
രാജ്യത്തെ നടുക്കിയ മലേഗാവ് സ്‌ഫോടനക്കേസില്‍ ഒടുവില്‍ വിധി വന്നിരിക്കുന്നു. മുഖ്യപ്രതിയായ ബിജെപി മുന്‍എംപി പ്രജ്ഞ സിങ് താക്കൂറുള്‍പ്പെടെയുള്ളവരെ വെറുവിട്ടിരിക്കുകയാണ് എന്‍ഐഎ കോടതി. റംസാന്‍ നവരാത്രി ആഘോഷങ്ങള്‍ക്കായി ജനങ്ങള്‍ തയ്യാറെടുക്കുന്നതിനിടയിലാണ് 2008 സെപ്തംബര്‍ 29ന് മഹാരാഷ്ട്രയിലെ മലേഗാവില്‍ സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുന്നത്. സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചത് പ്രജ്ഞയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ബൈക്കിലാണെന്ന വാദം തെളിയിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിയാതെ പോയി. സ്‌ഫോടനം നടന്നുവെന്ന് പ്രോസിക്യൂഷന് പറയാന്‍ കഴിഞ്ഞു പക്ഷേ പ്രജ്ഞയുടേതെന്ന് പറയപ്പെടുന്ന എല്‍എംഎല്‍ ഫ്രീഡം മോട്ടോര്‍ സൈക്കിളിലാണ് സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ചിരുന്നതെന്ന് തെളിയിക്കാനുള്ള ഒന്നും അന്വേഷണ സംഘത്തിന്റെ പക്കലില്ല..
മധ്യപ്രദേശിലെ ആയുര്‍വേദ വൈദ്യന്റെ മകളായ പ്രജ്ഞ 2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനത്തിന് പ്രതികാരമായി തീവ്രവാദ ആക്രമണത്തിന് പദ്ധതിയിട്ടെന്ന തരത്തില്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ഹിന്ദു ഭീകരവാദത്തിന്റെ മുഖമായി അവര്‍ മാറി. സ്‌ഫോടനത്തിനായി ഒരു സംഘത്തെ തന്നെ ഉണ്ടാക്കി, സ്‌ഫോടകവസ്തുക്കള്‍ എത്തിച്ച് നല്‍കിയത് കൂട്ടുപ്രതിയായ സൈനിക ഉദ്യോഗസ്ഥന്‍.. ഇന്ന് ഇരുവരും മറ്റ് കൂട്ടുപ്രതികള്‍ക്കൊപ്പം സ്വതന്ത്രരായിരിക്കുന്നു. ദേശീയസുരക്ഷയെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന ബിജെപി ഭോപ്പാലില്‍ മത്സരിക്കാന്‍ തീവ്രവാദ കേസിലെ മുഖ്യപ്രതിയായ പ്രജ്ഞയെ ലോക്‌സഭ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഹിന്ദുക്കളെ വികാരത്തെ മുറിപ്പെടുത്തിയെന്ന ആയുധം തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുകയാണെന്ന തന്ത്രമാണ് ബിജെപി അന്ന് പ്രയോഗിച്ചതെന്നായിരുന്നു വിമര്‍ശനം.
ഒരു സന്യാസ ജീവിതം നയിച്ചുവന്ന തന്റെ ജീവിതം ഈയൊരൊറ്റ സംഭവം തകര്‍ത്തു. ആദ്യമേ നിരപരാധിയാണെന്ന് പറഞ്ഞിരുന്നു. അറസറ്റ് ചെയ്ത് തന്നെ ഉപദ്രവിച്ചു എന്നാണ് വിധി വന്നതിന് ശേഷമുള്ള പ്രജ്ഞയുടെ പ്രതികരണം. ഇന്ന് ഹിന്ദുത്വം വിജയിച്ചിരിക്കുന്നു, കുറ്റം ചെയ്തവരെയേ ദൈവം ശിക്ഷിക്കു എന്നുമവര്‍ അവകാശപ്പെടുന്നുണ്ട്. വിചാരണയ്ക്കിടെ പല തവണ ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി അവര്‍ കോടതിയിലെത്താതെ ഒഴിഞ്ഞു നിന്നു. ഒന്നാം പ്രതിയായ ഇവരെ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് എന്‍ഐഎ ആവശ്യമുന്നയിച്ചിരുന്നെങ്കിലും കോടതി അത് എതിര്‍ത്തു. ക്രിമിനല്‍ ചട്ടപ്രകാരം മൊഴി നല്‍കാന്‍ തയ്യാറാവാതെ ആരോഗ്യകാരണം പറഞ്ഞ് മാറി നിന്ന പ്രജ്ഞയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് വരെ കോടതി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ബിജെപിയുടെ ഭാഗത്ത് നിന്നും സ്വാഭാവികമായ മൃദു സമീപനമാണ് ഉണ്ടായത്. വ്യാജമായി ചമച്ച കേസെന്നാണ് ബിജെപി അനുകൂല മാധ്യമങ്ങള്‍ എഴുതിയത്. അതിനിടയില്‍ കേസില്‍ വിചാരണ നടത്തുന്ന പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി എ.കെ. ലാഹോട്ടിയെ നാസിക്കിലേക്ക് മാറ്റിയതും വിവാദമായിരുന്നു. കേസില്‍ വിധി പറയാനിരിക്കെയായിരുന്നു എ.കെ ലാഹോട്ടിയെ സ്ഥലംമാറ്റിയത്. 2008ല്‍ നടന്ന സ്‌ഫോടനക്കേസില്‍ 17 വര്‍ഷത്തിനിടെ അഞ്ച് തവണ ജഡ്ജിമാരെ സ്ഥലം മാറ്റിയിരുന്നു.
