
അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന് പറഞ്ഞത് പോലെ ഉരുളയ്ക്ക് ഉപ്പേരി പോലുള്ള വിഎസിന്‍റെ വാക്ശരങ്ങളില്‍ രാഷ്ട്രീയ എതിരാളികളും സ്വന്തം പാര്‍ട്ടിയിലെ എതിരാളികളും എത്രവട്ടം ചൂളിയിരിക്കുന്നു. വിഎസിന്‍റെ ഇത്തരം വാക്ശരങ്ങള്‍ പലതും രാഷ്ട്രീയ കേരളത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. പിന്നീട് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ മായാത്ത അടിവരയിട്ട് സൂക്ഷിച്ചവയാണ് ഇവയില്‍ പലതും. വരുന്ന കാലത്തും മായാതെ നില്‍ക്കുന്ന വിധത്തില്‍ ഒരുകാലഘട്ടത്തെ കൂടി അടയാളപ്പെടുത്തുന്നതാണ് വിഎസിന്റെ ഉരുളയ്ക്കുള്ള ഉപ്പേരികള്‍.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിക്ക് വിഎസ് കൊടുത്ത മറുപടി വിഎസിന്‍റെ പ്രായത്തിന് നേരെ നെറ്റിചുളിച്ച രാഷ്ട്രീയ എതിരാളികള്‍ക്കും പാര്‍ട്ടിക്കുള്ളിലും ഉള്ളവര്‍ക്കുമുള്ള മറുപടി കൂടിയായിരുന്നു. എല്‍ഡിഎഫ് വീണ്ടുമൊരിക്കല്‍ കൂടി അധികാരത്തില്‍ എത്തിയാല്‍ 93കാരനായ മുഖ്യമന്ത്രിയെ ആകും കേരളത്തിന് ലഭിക്കുക എന്നായിരുന്നു കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
പിന്നീട് രാഹുല്‍ ഗാന്ധിയെ അമുല്‍ ബേബിയെന്ന് വിശേഷിപ്പിക്കുന്ന നിലയിലേയ്ക്ക് പോയ വിഎസിന്റെ വിമര്‍ശനം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
'തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം, തല നരക്കാത്തതല്ലെന്‍ യുവത്വവും, കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍ തലകുനിക്കാത്ത ശീലമെന്‍ യൗവനം' എന്നായിരുന്നു ടി എസ് തിരുമുമ്പിന്റെ 'എന്റെ യുവത്വം' എന്ന കവിത ഉദ്ധരിച്ച് കൊണ്ടുള്ള വിഎസിന്റെ മറുപടി. വിഎസിന്റെ നീട്ടിയും കുറിക്കിയുമുള്ള ശൈലിയില്‍ ഏറ്റുപറഞ്ഞ ആ കവിതാ ശകലം പ്രായാധിക്യവും പ്രവര്‍ത്തന മികവും ബന്ധപ്പെടുത്തി ഉയരുന്ന എല്ലാ വിമര്‍ശനങ്ങളുടെയും നേരെ നീളുന്ന കൂരമ്പായി അന്ന് മുതല്‍ കേരളീയ പൊതുമണ്ഡലം ഏറ്റെടുത്തിട്ടുണ്ട്.
വിഎസ് അനുകൂലികള്‍ അന്ന് മുതല്‍ വളരെ വ്യാപകമായി പ്രചരിപ്പിച്ച ഈ വരികള്‍ അദ്ദേഹം ഓര്‍മ്മയായി മടങ്ങുന്ന ഈ വേളയിലും അതേ നീട്ടലും കുറക്കലുമുള്ള ശബ്ദത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിഎസിന്റെ അമുല്‍ ബേബി പരാമര്‍ശത്തിന്റെ അനുരണനവും പിന്നീടും ഉണ്ടായി. 2019ല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ എട്ടുകൊല്ലം മുമ്പ് നടത്തിയ പഴയ പരാമര്‍ശത്തിന്റെ രാഷ്ട്രീയ സാംഗത്യം വ്യക്തമാക്കി വിഎസ് രംഗത്തെത്തുകയായിരുന്നു. 2019 ഏപ്രില്‍ 1ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു രാഹുലിനെ അമുല്‍ പുത്രന്‍ എന്ന് വിളിച്ചത് വെറുതെ ആയിരുന്നില്ല എന്ന വിശദീകരണവുമായി വിഎസ് രംഗത്ത് വന്നത്.
