത്. സമരപോരാളികള്‍ തമ്മിലാവുമ്പോള്‍ അവിടെ മുഖ്യമന്ത്രിയും പ്രജയും ഇല്ല. രണ്ട് ഹൃദയങ്ങളുടെ അസാമാന്യമായ ഒരു ഇഴയടുപ്പം ഈ ചിത്രത്തില്‍ കാണുന്നുണ്ട്. വി.എസ്. ചിരിക്കുന്ന ഫോട്ടോകള്‍ നമ്മള്‍ ധാരാളം കണ്ടിട്ടുണ്ടല്ലോ. ചിരിവരുമ്പോള്‍ മാത്രം ചിരിക്കുന്ന രാഷ്ട്രീയനേതാവാണ് അദ്ദേഹം. പക്ഷേ മറ്റു ചിത്രങ്ങളിലുള്ളതിനേക്കാള്‍ വലിയ ഒരു സ്‌നേഹമനസ്സ് ഈ ഫോട്ടോയിലെ ചിരിയില്‍ പ്രതിഫലിക്കുന്നുണ്ട്. പി.സി.കുറുമ്പയാകട്ടെ തനിക്ക് ഏറ്റവും അടുപ്പമുള്ള, അവലംബമായ ഒരാളോടെന്ന പോലെയാണ് അദ്ദേഹത്തോട് സ്വകാര്യം പറയുന്നത്.
പലപ്പോഴും ഈ ഫോട്ടോയിലേക്ക് ഞാന്‍ സാകൂതം നോക്കാറുണ്ട്. ഇതിലേക്ക് നോക്കുമ്പോള്‍ ഒരു കാലം എന്റെ മനസ്സില്‍ പുനര്‍ജ്ജനിക്കും. ആ കാലത്തിന്റെ ഇങ്ങേയറ്റത്ത് എന്റെ ബാല്യവും ഉണ്ട്. പി.സി.കുറുമ്പയടക്കം എത്രയോപേര്‍ അക്കാലത്ത് എന്നെ അമ്മയില്‍ നിന്ന് കൈമാറി എടുത്തു നടന്നിട്ടുണ്ടാവും? ജാഥകളില്‍ നടക്കുമ്പോഴും പൊതുയോഗങ്ങളില്‍ ഇരിക്കുമ്പോഴും കുട്ടികളെ കൈമാറി എടുക്കുന്ന പതിവ് സ്ത്രീകള്‍ക്കിടയില്‍ ഉണ്ടല്ലോ. മുതിര്‍ന്നശേഷം കണ്ടപ്പോള്‍ അവരില്‍ ചിലര്‍ പറയാറുണ്ട്: 'നിനക്കന്ന് ഒരു പാറ്റയുടെ കനമേ ഉണ്ടായിരുന്നുള്ളു. ഒരു വികൃതിയും പിടിവാശിയുമില്ലാത്ത കുട്ടി' എന്നൊക്കെ.
വി.എസും പി.സി.കുറുമ്പയും ഒന്നിച്ചുള്ള ഈ ഫോട്ടോ 'കാട്ടൂര്‍ക്കടവ്' നോവല്‍ എഴുതുന്ന കാലത്ത് എനിക്ക് വലിയ അവലംബമായിരുന്നു. ഒരുപക്ഷേ ഈ ചിത്രമാണോ ആ നോവലെഴുതാനുള്ള ആദ്യത്തെ പ്രേരണ എന്നുപോലും തോന്നുന്നുണ്ട്. എഴുത്ത് ചിലപ്പോഴെല്ലാം ചില സന്ദിഗ്ദതകളില്‍ ചെന്ന് വഴിമുട്ടുമല്ലോ. അപ്പോഴെല്ലാം ഈ ചിത്രം എനിക്ക് വഴിയൊരുക്കിയിട്ടുണ്ട്. വി.എസിന്റെ ചിരി മാത്രമല്ല. സഖാവ് കുറുമ്പയുടെ വാര്‍ദ്ധക്യശരീരം. അതിന്റെ നിറം, കരുത്ത്, കാരുണ്യം. നിശ്ചയമായും ആ നോവല്‍ പി.സി.കുറുമ്പയുടെ ജീവിതത്തെ മുന്‍നിര്‍ത്തിയുള്ളതല്ല. കാട്ടൂര്‍ക്കടവിലെ നായിക മീനാക്ഷിക്ക് പി.സി.കുറുമ്പയുമായി ബന്ധമില്ല. പി.സി.കുറുമ്പ സ്വന്തം പേരില്‍തന്നെ ആ നോവലില്‍ പലയിടങ്ങളിലും പരാമര്‍ശിക്കപ്പെടുന്നുണ്ട്. പക്ഷേ അവരുടേത് മറ്റൊരു ജീവിതമാണ്. ഓര്‍മ്മിക്കുമ്പോള്‍ ചങ്കുപിടയുന്ന ജീവിതകഥ. അതു പകര്‍ത്താനുള്ള പ്രതിഭയൊന്നും ഈയുള്ളവനില്ല. അതിനുള്ള പ്രതിഭാശക്തിയുമായി മറ്റൊരാള്‍ സമീപഭാവിയിലെങ്കിലും കടന്നു വരുമായിരിക്കും.
പക്ഷേ പി.കെ.മീനാക്ഷിയുടെ രൂപഭാവങ്ങളില്‍ പി.സി.കുറുമ്പ കലര്‍ന്നിട്ടില്ല എന്നു പറയാനാവില്ല. വിശേഷിച്ചും അവരുടെ രാഷ്ട്രീയജാഗ്രതയില്‍. കര്‍ഷകത്തൊഴിലാളി എന്ന നിലക്കുള്ള അസ്തിത്വത്തില്‍. ആ നിലക്കുള്ള ജീവിതനിഷ്ഠയിലും അഭിമാനബോധത്തിലും. കഥാപാത്രമായ പി.കെ.മീനാക്ഷിയേപ്പോലെ മണ്ണില്‍ പണിയെടുത്തുള്ള ജീവിതം എക്കാലത്തും അഭിമാനകരമായി കരുതിയ പോരാളിയാണ് പി.സി.കുറുമ്പയും. ജാതിയുടെ പേരില്‍ തന്നെ പുറംതള്ളിയ ഭര്‍ത്താവിന്റെ വയലിലും തൊഴിലാളിയായി ചെയ്യാന്‍ മീനാക്ഷിക്ക് മടിയുണ്ടായിരുന്നില്ല. മീനാക്ഷിയും സഖാവ് കുറുമ്പയും വാര്‍ദ്ധക്യകാലത്ത് ആരുടേയും ഔദാര്യം പറ്റാതെ പാടത്ത് പണിയെടുത്താണ് ജീവിച്ചത്. അതിന്റെ ഭാഗമായ ധിക്കാരവും രണ്ടുപേര്‍ക്കും ഉണ്ടായിരുന്നു. മണ്ണ് മനുഷ്യന് നല്‍കുന്ന ഈ സമരധികാരത്തെ ഏറ്റവുമേറെ തിരിച്ചറിയുന്ന രാഷ്ട്രീയനേതാവാണ് സഖാവ് വി.എസ്. ആ തിരിച്ചറിവിന്റെ ഫലമായുണ്ടായ സ്‌നേഹമാണ് അദ്ദേഹത്തിന്റെ ചിരിയില്‍ കാണാനാവുന്നത്.
Content Highlights: Ashokan Charuvil writes about V S Achuthanandan