പ്രതിയാക്കപ്പെട്ടിട്ടും ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച് വലിയ ഭൂരിപക്ഷത്തിലായിരുന്നു ഇവരുടെ വിജയം. എല്‍എംഎല്‍ ഫ്രീഡം മോട്ടോര്‍ സൈക്കിളിലാണ് സ്‌ഫോടന വസ്തുവായ എല്‍ഇഡി ഘടിപ്പിച്ചിരുന്നതെന്നാണ് ആദ്യ അന്വേഷണം നടത്തിയ എടിഎസ് സംശയം ഉന്നയിച്ചത്. അന്വേഷണത്തില്‍ രജിസ്‌ട്രേഷന്‍ നമ്പറും എന്‍ജിന്‍ നമ്പറുമടക്കം വ്യാജമാണെന്ന് മനസിലായിരുന്നു. ഇതോടെ ഫോറന്‍സ് പരിശോധനയില്‍ മായിച്ച് കളഞ്ഞ നമ്പറുകള്‍ വെളിച്ചത്ത് വന്നു. ബൈക്കിന്റെ ഉടമ പ്രജ്ഞ സിങാണെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തി. 2008 ഒക്ടോബര്‍ 23ന് അവരെ അറസ്റ്റ് ചെയ്തു. എടിഎസ് 2009 ജനുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മുസ്ലീങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പ്രതികാര നടപടിയായിരുന്നു ഈ സ്‌ഫോടനമെന്നാണ് എടിഎസ് കുറ്റപത്രത്തിലുണ്ടായിരുന്നത്.
കേസിലെ കൂട്ടുപ്രതിയാണ് സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്ന ലഫ്. കേണല്‍ പ്രസാദ് പുരോഹിത്, സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സംഘടനയില്‍ നുഴഞ്ഞു കയറിയതാണ് താനെന്നും സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്നുമാണ് ഇയാള്‍ വാദിച്ചത്. ഇയാള്‍ പണം സ്വരൂപിച്ച് സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ചതും ഇവ ഉപയോഗിച്ച് സ്വന്തം വീട്ടില്‍ ബോംബ് നിര്‍മിച്ചു എന്നുള്ള വാദങ്ങളൊന്നും തെളിയിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ല. ആദ്യ രണ്ടു പ്രതികള്‍ക്ക് പുറമേ,റിട്ട. മേജര്‍ രമേശ് ഉപാധ്യായ്, അജയ് രാഹികര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍കര്‍ണി എന്നിവരെയാണ് കോടതി വെറുതെവിട്ടത്. സ്‌ഫോടനത്തിന് പിന്നിലെ ലക്ഷ്യം സാമുദായിക കലാപമാണെന്ന് ഒരുവര്‍ഷം മുമ്പ് കണ്ടെത്തിയ എന്‍ഐഎ, പൂര്‍ണമായി പരാജയപ്പെട്ടുവെന്നൊരു നിരീക്ഷണവും വിധി പറഞ്ഞതിനൊപ്പം കോടതി ചൂണ്ടിക്കാട്ടി. 323 സാക്ഷികളെയും എട്ടോളം പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു. ഇവരില്‍ നാല്‍പത് പേര്‍ കൂറുമാറി. സാക്ഷികളില്‍ 30 ഓളം പേര്‍ വിചാരണക്കുമുമ്പ് മരിച്ചു.പതിനായിരത്തി എണ്ണൂറിലധികം തെളിവുകള്‍ പരിശോധിച്ചു. എന്നിട്ടും എന്‍ഐഎ പൂര്‍ണമായും പരാജയപ്പെട്ടു. മോട്ടോര്‍ സൈക്കിളില്‍ ബോംബുവച്ചത് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. രാജ്യത്തെ ഏറ്റവും നീണ്ടുപോയ വിചാരണയ്ക്ക് ശേഷമാണ് വിധി പറഞ്ഞിരിക്കുന്നത്.
2008ല്‍ സംഭവിച്ചത് എന്താണ്?
