7/11 മുംബൈ ട്രെയിൻ സ്‌ഫോടനം: ഹൈക്കോടതി കുറ്റവിമുക്തരാക്കിയ ആ 12 പേര്‍ ഇവരാണ്

പത്ത് വർഷങ്ങൾക്കിപ്പുറം പ്രത്യേക കോടതിയുടെ വിധി റദ്ധാക്കുകയും പന്ത്രണ്ട് പേരെയും കുറ്റവിമുക്തരാക്കുകയും ചെയ്തിരിക്കുകയാണ് ബോംബെ ഹൈക്കോടതി

dot image

19 വർഷം മുമ്പാണ് കൃത്യമായി പറഞ്ഞാൽ 2006 ജൂലായ് 11, മുംബൈയിലെ തിരക്കേറിയ 7 സബർബൻ ട്രെയിനുകളിൽ ബോംബ് സ്‌ഫോടനം നടന്നു. 189 പേരാണ് അന്ന് കൊല്ലപ്പെട്ടത് 824 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നീണ്ട നാളത്തെ അന്വേഷണങ്ങൾക്ക് ഒടുവിൽ 2015 ൽ കേസിൽ പ്രതികളായ 12 പേരെ പ്രത്യേക അന്വേഷണ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചു. 5 പേർക്ക് വധശിക്ഷയും ബാക്കിയുള്ളവർക്ക് ജീവപരന്ത്യം ശിക്ഷയുമായിരുന്നു കോടതി വിധിച്ചത്. എന്നാൽ പത്ത് വർഷങ്ങൾക്കിപ്പുറം പ്രത്യേക കോടതിയുടെ വിധി റദ്ദാക്കുകയും പന്ത്രണ്ട് പേരെയും കുറ്റവിമുക്തരാക്കുകയും ചെയ്തിരിക്കുകയാണ് ബോംബെ ഹൈക്കോടതി.

ആറ് മാസത്തിലേറെ തുടർച്ചയായി വാദം കേട്ട ശേഷമാണ് ജസ്റ്റിസുമാരായ അനിൽ കിലോർ, ശ്യാം ചന്ദക് എന്നിവർ ഉൾപ്പെട്ട പ്രത്യേക ഡിവിഷൻ ബെഞ്ച് പ്രത്യേക കോടതിയുടെ വിധി റദ്ദാക്കിയത്. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ വിശ്വസനീയമല്ലെന്നും പ്രതികൾ കുറ്റം ചെയ്തുവെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തു. തെളിവുകളില്ലാതെയാണ് 12 പേരെ ജയിലിലടച്ചത് എന്നായിരുന്നു പ്രതികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ എസ് മുരളീധർ ഹൈക്കോടതിയിൽ വാദമുയർത്തിയത്.


ഏകപക്ഷീയ അന്വേഷണമാണ് മഹാരാഷ്ട്ര പൊലീസ് നടത്തിയതെന്ന പ്രതികളുടെ വാദം ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു. സമൂഹത്തിന്റെ വിവിധ തുറകളിൽ വിവിധ ജോലികൾ ചെയ്തിരുന്നവരായിരുന്നു പിടിയിലായ 12 പേരും. എഞ്ചിനീയർമാർ, ഡോക്ടർമാർ, കടയുടമകൾ, സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ മുൻ അംഗങ്ങൾ തുടങ്ങിയവർ ആയിരുന്നു ഇവർ. 12 പേരിൽ ഒരാൾ വിചാരണക്കിടെ കോവിഡ് ബാധിതനായി മരണപ്പെടുകയും ചെയ്തു. ബോംബൈ കോടതി കുറ്റവിമുക്തരാക്കിയ പന്ത്രണ്ട് പേർ ആരൊക്കെയാണെന്ന് നോക്കാം.