'മുമ്പൊരിക്കല്‍ രാഹുല്‍ ഗാന്ധിയെ ഞാന്‍ അമുല്‍ പുത്രന്‍ എന്ന് വിളിച്ച് കളിയാക്കുകയുണ്ടായി. അത് ഞാന്‍ വെറുതെ പറഞ്ഞതായിരുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ മനസ്സിലാക്കാതെ, ശിശുസഹജമായ അതി വൈകാരികതയോടെ സാഹചര്യങ്ങളെ സമീപിക്കുന്നതുകൊണ്ട് പറഞ്ഞതായിരുന്നു എന്നായിരുന്നു വിഎസിന്റെ നിലപാട്. മധ്യവയസ്സിനോടടുക്കുന്ന രാഹുല്‍ ഗാന്ധിയുടെ സമീപനത്തില്‍ ഇപ്പോഴും മാറ്റമൊന്നും വന്നതായി തോന്നുന്നില്ല. ഇരിക്കുന്ന കൊമ്പില്‍ കോടാലി വയ്ക്കുന്ന ഈ ബുദ്ധിയെയാണ് അന്ന് ഞാന്‍ അമുല്‍ ബേബി എന്ന് വിളിച്ചത്. ആ വിളിതന്നെ ഇന്നും പ്രസക്തമാണ്' എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിഎസ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്. അനാരോഗ്യത്തെ തുടര്‍ന്ന് പൊതുപ്രവര്‍ത്തന രംഗത്ത് നിന്നും വിഎസ് പിന്മാറുന്നതിന്റെ ഏതാനും മാസം മുമ്പായിരുന്നു ഈ ഫേസ്ബുക്ക് പോസ്റ്റ്.
ലാവ്‌ലിന്‍ കേസിന്റെ പശ്ചാത്തലത്തില്‍ നടന്ന മുനവെച്ചുള്ള പിണറായി-വിഎസ് വാക്‌പോര് സിപിഐഎമ്മിന്റെ രാഷ്ട്രീയ ചരിത്രത്തിലെ അപൂര്‍വ്വ ഏടാണ്. 2009ലെ നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനത്തിലായിരുന്നു വിഎസിനെ വേദിയിലിരുത്തിയുള്ള പിണറായിയുടെ പ്രസിദ്ധമായ ബക്കറ്റിലെ തിര പരാമര്‍ശം ഉണ്ടായത്.
'ഒരു കുട്ടി കടല് കാണാന്‍ ചെന്നു. തിരയിങ്ങനെ ആര്‍ത്തലച്ച് അടിയ്ക്കുകയാണ്. കുട്ടി വേഗം പോയി ഒരു ബക്കറ്റ് എടുത്ത് കൊണ്ട് വന്ന് ഈ വെള്ളമങ്ങ് കോരി. തിര വരുന്നില്ല. അപ്പോള്‍ കുട്ടി ചോദിച്ചു എന്താ വെള്ളമേ, നീ അടിക്കാത്തത് നീ എന്താ തിരയാകാത്തത്, ആര്‍ത്തലച്ച് വരാത്തത് എന്നൊക്കെ പറഞ്ഞുള്ള കുട്ടിയുടെ വലിയ വിഷമമായി പിന്നെ. കുട്ടി കരച്ചിലായി, വല്ലാത്ത പ്രയാസായി. അപ്പോള്‍ വെള്ളത്തിനൊരു ദയ തോന്നി. വെള്ളം പറഞ്ഞു, കുട്ടി… ഞാന്‍ സമുദ്രത്തിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ മാത്രമെ തിരയാകാന്‍ പറ്റൂ. അപ്പോഴാണ് എനിക്ക് ശക്തി വരുന്നത്. അതുപോലെ എന്നോട് ചോദിച്ചവരോട് എനിക്ക് പറയാനുള്ളത്, ഞങ്ങളുടെയെല്ലാം ശക്തി, പ്രസ്ഥാനമാകുന്ന സമുദ്രത്തിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്ന് നില്‍ക്കുമ്പോഴാണ് എന്നത് മനസ്സിലാക്കണം. അതില്‍ നിന്നും വേറിട്ട് ഒരു വ്യക്തിക്കും വല്ലാത്ത ശക്തിയില്ല എന്നത് തിരിച്ചറിയുന്നവരാണ് ഞങ്ങള്‍ ഓരോരുത്തരും' എന്നായിരുന്നു പിണറായി പ്രസംഗിച്ചത്.
