
മരണപ്പെട്ട മകളേക്കാള്‍ നല്ലതാണ് വിവാഹമോചിതയായ മകള്‍! മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെന്ന പെണ്‍കുട്ടിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ വാര്‍ത്ത അറിഞ്ഞ് മരവിച്ച കേരള മനഃസാക്ഷി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വരികളാണിത്. ഭര്‍തൃപീഡനത്തിന്റെ പേരില്‍ ബിഎഎംഎസ് വിദ്യാര്‍ഥിനി വിസ്മയ ആത്മഹത്യ ചെയ്തപ്പോഴും അവള്‍ക്ക് തുടര്‍ച്ചയുണ്ടായപ്പോഴും ഈ വാചകം സോഷ്യല്‍ മീഡിയ ഫീഡുകളില്‍ പിന്നെയും റീപോസ്റ്റ് ചെയ്യപ്പെട്ടു. ഇപ്പോഴും അത് തുടരുന്നു.
ഗ്യാസ് പൊട്ടിത്തെറിച്ചും കുക്കര്‍ പൊട്ടിത്തെറിച്ചും ജീവന്‍ വെടിഞ്ഞ മുന്‍ഗാമികള്‍ക്ക് പിന്നാലെ സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരിലും സൗന്ദര്യം കൂടിപ്പോയതിന്റെയും കുറഞ്ഞുപോയതിന്റെയും പേരിലും കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കേണ്ട ബാധ്യതയിലും വീണ്ടും പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. എല്ലാ മരണത്തിനുമൊടുവില്‍ ഭര്‍തൃവീട്ടുകാരുടെ ചെയ്തികളെ എണ്ണിയെണ്ണി പറഞ്ഞ് കുറ്റപ്പെടുത്തി പെണ്‍വീട്ടുകാരെത്തും. ജീവന്‍ കളയാമെന്ന തീരുമാനത്തിലെത്തുന്നത് വരെ പെണ്‍കുട്ടികള്‍ എന്തിന് ആ ഇടങ്ങളില്‍ തുടരുന്നു എന്ന ചോദ്യം അപ്പോഴും ഒരുപാട് ഉത്തരങ്ങളോടെ നിസംഗത പാലിക്കും. പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സമൂഹം പരിഹാരങ്ങളുടെ നീണ്ട പട്ടിക നിരത്തി പതംപാടും.
ഉയര്‍ന്ന വിദ്യാഭ്യാസമുള്ള, മികച്ച ജോലിയുള്ള, പുരോഗമനാത്മകമായ കാഴ്ചപ്പാടുള്ള പരിഷ്‌കൃത സമൂഹത്തിലെ പെണ്‍കുട്ടികള്‍ക്ക് എന്തുകൊണ്ടാണ് പരിഹാരം ജീവനൊടുക്കല്‍ മാത്രമാകുന്നത്? ഒരു ഇറങ്ങിപ്പോക്ക് അവള്‍ക്ക് സാധ്യമാകാത്തത് എന്തുകൊണ്ടാണ്? ഭര്‍ത്താവില്‍ നിന്ന് കൊടിയ പീഡനമേറ്റുവാങ്ങുമ്പോഴും സഹിച്ചവിടെ തുടരാന്‍ രക്ഷിതാക്കള്‍ക്ക് പറയേണ്ടി വരുന്നത് എന്തുകൊണ്ടാണ്? വിഹാഹമോചനത്തെ പാപമായും നാണക്കേടായും ഇക്കാലത്തും കാണുന്നത് എന്തുകൊണ്ടാണ്? സ്വന്തം ജീവിതത്തില്‍ ശരിയായ ഒരു തീരുമാനമെടുക്കാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിയാതെ വരുന്നത് എന്തുകൊണ്ടാണ്? അതിനുള്ള സ്വാതന്ത്ര്യം ഇപ്പോഴും ഇല്ലാത്തത് എന്തുകൊണ്ടാണ്? ചോദ്യങ്ങള്‍ നിരവധിയാണ്.
