
വീണ്ടും നാട്ടിലേക്ക് വിമാനം കയറാന്‍ വിമാനത്താവളത്തില്‍ എത്തിയതാണ്. അഹമ്മദാബാദ് വിമാന അപക
ത്തിന്‍റെ പശ്ചാത്തലത്തില്‍ ഏതൊക്കെ വിമാനങ്ങളാണ് സുരക്ഷിതം എന്ന തരത്തിലുള്ള ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും കണ്ടു. മാസത്തില്‍ പല പ്രാവശ്യം ലോകത്തില്‍ പലയിടത്തും വിമാനയാത്ര ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ ഈ വിഷയം എനിക്ക് പ്രൊഫഷണല്‍ ആയി മാത്രമല്ല വ്യക്തിപരമായും ഏറെ പ്രാധാന്യമുള്ളതാണ്. വിമാനാപകടം ഉണ്ടായ ഉടന്‍ തന്നെ അതിന്റെ കാരണങ്ങള്‍ വിശദീകരിക്കുന്ന വിദഗ്ധരെ കണ്ടു. ഇവരെ ശ്രദ്ധിക്കാതിരിക്കുക എന്നതാണ് സുരക്ഷക്ക് ആവശ്യമായ ആദ്യപടി.
ഇതിനൊക്കെ മാസങ്ങള്‍ എടുക്കും. ഇതില്‍ സേഫ്റ്റി വിദഗ്ധര്‍ നടത്തുന്ന അന്വേഷണം ആണ് ഞാന്‍ ഏറ്റവും ശ്രദ്ധിക്കാറുള്ളത്, കാരണം ഈ വിമാനത്തിന്റെ കാര്യം മാത്രമല്ല ഈ വിഭാഗത്തില്‍ പെട്ട വിമാനങ്ങളുടെ, മൊത്തം വിമാനയാത്രയുടെ എല്ലാം സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം ഇത്തരം പഠനങ്ങളില്‍ നിന്നും ലഭിക്കും. അങ്ങനെയാണ് വിമാനയാത്ര ഇതുപോലെ സുരക്ഷിതമായത്. ഇനിയും കൂടുതല്‍ സുരക്ഷിതമാകും.
2018 ലും 2019 ലും ഇന്തോനേഷ്യയിലും എത്യോപ്യയിലും ഉണ്ടായ അപകടത്തിന്റെ സാഹചര്യത്തില്‍ ബോയിങ്ങിന്റെ 737max വിമാനങ്ങള്‍ ഏറെക്കാലം ഗ്രൗണ്ട് ചെയ്തിരുന്നല്ലോ. പക്ഷെ ഏത് എയര്‍ ക്രാഫ്റ്റ് നിര്‍മ്മാണ കമ്പനിയുടെ വിമാനത്തില്‍ ആണ് നാം കയറാന്‍ പോകുന്നതെന്ന് നമുക്ക് മുന്‍കൂട്ടി തീരുമാനിക്കാന്‍ സാധിക്കില്ല. മിക്കവാറും വലിയ എയര്‍ലൈനുകള്‍ക്കെല്ലാം പല വിമാനക്കമ്പനികള്‍ നിര്‍മ്മിച്ച പല സീരിസില്‍ ഉള്ള പല പ്രായത്തിലുള്ള വിമാനങ്ങള്‍ സര്‍വീസില്‍ ഉണ്ടാകും. ഒരു പ്രത്യേക സീരീസ് വിമാനം അല്ലെങ്കില്‍ ഒരു പ്രത്യേക കമ്പനി നിര്‍മ്മിക്കുന്ന വിമാനം ഒഴിവാക്കി യാത്ര പ്ലാന്‍ ചെയ്യുക സാധ്യമല്ല. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര സുരക്ഷാ സംവിധാനങ്ങളില്‍ വിശ്വസിക്കുക മാത്രമേ നിവര്‍ത്തിയുള്ളൂ. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഞാന്‍ അത്ര ശ്രദ്ധിക്കാറില്ല.
എന്നാല്‍ ഏതു വിമാനക്കമ്പനിയില്‍ (എയര്‍ ലൈന്‍) യാത്ര ചെയ്യണം എന്നത് കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്. വിമാനങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി കൊണ്ടുനടക്കുന്ന കാര്യത്തില്‍ ആഗോളമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കിലും ലോകത്തിലെ പല വിമാനക്കമ്പനികളും ഇക്കാര്യത്തില്‍ എടുക്കുന്ന ശ്രദ്ധ വ്യത്യസ്തമാണ്. ചില രാജ്യങ്ങളില്‍ ആഭ്യന്തര യാത്ര ചെയ്യുമ്പോള്‍ ഞങ്ങളുടെ സുരക്ഷാ വിഭാഗം ചില എയര്‍ ലൈന്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. പല രാജ്യങ്ങളും പല വെബ്സൈറ്റുകളും സുരക്ഷ കുറഞ്ഞ വിമാനക്കമ്പനികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാറുണ്ട്. യൂറോപ്യന്‍ യൂണിയന്റെ എയര്‍ സേഫ്റ്റി ലിസ്റ്റ് ആണ് ഞാന്‍ സാധാരണ ശ്രദ്ധിക്കാറുള്ളത്.