  • 1) കമാൽ അഹമ്മദ് മുഹമ്മദ് വഖീൽ അൻസാരി (2021 ൽ മരിച്ചു)

കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിൽ ഒരാളായിരുന്നു കമാൽ അഹമ്മദ് മുഹമ്മദ് വഖീൽ അൻസാരി. ബിഹാറിലെ മധുബനി ജില്ലയിലെ ബസോപതി നിവാസിയായിരുന്നു ഇയാൾ. പാകിസ്താനിൽ പോയി ആയുധ പരിശീലനം നേടിയെന്നും പാകിസ്താൻ ഭീകരരെ നേപ്പാൾ അതിർത്തിയിലൂടെ മുംബൈയിൽ എത്തിച്ചെന്നുമായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്. ഇന്ത്യൻ ആർമിയിൽ തയ്യൽക്കാരനായി കമാൽ അഹമ്മദിന്റെ പിതാവ്. നേപ്പാളിലേക്ക് കമാൽ നിരന്തരം യാത്ര നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

  • 2) മുഹമ്മദ് ഫൈസൽ അത്തൗർ റഹ്‌മാൻ ഷെയ്ഖ്

മീരാ റോഡിൽ ആയിരുന്നു മുഹമ്മദ് ഫൈസൽ ജീവിച്ചിരുന്നത്. സിമി പ്രവർത്തകനായിരുന്നു ഫൈസൽ എന്നും ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) മുംബൈ യൂണിറ്റിന്റെ തലവനാണെന്നും കേസിലെ കുറ്റപത്രത്തിൽ പറയുന്നുണ്ട്. ട്രെയിൻ സ്‌ഫോടനത്തിന് ധനസഹായം നൽകിയതും ഹവാല പണം സ്വരൂപിച്ചതും ഫൈസൽ ഷെയ്ഖ് ആണെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. സംഝോത എക്‌സ്പ്രസിൽ അതിർത്തി കടന്ന് മുസാഫറാബാദിലും ലാഹോറിലും ലഷ്‌കർ ഇ തൊയ്ബയുമായി പരിശീലനം നേടിയതായി ആരോപിക്കപ്പെടുന്നുണ്ട്.

  • 3) എഹ്‌തെഷാം കുത്ബുദ്ദീൻ സിദ്ദിഖി

പാകിസ്താനിൽ നിന്ന് എത്തിയ തീവ്രവാദികൾക്ക് അഭയം നൽകിയത് കുത്ബുദ്ദീൻ സിദ്ദീഖി ആണെന്നാണ് കുറ്റപത്രത്തിൽ ഉള്ളത്. ട്രെയിനുകളിൽ പരിശോധന നടത്തിയതും സ്‌ഫോടനം നടന്ന സ്ഥലങ്ങളിൽ ഒന്നായ മീര-ഭായന്ദറിൽ സ്‌ഫോടനം നടത്തിയതും കുത്ബുദ്ദീൻ ആണെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തയിത്. ഉത്തർപ്രദേശിലെ ജൗൻപൂർ സ്വദേശിയായ എഹ്‌തെഷാം മുംബൈയിൽ എഞ്ചിനീയറിങ് കോഴ്‌സ് പഠിക്കാൻ വേണ്ടിയായിരുന്നു എത്തിയത്. ഇവിടെ വെച്ച് സിമിയിൽ അംഗമായെന്നും പഠനം ഉപേക്ഷിച്ചെന്നും അന്വേഷണ സംഘം പറയുന്നു. മുമ്പ് 2001 ൽ കുർളയിൽ നിന്ന് പൊലീസ് എഹ്‌തെഷാമിനെ പിടികൂടിയിരുന്നു. ജിഹാദ് ഫി സബിലില്ല, ജിഹാദി അസ്‌കാർ തുടങ്ങിയ പുസ്തകങ്ങൾ പിടികൂടിയതായും പൊലീസ് പറഞ്ഞിരുന്നു. എന്നാൽ ഈ പുസ്തകങ്ങൾ അക്കാലത്ത് മുംബൈയിൽ സുലഭമായി ലഭ്യമായിരുന്നു.