യുഡിഎഫ് നേതാക്കളുടെ അഴിമതി ചൂണ്ടിക്കാണിച്ചായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന വിഎസ് ആ വേദിയില്‍ പ്രസംഗിച്ചത്. 'ഏത് അഴിമതിക്കെതിരായും, സിപിഎമ്മിന്റെ നേതാവിനെതിരായ അഴിമതിയെ സംബന്ധിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇവിടെ പറഞ്ഞു. രണ്ടു തരത്തില്‍ നാം അതിനെ നേരിടും. ഒന്ന് പൊളിറ്റിക്കലായി. മറ്റൊന്ന് ലീഗലായിട്ട്. ലീഗലായിട്ട് അതിനെ നേരിട്ടിട്ട്, തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനു വേണ്ടിയിട്ട്, കോടതിയിലെപ്പോഴാണോ സന്ദര്‍ഭം കിട്ടുക, അതു വഴിയാണതിനെ നേരിടാന്‍. ജഡ്ജിമാര്‍ക്കെതിരായി യുദ്ധം ചെയ്യാനല്ല. അപ്പോള്‍ ആ നിലയില്‍ തങ്ങള്‍ ചെയ്യുന്നപോലെ തന്നെ, ഇന്നു ഭരണകക്ഷിയിലെ ആക്ഷേപത്തിനു വിധേയരായിട്ടുള്ളവര്‍ക്കും ചെയ്യാനവകാശമുണ്ട്, എന്ന് ഒന്നും മനസിലാക്കാതെ ലക്കും ലഗാനുമില്ലാതെ, നടത്തുന്ന ആക്ഷേപങ്ങളും ആരോപണങ്ങളും നിര്‍ത്തുകയാണു വേണ്ടതെന്ന്, ഞാന്‍ ആ സുഹൃത്തുക്കളോടു പറയുന്നു. അഴിമതിക്കെതിരായ പോരാട്ടം ഈ പാര്‍ട്ടി എത്രയോ കാലമായി നടത്തിക്കൊണ്ടിരിക്കുന്നു. മൂന്നു കൊല്ലത്തെ ശിക്ഷക്കു വിധേയമായ സുഖറാമിന്റെ കേസുതന്നെ ഏറ്റവും സജീവമായി റ്റേക്ക് അപ്പ് ചെയ്തത് സിപിഎമ്മാണ്. അതുകൊണ്ട് അഴിമതിയുടെ കാര്യത്തില്‍ ഇങ്ങനെ പൊക്കിപ്പിടിച്ചുകൊണ്ട്. സിപിഎമ്മിനെ ആക്ഷേപിക്കാന്‍ നടത്തുന്ന ശ്രമം അവഹേളനാത്മകമാണ്, അതു നിര്‍ത്തുകയാണു വേണ്ടത് എന്നു കൂടി ഈ അവസരത്തില്‍ അറിയിച്ചുകൊണ്ട്, ഈ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ള സുഹൃത്തുക്കളേയും സഖാക്കളെയും അഭിവാദ്യം ചെയ്തുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു'. പിണറായിയുടെ പരോക്ഷമായ പരാമര്‍ശത്തോട് പ്രതികരിക്കാതെ വിഎസ് അവിടെ അവസാനിപ്പിച്ചു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം പിണറായിക്കുള്ള മറുപടിയെത്തി. അതിരൂക്ഷമായിരുന്നു ആ പ്രതികരണം.
