സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി: ഇഡിക്ക് എതിരെ പ്രമേയത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്ര നേതൃത്വം

ഇഡിയെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും കേന്ദ്ര നേതൃത്വം

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി: ഇഡിക്ക് എതിരെ പ്രമേയത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്ര നേതൃത്വം
dot image

കോഴിക്കോട്: സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ഇഡിക്ക് എതിരെ പ്രമേയം ഉണ്ടാവില്ലന്ന് വിവരം. പ്രമേയത്തിന്റെ ആവശ്യം ഇല്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം എന്നാണ് റിപ്പോര്‍ട്ട്. വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ഇഡി ചര്‍ച്ച വിഷയമല്ലെന്ന് പി ബി അംഗം ബി വി രാഘവലു പറഞ്ഞു. ഇഡിയെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. എന്നാല്‍ അത് വിപുലീകൃത സംസ്ഥാന കമ്മിറ്റി ചര്‍ച്ചയുടെ ഭാഗമല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വിപുലീകൃത സംസ്ഥാന കമ്മിറ്റി പാര്‍ട്ടിക്ക് ഗുണകരമെന്ന് ബി വി രാഘവലു കൂട്ടിച്ചേര്‍ത്തു. ഇ ഡി യെ പ്രതിരോധിക്കുമെന്ന് യു വാസുകിയും പറഞ്ഞു. ഇ ഡി വിഷയത്തില്‍ നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം തളിപറമ്പ് പരാജയം കരട് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താത്തതില്‍ വിശദീകരണവും നേതൃത്വം നല്‍കുന്നുണ്ട്. തളിപ്പറമ്പിലേയും പയ്യന്നൂരിലേയും സാഹചര്യം രണ്ടെന്നാണ് ഔദ്യോഗിക നേതൃത്വത്തിന്റെ വിശദീകരണം. തളിപ്പറമ്പില്‍ പികെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം അല്ല പ്രശ്‌നം എന്നാണ് അറിയിച്ചിരിക്കുന്നത്. തളിപ്പറമ്പില്‍ പാര്‍ട്ടി തോല്‍ക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെന്നും പതിനായിരത്തോളം വോട്ടിന്റെ കുറവ് വരുമെന്നായിരുന്നു പാര്‍ട്ടി കണക്കെന്നും വിശദീകരിക്കുന്നുണ്ട്. പിടിച്ചെടുക്കേണ്ട മണ്ഡലത്തില്‍ ആണ് തളിപ്പറമ്പിനെ പാര്‍ട്ടി ഉള്‍പ്പെടുത്തിയത്. കണക്കുകള്‍ തിരിച്ചടിക്കും എന്ന് കണ്ടപ്പോഴാണ് ടി കെ ഗോവിന്ദന്‍ പോയതെന്നും എം വി ഗോവിന്ദന്‍ വിശദീകരിക്കുന്നുണ്ട്.

മുമ്പ് തളിപ്പറമ്പിലേയും പയ്യന്നൂരിലേയും തോല്‍വി ഒരു പോലെ തന്നെയായിരുന്നു സിപിഐഎം കണ്ടിരുന്നത്. കേന്ദ്രകമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ അടക്കം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചയും സംഘടനാ വീഴ്ചയും പ്രതിസന്ധി ആയെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇന്നലെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ച തിരുത്തല്‍ രേഖയില്‍ തളിപ്പറമ്പിലെ തോല്‍വിയെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ പയ്യന്നൂരിലെ മധുസൂധനന്റെ തോല്‍വിയെ കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഇന്നലെ തന്നെ പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ പൊതു ചര്‍ച്ചയില്‍ ഭരണപരമായ കാര്യങ്ങളിലും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പി എം ശ്രീ പദ്ധതി ഒപ്പിട്ടതില്‍ വീഴ്ചയാണെന്നാണ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയത്. രാഷ്ട്രീയ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിച്ചില്ലെന്നും സിപിഐയുടെ സമ്മര്‍ദ്ദം തിരിച്ചടിയായെന്നും വിമര്‍ശമുയര്‍ന്നിട്ടുണ്ട്. മുന്നണി ഐക്യം നഷ്ടപ്പെട്ടെന്ന ചര്‍ച്ചയും ഉയര്‍ന്നിരുന്നു. ആഗോള അയ്യപ്പ സംഗമം സമയോചിതമായില്ലെന്നും ശബരിമലയിലെ അഴിമതി തിരിച്ചടിയായി എന്നും പ്രതിനിധികള്‍ പറഞ്ഞു. പാര്‍ട്ടിക്കും സര്‍ക്കാരിനും വിഷയത്തില്‍ ഏകോപനമുണ്ടായില്ലെന്ന ഗൗരവമായ വിമര്‍ശനവും അംഗങ്ങള്‍ ഉയര്‍ത്തി.