  • 4) നവീദ് ഹുസൈൻ ഖാൻ റഷീദ്

ഒരു കോൾ സെന്റർ ജീവനക്കാരനായിരുന്നു നവീദ് ഹുസൈൻ ഖാൻ റഷീദ്, കുവൈത്തിൽ പ്രവാസിയായിരുന്നു നവീദിന്റെ പിതാവ്, റിപ്പോർട്ടുകൾ പ്രകാരം മാതാവ് പാകിസ്താൻ പൗരയായിരുന്നു. കുവൈറ്റിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു മാതാവിന്റെ മരണ ശേഷമാണ് നവീദിന്റെ കുടുംബം മുംബൈയിലെ മീര റോഡിലേക്ക് താമസം മാറ്റുന്നത്. എല്ലാ പ്രതികളുമായും അയാൾക്ക് ബന്ധമുണ്ടായിരുന്നുവെന്നും സ്‌ഫോടനം നടന്ന സമയത്ത് മുംബൈയിലായിരുന്നുവെന്നും പോലീസ് അവകാശപ്പെട്ടു.

  • 5) ആസിഫ് ഖാൻ ബഷീർ ഖാൻ

സ്‌ഫോടനം നടന്ന ബോറിവാലിയിൽ ബോംബുകൾ കൂട്ടിച്ചേർക്കാൻ സഹായിച്ചതിനും സ്ഫോടകവസ്തു സ്ഥാപിച്ചതിനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വ്യക്തിയായിരുന്നു ആസിഫ് ഖാൻ പാക് ഭീകരർക്ക് അഭയം നൽകിയെന്നും ബോംബ് നിർമിക്കാനുള്ള പ്രഷർ കുക്കർ വാങ്ങിയതും ആസിഫ് ആണെന്ന് പൊലീസ് പറയുന്നു. സിവിൽ എഞ്ചിനീയർ കൂടിയായ ആസിഫ് ഖാൻ സിമി അംഗം കൂടിയായിരുന്നു.

  • 6) തൻവീർ അഹമ്മദ് മുഹമ്മദ് ഇബ്രാഹിം അൻസാരി

അഗ്രിപദ നിവാസിയായ തൻവീർ അൻസാരി പാകിസ്താനിൽ പരിശീലനം നേടിയെന്നും സ്‌ഫോടനങ്ങൾ നടക്കുന്നതിന് മുമ്പ് മുംബൈയിലെ ട്രെയിനുകളിൽ പരിശോധന നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. സിമി അംഗമാണ് തൻവീർ എന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും തൻവീർ ഈ കാര്യം നിഷേധിക്കുന്നുണ്ട്. മുമ്പ് 2001 ൽ തൻവീർ അഹമ്മദ് മുഹമ്മദ് ഇബ്രാഹിം അൻസാരിയും മുംബൈയിലെ ഒരു ലൈബ്രറിയിൽ നിന്ന് പിടിയിലായിരുന്നു.

  • 7) മുഹമ്മദ് മജീദ് മുഹമ്മദ് ഷാഫി

കൊൽക്കത്തയിലെ രാജ ബസാർ പ്രദേശത്ത് താമസിച്ചിരുന്നു ഷാഫി ഒരു ചെരുപ്പ് കട നടത്തുകയായിരുന്നു. എന്നാൽ ഇയാൾ ഹവാല റാക്കറ്റിന്റെ ഭാഗമായിരുന്നെന്നും പൊലീസ് പറയുന്നു. പൊലീസുമായി സൗഹൃദത്തിലായിരുന്നു ഷാഫിയെന്നും ജീവിതത്തിൽ ഒരിക്കൽ പോലും താൻ മുംബൈ സന്ദർശിച്ചിട്ടില്ലെന്നും ഇയാൾ അവകാശപ്പെട്ടു. എന്നാൽ സ്‌ഫോടനത്തിന് വേണ്ടിയുള്ള ഹവാല പണം സമാഹരിച്ചത് ഇയാൾ ആയിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്.

  • 8) ഷെയ്ഖ് മുഹമ്മദ് അലി ആലം

ഒരു സഹകരണബാങ്കിൽ ജോലി ചെയ്തിരുന്ന ഷെയ്ഖ് മുഹമ്മദ് അലി ആലം ദുബായിൽ പ്രവാസിയായി പോയിരുന്നു. എന്നാൽ പിന്നീട് തിരികെ എത്തിയ ഷെയ്ഖ് മുഹമ്മദ് അലി പിന്നീട് യുനാനി മരുന്നുകൾ വിതരണം ചെയ്യുന്ന ഒരു സ്ഥാപനം തുടങ്ങി. പാക് ഭീകരർക്കൊപ്പം ബോംബ് നിർമിക്കുന്നതിൽ അലി ആലം സഹായിച്ചെന്നായിരകുന്നു കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്. അലിയും സിമി പ്രവർത്തകനായിരുന്നെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്.