നാസിക്ക് ജില്ലയിലെ മലേഗാവില്‍ ഒരു മുസ്ലീം പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളിലില്‍ കെട്ടിയിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു. ആറു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, 95 പേര്‍ക്ക് പരിക്കേറ്റു. 2011ലാണ് കേസ് എന്‍ഐഎ ഏറ്റെടുക്കുന്നത്. 2018ല്‍ വിചാരണ ആരംഭിച്ചു. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മലേഗാവില്‍ റംസാന്‍ കാലത്തിനൊപ്പം നവരാത്രി ആഘോഷങ്ങളും നടക്കാനിരിക്കെ ജനങ്ങളെ ഭീതിയിലാഴ്ത്തുക എന്നതും അക്രമികളുടെ ലക്ഷ്യമായിരുന്നെന്നാണ് എന്‍ഐഎ കണ്ടെത്തിയത്. ഭോപ്പാലില്‍ നിന്നുള്ള എംപിയായിരുന്നു പ്രജ്ഞ സിംഗ് താക്കൂര്‍. മുന്‍ മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ ലഫ്. കേണല്‍ പ്രസാദ് പുരോഹിത് രൂപം നല്‍കിയ തീവ്ര ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന കണ്ടെത്തിയിരുന്നു. സ്‌ഫോടനം നടന്ന് ഒരുമാസത്തിനകം പ്രതികളെയും പിടികൂടി. മുംബൈ ഭീകരാക്രമണത്തില്‍ ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എന്‍ഐഎ കേസെറ്റെടുത്തത്. മുംബൈയില്‍ നിന്നും മുന്നൂറ് കിലോമീറ്ററോളം അകലെയാണ് മലേഗാവ്, സ്‌ഫോടനം നടന്ന് പതിനേഴ് വര്‍ഷത്തിന് ശേഷം വന്ന വിധിക്കെതിരെ സ്വന്തം നിലയില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് അവരുടെ അഭിഭാഷകന്‍ അറിയിച്ചിരിക്കുന്നത്. കശ്മീരില്‍ നിന്നും ആക്രമണത്തിനായി ആര്‍ഡിഎക്‌സ് എത്തിക്കുകയും അത് നാസിക്കിലെ വീട്ടില്‍ പുരോഹിത് സൂക്ഷിക്കുകയും ചെയ്തു. സുധാകര്‍ ചതുര്‍വേദി ബോംബ് നിര്‍മിച്ചു. മലേഗാവില്‍ ഇത് സ്ഥാപിക്കാന്‍ പ്രജ്ഞാസിങ് അവരുടെ ബൈക്ക് നല്‍കി എന്നാണ് എന്‍ഐഎയെ കോടതിയെ അറിയിച്ചത്. സ്‌ഫോടനം ഗൂഡാലോചന എന്നിവയുമായി ബന്ധപ്പെട്ട് എടിഎസ് കണ്ടെത്തിയ തെളിവുകളും രേഖകളും കാണാനില്ലെന്ന് മുമ്പ് എന്‍ഐഎ തന്നെ കോടതിയെ അറിയിച്ചിരുന്നു.
കേസില്‍ ആദ്യം 11 പേരെയാണ് എടിഎസ് അറസ്റ്റ് ചെയ്തത്.എന്‍ഐഎ കേസ് ഏറ്റെടുത്തതോടെ, നാലു പേരെ ഒഴി വാക്കുകയും 'മകോക' നിയമം പിന്‍വലിക്കുകയും ചെയ്തു. പ്രജ്ഞസിങ്ങിനെയും കേസില്‍ നിന്ന് ഒഴിവാക്കാന്‍ എന്‍ഐഎ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. എടിഎസ് കണ്ടെത്തിയ പല തെളിവുകളിലും പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു എന്‍ഐഎയുടെ മറ്റൊരു അവകാശവാദം. തെളിവുകള്‍ പ്രകാരം പ്രതികളില്‍ ഏഴ് പേരുടെ പേരില്‍ മാത്രമേ കുറ്റം നിലനില്‍ക്കുവെന്നും എന്‍ഐഎ പറഞ്ഞിരുന്നു. പ്രജ്ഞ സിങ്ങിന്റെ പേരിലുള്ള ബൈക്ക് ഉപയോഗിച്ചിരുന്നത് കേസില്‍ പിടികിട്ടാപ്പുള്ളിയായ രാമചന്ദ്ര കല്‍സാംഗ്രയാണെന്നും ഇയാളാണ് സ്‌ഫോടനത്തിന് ഒന്നര വര്‍ഷം മുമ്പ് മുതല്‍ വാഹനം ഉപയോഗിച്ചിരിക്കുന്നതെന്നുമാണ് എന്‍ഐഎ പറയുന്നത്.
Content Highlights: Pragya singh Thakur and her role in Malegaon Blast