Also Read:

വെള്ളാപ്പളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളെ എതിര്‍ക്കാത്തത് രാഷ്ട്രീയ തിരിച്ചടിയായി എന്ന വിമര്‍ശനം ഇന്നും ഉയര്‍ന്ന് വന്നിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ ആശങ്ക തടയാന്‍ സാധിച്ചില്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ സമയോചിതമായ നടപടിയുണ്ടായില്ലെന്നും വിമര്‍ശനമുണ്ട്. നേതാക്കള്‍ പാര്‍ലമെന്ററി വ്യാമോഹത്തിലായി എന്ന വിമര്‍ശനവും വീണ്ടും ഉയരുന്നുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തിലും പാര്‍ട്ടി നേതൃസ്ഥാനങ്ങളിലും സ്വജനപക്ഷപാതമുണ്ടായി. സഹകരണ ബാങ്കുകളിലെ പ്രവര്‍ത്തനം സുതാര്യമാക്കാഞ്ഞതും തിരിച്ചടിയായെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

പ്രാദേശിക രാഷ്ട്രീയ വിഷയങ്ങള്‍ പോലും സംസ്ഥാന നേതൃത്വം നേരിട്ട് പരിശോധിക്കണമെന്ന നിര്‍ദേശമാണ് അംഗങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. പാര്‍ട്ടി അംഗങ്ങളുടെ പരാതികളില്‍ കാലതാമസം കൂടാതെ നടപടിയെടുക്കുക. നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ സുതാര്യമാക്കുക. സാമ്പത്തിക അച്ചക്കടം പാലിച്ച് നേതാക്കള്‍ ധൂര്‍ത്ത് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളും തിരുത്തല്‍ നടപടിയുടെ ഭാഗമായി ഉയര്‍ന്നു വന്നിട്ടുണ്ട്. മതേതര രാഷ്ട്രീയ ബോധം പ്രചരിപ്പിക്കുക. നേതാക്കളുടെ ഭാഷ ശൈലി എന്നിവ സൗഹാര്‍ദപരമാക്കുക. വര്‍ഗബഹുജന സംഘടനകളുടെ വിഷയങ്ങള്‍ പരിഗണിക്കുക. ജനങ്ങളുമായുള്ള നിരന്തര ഇടപെടല്‍ ഉറപ്പാക്കുക എന്നീ നിര്‍ദേശങ്ങളും ഉയര്‍ന്നു. അധികാരത്തിന്റെ ഉല്‍പന്നമായി രാഷ്ട്രീയത്തെ കാണാതിരിക്കുക. ജനസേവനം മുഖ്യ പ്രവര്‍ത്തന മേഖലയാക്കുക. വ്യക്തി ബോധത്തിന് മുകളില്‍ പാര്‍ട്ടി ബോധം ഉയര്‍ത്തിപ്പിടക്കുക എന്നിവ തിരുത്തല്‍ നടപടിയുടെ ഭാഗമാകണമെന്നാണ് പ്രതിനിധികളുടെ നിര്‍ദേശം.

Content Highlights: The CPI(M) is reportedly not planning to bring a resolution against the Enforcement Directorate at the extended state committee meeting, with the central leadership said to be of the view that it is unnecessary. PB member B V Raghavulu said the ED issue is not part of the committee’s discussion and that the party will respond through political and legal means. U Vasuki also said the party had already clarified its position on the matter.

dot image
To advertise here,contact us
dot image