  • 9) മുഹമ്മദ് സാജിദ് മുർഗുബ് അൻസാരി

ബോംബുകൾക്കായി ടൈമറുകൾ വാങ്ങിയതും അവ കൂട്ടിച്ചേർക്കാൻ സഹായിച്ചതും മീര റോഡ് നിവാസിയായ മുഹമ്മദ് സാജിദ് മുർഗുബ് അൻസാരിയാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. നയാ നഗറിൽ സാജിദ് ഒരു മൊബൈൽ റിപ്പയറിംഗ് ഷോപ്പ് നടത്തിയിരുന്ന മുർഗുബ് അൻസാരിയുടെ സാങ്കേതിക അറിവ് ബോംബ് നിർമാണത്തിന് ഉപയോഗിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

  • 10) മുസമ്മിൽ റഹ്‌മാൻ ഷെയ്ഖ്

സ്‌ഫോടനം നടക്കുമ്പോൾ 20 വയസ് മാത്രം പ്രായമുണ്ടായിരുന്ന വ്യക്തിയായിരുന്നു മുസമ്മിൽ റഹ്‌മാൻ ഷെയ്ഖ്. ഒരു സോഫ്റ്റ്വെയർ എഞ്ചിനീയറായിരുന്ന മുസമ്മിൽ റഹ്‌മാൻ ഷെയ്ഖ് പാകിസ്താനിൽ പോയി പരിശീലനം നേടിയെന്നായിരുന്നു കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്. 2006-ലെ സ്‌ഫോടനത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ് മുസമ്മിൽ ബാംഗ്ലൂരിലെ ഒറാക്കിൾ കോർപ്പറേഷനിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി ചേർന്നിരുന്നു, ആദ്യം പൊലീസ് അറസ്റ്റ് ചെയ്ത മുസമ്മിലിനെ പിന്നീട് സ്‌ഫോടനം നടക്കുമ്പോൾ മുംബൈയിൽ ഇല്ലെന്ന് കണ്ട് വെറുതെ വിട്ടിരുന്നെങ്കിലും മുസമ്മലിന്റെ സഹോദരന്മാരായ ഫൈസൽ, റാഹിൽ എന്നിവരെ അറസ്റ്റ് ചെയ്തതോടെ മുസമ്മിലിനെയും പ്രതി ചേർക്കുകയായിരുന്നു.

  • 11) സുഹൈൽ മെഹ്‌മൂദ് ഷെയ്ഖ്

സിമി പ്രവർത്തകനായിരുന്നു സുഹൈൽ മെഹമൂദ് എന്നാണ് പൊലീസ് പറയുന്നത്. പാകിസ്താനിൽ പോയി സുഹൈൽ പരിശീലനം നേടിയെന്നും കുറ്റപത്രത്തിൽ ഉണ്ട്.

  1. 12) സമീർ അഹമ്മദ് റഹ്‌മാൻ

സ്‌ഫോടനത്തിന് വേണ്ടിയുള്ള ഗൂഢാലോചനയിൽ പങ്കെടുത്തെന്നും പാകിസ്താനിൽ ആയുധ പരിശീലനം നേടിയെന്നുമായിരുന്നു അന്വേഷണ സംഘം സമീറിനെതിരെ നൽകിയ കുറ്റപത്രത്തിൽ പറയുന്നത്. ഡ്യൂപ്ലിക്കേറ്റ് താക്കോലുകൾ നിർമ്മിക്കുന്ന ബിസിനസ് നടത്തുന്ന സമീർ അഹമ്മദ് വിദേശത്ത് 20 ദിവസം യാത്ര നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Content Highlights: 7/11 Mumbai train blasts: Who are the 12 people acquitted by the High Court?

dot image
To advertise here,contact us
dot image