

സാമ്പത്തിക അവസരങ്ങൾ, ജീവിത നിലവാരം തുടങ്ങി മേഖലകളിൽ ലോകത്തിലെ മുൻനിര നഗരങ്ങളിൽ ഇടം നേടി അബുദാബിയും ദുബായിയും. യുഎഇയെ ആഗോള ബിസിനസ്, നിക്ഷേപ, പ്രതിഭാ കേന്ദ്രമായി കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് പുതിയ റിപ്പോർട്ടിലെ കണ്ടെത്തലുകൾ.
ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പ് (BCG) പുറത്തിറക്കിയ ‘Cities of Choice 4.0’ റിപ്പോർട്ടിലാണ് യുഎഇയിലെ രണ്ട് പ്രധാന നഗരങ്ങളും ശ്രദ്ധേയ നേട്ടം കൈവരിച്ചത്. സാമൂഹിക ബന്ധങ്ങൾ, സാമ്പത്തിക അവസരങ്ങൾ, ജീവിത നിലവാരം, ഡിജിറ്റൽ സർക്കാർ സേവനങ്ങൾ തുടങ്ങിയ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നഗരങ്ങളെ വിലയിരുത്തിയത്. റിപ്പോർട്ട് പ്രകാരം സാമൂഹിക മൂലധന (Social Capital) വിഭാഗത്തിൽ ദുബായ് ആഗോളതലത്തിൽ 12-ാം സ്ഥാനത്തെത്തി. ഈ വിഭാഗത്തിൽ മിഡിൽ ഈസ്റ്റിലെ നഗരങ്ങളിൽ ഒന്നാം സ്ഥാനവും ദുബായിക്കാണ്.
സാമൂഹിക ബന്ധങ്ങളുടെ ശക്തി (Social Connections) വിലയിരുത്തിയപ്പോൾ ദുബായ് ലോകത്ത് ഒന്നാം സ്ഥാനവും നേടി. നഗരത്തിലെ സമൂഹബന്ധങ്ങളും ജനങ്ങൾ തമ്മിലുള്ള ഇടപെടലുകളും മികച്ച നിലവാരത്തിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക അവസരങ്ങളുടെ കാര്യത്തിൽ ദുബായ് ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്താണ്. ഈ വിഭാഗത്തിൽ ലോകത്തെ ആദ്യ അഞ്ച് നഗരങ്ങളിൽ ഇടം നേടിയ ഏക ഗൾഫ് നഗരവും ദുബായിയാണ്. അബുദാബിയും ദുബായിയും വ്യാപാര-സാമ്പത്തിക കേന്ദ്രങ്ങൾ മാത്രമല്ല. മികച്ച ജീവിത നിലവാരവും കാര്യക്ഷമമായ ഡിജിറ്റൽ സർക്കാർ സേവനങ്ങളും ശക്തമായ സാമൂഹിക അന്തരീക്ഷവും നൽകുന്ന നഗരങ്ങളായി മാറിയിട്ടുണ്ടെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.
ഡിജിറ്റൽ സേവനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക വൈവിധ്യവത്കരണം എന്നിവയിൽ യുഎഇ നടത്തിയ വൻ നിക്ഷേപങ്ങളാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബിസിനസുകൾ, നിക്ഷേപകർ, സംരംഭകർ, വിദഗ്ധ തൊഴിലാളികൾ എന്നിവരെ ആകർഷിക്കുന്നതിൽ അബുദാബിയും ദുബായും ആഗോള നഗരങ്ങളുമായി ശക്തമായ മത്സരത്തിലാണ് മുന്നേറുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Content Highlights: Abu Dhabi and Dubai ranked among the world’s leading cities for economic opportunity, quality of life and urban competitiveness in the Cities of Choice 4.0 report by Boston Consulting Group.