'പല മഹാസമുദ്രങ്ങളും വറ്റി വരണ്ടാണ് ഈ മരുഭൂമികള്‍ ഉണ്ടായത്. ഇന്നും ഭൂമുഖത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും മഹാസമുദ്രങ്ങളാണ്. എന്നാല്‍ പല മഹാസമുദ്രങ്ങളും പ്രപഞ്ചത്തിലും സാമൂഹിക വ്യവസ്ഥിതിയിലും വറ്റി വരണ്ടു പോയിട്ടുണ്ട്. സോവിയറ്റ് യൂണിയന്‍ എന്ന മഹാസമുദ്രത്തില്‍ നിന്ന് അതിശക്തമായ അലകള്‍ വീശിയതിനെ തുടര്‍ന്നാണ് ഇന്ത്യയെപ്പോലുള്ള മൂന്നാംലോക രാജ്യങ്ങളില്‍ വന്‍മാറ്റങ്ങള്‍ക്ക് വഴി തുറന്നത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഗോര്‍ബച്ചേവുമാരുടെ ഉദയത്തോടെ ആ മഹാസമുദ്രവും വറ്റിവരളാന്‍ ഇടയായി. പിന്നീടതില്‍ നിന്നു കോരുന്ന ബക്കറ്റ് വെള്ളത്തിനു മറ്റൊരു കഥയേ പറയാന്‍ കഴിയൂ. എന്നാല്‍ ലോകം അത് അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്, ലാറ്റിന്‍ അമേരിക്കയിലും മധ്യേഷ്യയിലും മറ്റും ഇപ്പോള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം ഗോര്‍ബച്ചേവുമാരുടെ ദുഷ്ചെയ്തികള്‍ കാരണം നമ്മുടെ സമുദ്രങ്ങളും വറ്റി വരളാതിരിക്കാനുള്ള ജാഗ്രതയാണ്, കേരളത്തിലെയും ഇന്ത്യയിലെയും പുരോഗമന പ്രസ്ഥാനങ്ങള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്' എന്നായിരുന്നു എടുക്കുമ്പോള്‍ തൊടുക്കുമ്പോള്‍ ദശം കൊള്ളുമ്പോള്‍ ശതമെന്ന നിലയിലുള്ള വിഎസിന്റെ വാക്ശരത്തിന്റെ മൂര്‍ച്ച. ഗോര്‍ബച്ചോവിനെ കൂട്ടുപിടിച്ച് വിഎസ് നടത്തിയ പ്രതികരണം അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ വ്യാഖ്യാനങ്ങള്‍ക്കും വഴിതെളിച്ചിരുന്നു.
കെഇഎന്‍ കുഞ്ഞഹമ്മദ്, സുകുമാര്‍ അഴീക്കോട്, എം എസ് മണി എന്നിവര്‍ വിഎസിനെതിരെ നടത്തിയ പരാമര്‍ശങ്ങളും വാദപ്രതിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. കെഇഎന്‍ കുഞ്ഞഹമ്മദ് വിഎസിനെ മന്ദബുദ്ധി എന്ന് വിളിച്ചുവെന്ന ആരോപണം ഈ വിഷയത്തില്‍ രണ്ട് ചേരികളെ തന്നെ സൃഷ്ടിച്ചിരുന്നു. ഇതിന് മറുപടിയായി കെഇഎന്നിനെ വിഎസ് കുരങ്ങനെന്ന് വിളിച്ചതും വിവാദമായിരുന്നു. പൊതുഇടത്തിലുള്ളവര്‍ അവരുടെ പ്രയോഗങ്ങളില്‍ പൊളിറ്റിക്കല്‍ കറക്ട്നെസ് ഉറപ്പാക്കണമെന്ന നിലയിലുള്ള ചര്‍ച്ചകള്‍ക്കും ഈ വിവാദം വഴിതെളിച്ചിരുന്നു. ലാവ്‌ലിന്‍ വിവാദ സമയത്ത് പാര്‍ട്ടിയും നേതാക്കളും അതിനെതിരെ രംഗത്ത് വന്നപ്പോള്‍ വിഎസ് മൗനം പാലിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഈ ഘട്ടത്തിലായിരുന്നു കെഇഎന്നിന്റെ വിവാദമായ മന്ദബുദ്ധി പരമാര്‍ശം ഉണ്ടാകുന്നത്. പിന്നീട് ഒരു അഭിമുഖത്തില്‍ കെഇഎന്‍ ഇതിന് വിശദീകരണം നല്‍കിയിരുന്നു.