മ്യൂച്ചല്‍ റിലേഷന്‍ഷിപ്പ്, ലിവിങ് ടുഗെദര്‍, സെപറേഷന്‍, ഡിവോഴ്‌സ് ഈ പദങ്ങളൊക്കെ നമ്മുടെ മെട്രോ നഗരങ്ങളിലെങ്കിലും നോര്‍മലായിത്തുടങ്ങിയിട്ട് അധികം വര്‍ഷങ്ങളായിട്ടില്ല. കണ്ട്, പരസ്പരം ഇഷ്ടപ്പെട്ട്, കുറച്ചുകാലം ഒന്നിച്ചുകഴിഞ്ഞ്, ചിലപ്പോള്‍ കുഞ്ഞുവരെയായിക്കഴിഞ്ഞ് ഒന്നിച്ചുപോകാനാകും എന്നു മനസ്സിലാക്കിയാല്‍ മാത്രം വിവാഹം കഴിക്കുന്ന പാശ്ചാത്യ സംസ്‌കാരത്തെ അതുകൊണ്ടുതന്നെ അത്രയ്ക്കങ്ങ് നോര്‍മലായിക്കാണാന്‍ ശീലിച്ചുവന്ന സംസ്‌കാരത്തിന്റെ ഭാഗമായി നമുക്ക് സാധിക്കുന്നുമില്ല. നമ്മുടെ സമൂഹം കുടുംബത്തിന് കല്പിക്കുന്ന പ്രാധാന്യം അത്രമേല്‍ ആഴത്തില്‍ വേരുകളുള്ളതാണ്. ആ തായ്വേരിന്റെ ബലത്തിലാണ് സമൂഹത്തിന്റെ തന്നെ അടിത്തറ. ജനാധിപത്യം തൊട്ടുതെറിക്കാത്ത ഫ്യൂഡല്‍ വ്യവസ്ഥിതി തുടര്‍ന്നുപോരുന്ന ഇടങ്ങളാണ് കുടുംബങ്ങള്‍. അവിടെ വ്യക്തികള്‍ക്കല്ല, കുടുംബത്തിന്റെ നിലനില്‍പിനാണ് പ്രാധാന്യം. അതിനായി എന്ത് കോംപ്രമൈസിനും വ്യക്തികള്‍ നിര്‍ബന്ധിതരാകും. വിസ്മയയും വിഷ്ണുജയും വിപഞ്ചികയും ഏറ്റവുമൊടുവില്‍ ജീവനൊടുക്കിയ
അതുല്യയുമെല്ലാം ആ കുടുംബ സങ്ക്‌ലപത്തിന്റെ ഇരകളാണ്.
വിവാഹം, തുടര്‍ന്നുള്ള ജീവിതയാത്രയില്‍ കൈപിടിച്ച് നടക്കാനുള്ള പങ്കാളിയെ കണ്ടെത്തുക എന്നതിനുപരി രണ്ടുകുടുംബങ്ങള്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന ഒരു ഈവന്റാണ് മലയാളിക്ക്. ചെറുക്കനെ നേര്‍വഴി നടത്തുന്നതിന്, കടംവീട്ടുന്നതിന്, ഗള്‍ഫില്‍ പോകുന്നതിന്, ചെറുക്കന്റെ സഹോദരിയെ വിവാഹം കഴിച്ചുവിടുന്നതിന് തുടങ്ങി പലകാര്യങ്ങള്‍ക്കുള്ള ധനസമാഹരണമാണ് കല്യാണം. മധ്യവര്‍ഗ കുടുംബത്തിന് മുകളിലുള്ളവര്‍ക്കാണെങ്കില്‍ കയ്യില്‍ നാല് പുത്തനുണ്ടെന്ന് നാട്ടുകാര്‍ക്ക് മുന്നില്‍ മേനി നടിക്കാനുള്ള ഏറ്റവും മികച്ച അവസരം. ജീവിക്കുന്നത് സമൂഹത്തിന്റെ പൊതുബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന നിര്‍ബന്ധബുദ്ധിയാണ് ഇതിനെല്ലാം പിന്നിലുള്ള മൂലകാരണം.
ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടും ആ സ്വപ്‌നങ്ങള്‍ മാറ്റിവെച്ച് ദേഹമാസകലം പൊന്നണിഞ്ഞ് 'അവള്‍'വിവാഹവേദിയിലെത്തുന്നത്, ഉത്തമകുടുംബിനിയാകാന്‍ ശ്രമിക്കുന്നത് സമൂഹത്തോടുള്ള ആ ഭയത്തിന്റെ പ്രതിഫലനം മാത്രമാണ്. ഒറ്റയ്ക്ക് ജീവിക്കേണ്ടി വരികയാണെങ്കില്‍ നേരിടേണ്ടി വരുന്ന അരക്ഷിതാവസ്ഥകളെ, ചില ചോദ്യങ്ങളെ, നോട്ടങ്ങളെ അഭിമുഖീകരിക്കാനുള്ള ഭയം കൊണ്ടുള്ള കീഴടങ്ങലാണത്. സ്വാശ്രയത്വത്തോടെ വളര്‍ത്തുക എന്നുള്ളത് മാത്രമാണ് മുന്നിലുള്ള ഏകപോംവഴി.
കേരള സമൂഹത്തില്‍ പരിവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട് സഹിക്കാന്‍ കഴിയാത്തതിനോടെല്ലാം ഉറച്ച ശബ്ദത്തില്‍ ഉറക്കെത്തന്നെ പറ്റില്ലെന്ന് പറയുന്ന ഒരു തലമുറ വളര്‍ന്നുവരുന്നുമുണ്ട്. നിയമപരമായും അല്ലാതെയും കേരളത്തില്‍ വിവാഹമോചനം വര്‍ധിച്ചുവരുന്നതായുളള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് അതുകൊണ്ടാണ്. വിവാഹമോചന കേസുകളിലെ ഈ വര്‍ധന സാമൂഹികപരിവര്‍ത്തനത്തിന്റെ തുടക്കമാണെന്നാണ് സാമൂഹിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. പക്ഷേ അതിന്റെ വേഗം പോരെന്നാണ് വിപഞ്ചികയുടെയും അതുല്യയുടെയുമെല്ലാം മരണങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്.
ലോക്ക്ഡൗണ്‍ കാലത്ത് റിലീസായ ഥപട് എന്ന ചിത്രം ഒരു വലിയ ചര്‍ച്ച തുടങ്ങി വച്ചിരുന്നു. ഒരടി കിട്ടിയതിന് വിവാഹജീവിതത്തില്‍ നിന്ന് തപ്‌സി പന്നു അവതരിപ്പിച്ച അമൃതയെന്ന കഥാപാത്രം ഇറങ്ങി നടക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന്. അമൃത ജീവിതം എന്താണെന്ന് പറഞ്ഞുവയ്ക്കുകയാണ്. ഇഷ്ടമല്ലാത്ത, പൊരുത്തപ്പെടാനാകാത്ത വിവാഹബന്ധത്തില്‍ തുടരുന്നതിനേക്കാള്‍ അവിടെനിന്ന് ഇറങ്ങി നടക്കുക തന്നെ വേണം. ചിലപ്പോള്‍ സമൂഹത്തോട്, കുടുംബത്തോട് ഇടംതിരിഞ്ഞ് നില്‍ക്കേണ്ടിവരും, കേട്ടാലറയ്ക്കുന്ന വിശേഷണങ്ങള്‍ കിരീടമായി അണിയേണ്ടി വന്നേക്കാം. പക്ഷെ മുന്നില്‍ വലിയൊരു ലോകമുണ്ട്, മികച്ച ജീവിതത്തിനുള്ള അവസരങ്ങളുണ്ട് അത് തിരഞ്ഞെടുക്കേണ്ടത് നിങ്ങളാണ്. വിവാഹമോചനം ജീവിതത്തിന്റെ അവസാനമല്ല.
Content Highlights: Why Dowry Death and Domestic Violence is increasing in Kerala