വിമാനത്തില്‍ കയറുമ്പോള്‍ എവിടെയാണ് കൂടുതല്‍ സുരക്ഷിതം എന്നൊരു ചോദ്യവും എപ്പോഴും ചോദിക്കപ്പെടാറുണ്ട്. അനവധി വിമാനാപകടങ്ങളില്‍ രക്ഷപെട്ടവരുടെ പഠനം നടത്തിയതില്‍ നിന്നും വിമാനത്തിന്റെ പിന്‍ഭാഗത്ത് ഇരിക്കുന്നവര്‍ക്കാണ് കൂടുതല്‍ രക്ഷാ സാധ്യത എന്ന് സ്റ്റാസ്റ്റിറ്റിക്കല്‍ ആയി പലയിടത്തും വായിച്ചിട്ടുണ്ട്. പക്ഷെ നമ്മള്‍ സഞ്ചരിക്കുന്ന വിമാനം അപകടത്തില്‍ പെട്ടാല്‍ പിന്നെ രക്ഷപെടാനുള്ള സാധ്യത പൊതുവില്‍ വളരെ കുറവാണ്.
പോരാത്തതിന് വിമാനത്തില്‍ നമുക്ക് എവിടെ സീറ്റ് കിട്ടും എന്നത് അത്ര എളുപ്പത്തില്‍ തിരഞ്ഞെടുക്കാവുന്ന ഒന്നല്ലല്ലോ. ബിസിനസ്സ് ക്ളാസില്‍ യാത്ര ചെയ്യുമ്പോള്‍ വിമാനത്തിന് മുന്നിലാണ് എപ്പോഴും സീറ്റ് കിട്ടുന്നത്. അത് നമ്മുടെ നിയന്ത്രണത്തില്‍ അല്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തിലും ഞാന്‍ അത്ര ശ്രദ്ധ കാണിക്കാറില്ല. രാത്രി യാത്രയാണെങ്കില്‍ വിന്‍ഡോ സീറ്റും പകല്‍ യാത്ര ആണെങ്കില്‍ എയില്‍ സീറ്റും വേറെ മാര്‍ഗ്ഗം ഇല്ലെങ്കില്‍ നടുക്കുള്ള സീറ്റും, അവസരം കിട്ടുമ്പോള്‍ എമര്‍ജന്‍സി എക്‌സിറ്റിന് അടുത്തുള്ള സീറ്റും ആണ് ചോദിച്ചുവാങ്ങാറുള്ളത്.
ഒരു കാര്യം ഞാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഏത് സീറ്റില്‍ ഇരുന്നാലും ഏറ്റവും അടുത്ത എമര്‍ജന്‍സി വിന്‍ഡോ എവിടെയാണെന്നും (മുന്നില്‍/പിന്നില്‍) അതിലേക്ക് നമ്മുടെ സീറ്റില്‍ നിന്നും എത്ര സീറ്റുകളുടെ വ്യത്യാസം ഉണ്ടെന്നും ഉള്ള സംഖ്യ ഞാന്‍ വിമാനത്തില്‍ കയറുമ്പോള്‍ തന്നെ മനസ്സില്‍ കുറിച്ച് വക്കും. അപകടം ഉണ്ടായാല്‍ ഇരുട്ടും പുകയും നിറഞ്ഞ ഇടത്തിലൂടെയാണ് പുറത്തിറങ്ങേണ്ടി വരിക. അപ്പോള്‍ ഈ വിവരത്തിന് വളരെ വിലയുണ്ട്.
വിമാനത്തില്‍ ഇരിക്കുമ്പോള്‍ പൈലറ്റും ക്രൂവും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അതുപോലെ നടപ്പിലാക്കുക എന്നതാണ് ഏറ്റവും പ്രാധാന്യമുള്ളത്. സീറ്റ് ബെല്‍റ്റ് ഇടാന്‍ നിര്‍ദ്ദേശം ഉള്ളപ്പോള്‍ തീര്‍ച്ചയായും അത് ഉപയോഗിക്കണം. അങ്ങനെ നിര്‍ദ്ദേശം ഇല്ലെങ്കില്‍ തന്നെ സീറ്റ് ബെല്‍റ്റ് ലൂസ് ആയി ഇടുന്നതാണ് ബുദ്ധി. എമര്‍ജന്‍സി ആയി പുറത്തിറങ്ങാന്‍ പറഞ്ഞാല്‍ മുകളിലിരിക്കുന്ന അച്ചാറും കൂടിയെടുക്കാന്‍ നോക്കരുത് (പാസ്സ്‌പോര്‍ട്ട് ഞാന്‍ എപ്പോഴും പോക്കറ്റിലാണ് സൂക്ഷിക്കാറുള്ളത്). വിമാനം ഗേറ്റില്‍ എത്തി ക്രൂ നിര്‍ദ്ദേശിച്ചാല്‍ മാത്രം എഴുന്നേറ്റ് നില്‍ക്കുക. ഇതൊക്കെ നമുക്കും മറ്റുള്ളവര്‍ക്കും സുരക്ഷ കൂട്ടും.
പേടിപ്പിക്കുന്ന വിമാനയാത്രകള്‍ അനവധി ഉണ്ടായിട്ടുണ്ടെങ്കിലും വിമാനയാത്രയെപ്പറ്റിയുള്ള ചിന്ത എന്നെ ഒട്ടും പേടിപ്പിക്കാറില്ല. വിമാന യാത്രകള്‍ ഏറ്റവും സുരക്ഷിതമാണെന്ന ബോധമാണ് അതിന് പിന്നില്‍. വിമാനത്തില്‍ നിന്നിറങ്ങി റോഡിലോ വെള്ളത്തിലോ യാത്ര ചെയ്യുന്നതാണ് കൂടുതല്‍ ദുരന്ത സാധ്യത ഉണ്ടാക്കുന്നത്. ആ യാത്രകളാണ് എപ്പോഴും ഒഴിവാക്കാന്‍ നോക്കുന്നത്. സുരക്ഷിതമായിരിക്കുക
Content Highlight; Safety in the Skies: Muralee Thummarukudy’s Advice for Air Travelers