'മറ്റൊരു പ്രസംഗത്തിനും ഇതേ ഗതിയുണ്ടായി. എസ്എഫ്ഐ വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗമായിരുന്നു അത്. അവിടെയും 'അരാഷ്ട്രീയത' തന്നെയായിരുന്നു വിഷയം. 'നഗരപ്രവിശ്യകളിലെ ഭരണം' എന്നര്‍ഥംവരുന്ന 'പോളിസ്' എന്ന ഗ്രീക്കുപദത്തില്‍ നിന്നാണ് 'പൊളിറ്റിക്സ്' എന്ന പദമുണ്ടായതെന്നും ഇതില്‍ താല്പര്യമില്ലാത്തവരെ ഗ്രീക്കില്‍ 'ഇഡിയോട്സ്' എന്നാണ് വിളിച്ചിരുന്നതെന്നും പ്രസംഗത്തില്‍ ഞാന്‍ വിശദീകരിച്ചു. 'ഇഡിയോട്സ്'എന്ന വാക്കില്‍ നിന്നാണ് ഇംഗ്ളീഷിലെ 'ഇഡിയറ്റ്' എന്ന വാക്കുണ്ടായത്. മലയാളത്തില്‍ ഇതിന്റെ സമാനപദം 'മന്ദബുദ്ധി' എന്നാണ്. ബുദ്ധിശക്തി കുറഞ്ഞയാള്‍ എന്ന് ഈ പദത്തിനര്‍ഥമില്ല. സാമൂഹ്യപ്രശ്നങ്ങളില്‍ ഒരു ഉല്‍ക്കണ്ഠയും പുലര്‍ത്താത്ത ഒരാള്‍ എന്ന അര്‍ഥമാണ് 'മന്ദബുദ്ധി' എന്ന വാക്കിന് സാംസ്‌കാരിക വിശകലനത്തില്‍ ഉള്ളത്. ഒരാള്‍ വലിയ ബുദ്ധിമാനാകാം- ഐഎഎസ്‌കാരനോ രാഷ്ട്രീയ നേതാവോ ഒക്കെയാകാം. അപ്പോഴും അയാള്‍ക്ക് സാമൂഹ്യപ്രശ്നങ്ങളില്‍ ഉല്‍ക്കണ്ഠയില്ലെങ്കില്‍, അയാള്‍ മന്ദബുദ്ധിയാണ്.' ഇതായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം.
പക്ഷേ 'മന്ദബുദ്ധി' പ്രയോഗം മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പിന്നീട് വിവാദമായി. ഒരു പത്ര റിപ്പോര്‍ട്ട് കണ്ടാല്‍ അതിന്റെ വസ്തുസ്ഥിതിയെന്തെന്നന്വേഷിക്കാനുള്ള ബാധ്യത നമുക്കുണ്ട്' എന്നായിരുന്നു കെഇഎന്നിന്റെ വിശദീകരണം.
'സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ജീവി' എന്ന് വിഎസിനെ വിശേഷിപ്പിച്ച സുകുമാര്‍ അഴീക്കോടിന്റെ പ്രസ്താവനയും വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വി എസിന്റെ ചിരിയായിരുന്നത്രെ സുകുമാര്‍ അഴീക്കോടിനെ ചൊടിപ്പിച്ചത്. വി എസിനെ അഴീക്കോട് പട്ടിയെന്നു വിളിച്ചെന്നായിരുന്നു അത് വ്യാഖ്യാനിക്കപ്പെട്ടത്. വി എസും സമാനമായ പ്രതികരണം നടത്തിയിരുന്നു. പിന്നാലെ അഴീക്കോടിന്റെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയതും ചരിത്രമാണ്.
