നിക്ഷേപ, വ്യാപാര, സാമ്പത്തിക മേഖലകളിലെ സഹകരണം ശക്തിപ്പെടും; ബന്ധം വിപുലീകരിക്കാൻ ഇന്ത്യയും ഖത്തറും

ഇന്ത്യയുടെ വലിയ സാമ്പത്തിക ശേഷിയും വിപുലമായ വ്യവസായ-സാങ്കേതിക അടിസ്ഥാനവും ഖത്തർ നിക്ഷേപകർക്ക് രാജ്യത്തെ ഒരു തന്ത്രപ്രധാന വിപണിയാക്കുന്നുവെന്ന് നിർമല സീതാരാമൻ പറഞ്ഞു

നിക്ഷേപ, വ്യാപാര, സാമ്പത്തിക മേഖലകളിലെ സഹകരണം ശക്തിപ്പെടും; ബന്ധം വിപുലീകരിക്കാൻ ഇന്ത്യയും ഖത്തറും
dot image

നിക്ഷേപ, വ്യാപാര, സാമ്പത്തിക മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യയും ഖത്തറും. കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി നിർമല സീതാരാമന്റെ ഖത്തർ സന്ദർശനത്തിനിടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ നടന്നത്.

ദോഹയിൽ നടന്ന കൂടിക്കാഴ്ചകളിൽ ഉഭയകക്ഷി നിക്ഷേപ ഉടമ്പടി, സ്വതന്ത്ര വ്യാപാര കരാർ (FTA), നിക്ഷേപ സഹകരണം, വ്യാപാര വികസനം തുടങ്ങിയ വിഷയങ്ങൾ പ്രധാനമായി ചർച്ചയായി. ഖത്തർ ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി, വ്യാപാര-വ്യവസായ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സായിദ് എന്നിവരുമായും നിർമല സീതാരാമൻ കൂടിക്കാഴ്ച നടത്തി. ദോഹയിൽ നടന്ന ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (AIIB) വാർഷിക സമ്മേളനത്തിനിടെയായിരുന്നു ചർച്ചകൾ. ഇന്ത്യയിൽ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ (QIA) ഓഫീസ് സ്ഥാപിക്കുന്നതും നേരത്തെ പ്രഖ്യാപിച്ച 10 ബില്യൺ ഡോളറിന്റെ ഭാവി നിക്ഷേപ പദ്ധതിയും കൂടിക്കാഴ്ചകളിൽ പരിഗണിച്ചു.

ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കേണ്ടത് ആഗോള വ്യാപാരത്തിനും ഊർജ സുരക്ഷയ്ക്കും നിർണായകമാണെന്നും നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വലിയ സാമ്പത്തിക ശേഷിയും വിപുലമായ വ്യവസായ-സാങ്കേതിക അടിസ്ഥാനവും ഖത്തർ നിക്ഷേപകർക്ക് രാജ്യത്തെ ഒരു തന്ത്രപ്രധാന വിപണിയാക്കുന്നുവെന്ന് നിർമല സീതാരാമൻ പറഞ്ഞു. അതേസമയം ഗൾഫ് മേഖലയിലേക്കും മറ്റ് പ്രാദേശിക വിപണികളിലേക്കും വ്യാപനം നടത്താൻ ഇന്ത്യൻ കമ്പനികൾക്ക് മികച്ച നിക്ഷേപാന്തരീക്ഷവും തന്ത്രപ്രധാനമായ ഭൗമസ്ഥിതിയും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും ഖത്തർ വാഗ്ദാനം ചെയ്യുന്നുവെന്നും അവർ വ്യക്തമാക്കി.

ഖത്തർ ബിസിനസ്മെൻ അസോസിയേഷൻ (QBA) സംഘടിപ്പിച്ച പ്രത്യേക ഉച്ചഭക്ഷണ സംഗമത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. തുടർന്ന് അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സാമ്പത്തിക-നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും സ്വകാര്യ മേഖലകളുടെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകളും ചർച്ച ചെയ്തു. ഭാവിയിൽ പങ്കാളിത്തത്തിനും സംയുക്ത നിക്ഷേപത്തിനും സാധ്യതയുള്ള മേഖലകൾ, പുതിയ വ്യവസായ അവസരങ്ങൾ, സാങ്കേതിക സഹകരണം എന്നിവയും യോഗത്തിൽ വിലയിരുത്തി. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കുകയും വൈവിധ്യവത്കരിക്കുകയും ചെയ്യുന്നതിനുള്ള നടപടികളും ചർച്ചകളിൽ ഇടം നേടി.

ഖത്തറിന്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 14.15 ബില്യൺ ഡോളറിലെത്തി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് 28 ബില്യൺ ഡോളറാക്കി ഉയർത്തുക എന്ന ലക്ഷ്യത്തിലാണ് ഇരു രാജ്യങ്ങളും മുന്നേറുന്നത്. സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമായാൽ ഈ ലക്ഷ്യം മറികടക്കാനാകുമെന്ന പ്രതീക്ഷയും ഇരു രാജ്യങ്ങളും പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളിലെയും കമ്പനികൾ സംയുക്ത സംരംഭങ്ങളും ബിസിനസ് പങ്കാളിത്തങ്ങളും രൂപീകരിച്ച് ഇന്ത്യയുടെയും ഖത്തറിന്റെയും വമ്പിച്ച സാമ്പത്തിക-നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് യോഗം ആഹ്വാനം ചെയ്തു.

Content Highlights: India and Qatar discussed strengthening cooperation in trade, investment and economic sectors, including new partnership opportunities for businesses and investors.

dot image
To advertise here,contact us
dot image