പാര്‍ട്ടിക്ക് തലവേദനയായി ലോറന്‍സ്-വിഎസ്, വിഎസ്-എംഎം മണി, ടികെ ഹംസ-വിഎസ് വാക്പോരുകളും പിന്നീടുണ്ടായി. ഇവിടെയെല്ലാം ഉരുളയ്ക്ക് ഉപ്പേരി പോലെ തന്നെയായിരുന്നു വിഎസിന്റെ പ്രതികരണം. 2011ല്‍ വിഎസിന് സീറ്റ് നിഷേധിച്ച ഘട്ടത്തില്‍ ടി ശിവദാസമേനോന്‍ വിഎസിനെതിരെ പരസ്യ നിലപാട് സ്വീകരിച്ചത് പാര്‍ട്ടിക്ക് തലവേദനയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടി കമ്മിറ്റിയില്‍ അറിയിച്ചെന്ന ടി ശിവദാസ മേനോന്റെ വെളിപ്പെടുത്തലായിരുന്നു വിവാദമായത്. ഒറ്റപ്പാലം നിയോജക മണ്ഡലം കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്യവെയായായിരുന്നു പരാമര്‍ശം. അനാരോഗ്യം ചൂണ്ടിക്കാട്ടി മത്സരത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് വിഎസ് പാര്‍ട്ടിക്ക് അപേക്ഷ നല്‍കിയിരുന്നുവെന്നും വിഎസ് തീരുമാനം മാറ്റിയത് പിബി പറഞ്ഞിട്ടാണെന്നും ഇക്കാര്യം യോഗത്തിന്റ മിനുട്‌സിലുണ്ടെന്നുമായിരുന്നു ശിവദാസമേനോന്റെ വെളിപ്പെടുത്തല്‍. ആരോഗ്യത്തിന് കുഴപ്പമില്ലെന്നും ബാക്കിയുള്ളതെല്ലാം വെറും പ്രചാരണങ്ങളാണെന്നുമായിരുന്നു ഇതിനോടുള്ള വി എസ് അച്യുതാനന്ദന്റെ പ്രതികരണം. 'വിഎസിനെ താന്‍ എതിര്‍ക്കുവെന്നത് പ്രചാരണം മാത്രമാണ്. സൗഹൃദമുള്ളിടത്ത് ചെറിയ കലഹങ്ങളുമുണ്ടാകും. ആര്‍ക്കും സേവ പറയാന്‍ തന്നെ കിട്ടില്ല' എന്നായിരുന്നു ടി ശിവദാസ മേനോന്‍ പിന്നീട് ഇതിനോട് പ്രതികരിച്ചത്.
'മണിയെപ്പോലുള്ള എമ്പോക്കികളുടെ പ്രസ്താവനയെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നതായി മാധ്യമ പ്രവര്‍ത്തകരോട് വിഎസ് പറഞ്ഞത് വിവാദമായിരുന്നു'. ചിന്നക്കനാലിലെ പ്രസംഗത്തില്‍ 'ചന്ദ്രശേഖരന്റെ അമ്മായിയപ്പനാണ് വിഎസെന്ന്' മണി പറഞ്ഞല്ലോ എന്ന് ചൂണ്ടിക്കാണിച്ചുള്ള ചോദ്യത്തിനായിരുന്നു വിഎസിന്റെ രൂക്ഷ പ്രതികരണം. മൂന്നാര്‍ വിഷയത്തിലും വിഎസും മണിയും പരസ്യമായി കൊമ്പുകോര്‍ത്തിരുന്നു. ഏറ്റവും ഒടുവില്‍ ഭരണപരിഷ്‌കാര കമ്മീഷന്റെ ചെയര്‍മാനായിരിക്കെ ടാറ്റയുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്ന് മന്ത്രിയായിരുന്ന എംഎം മണിക്കെതിരെ വിഎസ് പരസ്യമായി രംഗത്ത് വന്നിരുന്നു.
ടി കെ ഹംസയ്ക്ക് വിഎസ് കൊടുത്ത പരസ്യ മറുപടി ഇപ്പോഴും പലരും എടുത്തുപയോഗിക്കാറുണ്ട്. പിന്നെയും നിരവധി തവണ വിഎസിന്റെ പ്രതികരണങ്ങള്‍ വിവാദമായിരുന്നു. വിഎസിന്റെ മലപ്പുറം പരാമര്‍ശം അടക്കം രാഷ്ട്രീയ എതിരാളികള്‍ ഇന്നും ആവര്‍ത്തിച്ച് ഉന്നയിക്കാറുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ അജണ്ടയെ മുന്‍നിര്‍ത്തി ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിഎസ് ഉന്നയിച്ച വിഷയങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് ലവ്ജിഹാദ് എന്ന മോമ്പൊടിയെല്ലാം ചേര്‍ത്ത് മുസ്ലിങ്ങള്‍ക്കെതിരായ പ്രതികരണം എന്ന നിലയില്‍ ഇന്നും പ്രചരിക്കുന്നുണ്ട്.
ഈ നിലയില്‍ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ കത്തിപ്പടര്‍ന്ന വിഎസിന്റെ ഉരുളയ്ക്ക് ഉപ്പേരിപോലെയുള്ള പ്രതികരണങ്ങള്‍ നിരവധിയാണ്. ഇതില്‍ പലതും കാലത്തെ അതിജീവിച്ച് വീണ്ടും വീണ്ടും ചര്‍ച്ചയാകുമെന്ന് തീര്‍ച്ചയാണ്.
Content Highlights: VS Achuthanandan: The Uncompromising Leader Who Stirred Kerala Politics