പ്രതീക്ഷയുടെ മാതൃകാ ഭവനം ഒന്നുപോലും പൂര്‍ത്തിയായില്ല ; മുണ്ടക്കൈയിലെ പുനരധിവാസം ഇവിടെ വരെ

ഇനി വേണ്ടത് താങ്ങാണ്, തകര്‍ന്ന് പോയ ജീവിതത്തെ കൈപ്പിടിയിലൊതുക്കാന്‍, ഇതുവരെയുണ്ടായ ദുരന്തങ്ങളില്‍ നിന്ന് കരകയറാന്‍ ഒരു കൈത്താങ്

അതുല്യ മുരളി
1 min read|30 Jul 2025, 07:22 am
dot image

രാജ്യത്തെ നടുക്കിയ മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടലിന് ഒരാണ്ട് തികയുകയാണ്. 298 പേരുടെ ജീവനെടുത്ത ദുരന്തം അനേകം മനുഷ്യരുടെ ജീവിതം കൂടിയായിരുന്നു കവര്‍ന്നെടുത്തത്. താങ്ങും തണലുമായിരുന്ന എല്ലാവരും മരിച്ചവരും, മക്കള്‍ മരിച്ച് അച്ഛനമ്മമാര്‍ ബാക്കിയായവരും, വീട്ടുകാരെല്ലാം മരണപ്പെട്ട് ബാല്യത്തിലെ അനാഥത്വത്തിലേക്ക് തള്ളപ്പെട്ട കുഞ്ഞുമക്കളുമെല്ലാം അതിജീവനത്തിന്റെ പാതയിലേക്ക് കയറുന്ന ഘട്ടത്തിലാണ് നിലവില്‍ മുണ്ടക്കൈ. മരണത്തെ അംഗീകരിച്ച്, ഉറ്റവര്‍ കൂടെയില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കി ജീവിതത്തെ മറ്റൊരു ദിശയിലേക്ക് തുഴയാന്‍ ഇപ്പോള്‍ മുണ്ടക്കൈയിലെ ആളുകള്‍ പഠിച്ചു. ഇനി വേണ്ടത് താങ്ങാണ്, തകര്‍ന്ന് പോയ ജീവിതത്തെ കൈപ്പിടിയിലൊതുക്കാന്‍, ഇതുവരെയുണ്ടായ ദുരന്തങ്ങളില്‍ നിന്ന് കരകയറാന്‍ ഒരു കൈത്താങ്.

ഒരായുഷ്‌കാലം മുഴുവന്‍ കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം കണ്‍മുന്നില്‍ വച്ച് നഷ്ടപ്പെട്ടവര്‍ക്ക് അത് തിരികെ പിടിക്കാന്‍ അടിത്തറ പാകേണ്ടതുണ്ട്. ഉരുള്‍പൊട്ടലില്‍ സര്‍വവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ ഇപ്പോഴും താല്ക്കാലിക കെട്ടിടത്തില്‍തന്നെയാണ് തുടരുന്നത്. എത്രയും വേഗം ഇവര്‍ക്കായി മാതൃകാഭവനമൊരുക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തെങ്കിലും ഒരു വീട് പോലും പൂര്‍ത്തിയാക്കാനായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. നിലവില്‍ വാടക വീടുകളിലോ ബന്ധുവീടുകളിലോ ആയി ആളുകള്‍ താമസിക്കുകയും, അതിന് പിന്തുണ നല്‍കുന്നതിനായി വാടക ഇനത്തില്‍ സര്‍ക്കാര്‍ 6000 രൂപയും, ചെലവിനായി 300 രൂപയും ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്നതായാണ് റിപ്പോര്‍ട്ട്.

ഒരു കുടുംബത്തിന് ഒരു മാസം കഴിച്ച് കൂട്ടാന്‍ ഈ തുക മതിയാവില്ലെന്നതാണ് സത്യമെങ്കിലും ഇതെങ്കിലുമുണ്ടല്ലോ എന്ന് ആശ്വസിക്കപ്പെടാതെ അവരുടെ മുന്നില്‍ മറ്റുവഴികളില്ല. സ്വന്തം വീട് എന്ന് സ്വപ്നം മുണ്ടക്കൈയിലെ ആളുകൾക്ക് വളരെ വലുതാണ്. ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ട ഇവർക്ക് ഉടൻ തന്നെ സർക്കാർ നിർമിച്ച് കൊടുക്കുന്ന സ്വന്തം വീടുകളിലേക്ക് മാറാനാവും എന്ന് തന്നെയാണ് പ്രതീക്ഷ‌. മുണ്ടക്കൈയിലെ ജനങ്ങളുടെ പുനരധിവാസത്തിന്റെ ഭാഗമായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പിനുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ടൗണ്‍ഷിപ്പിന്റെ മാതൃകയില്‍ വീടുകള്‍ക്ക് പുറമെ ഒരു ഗ്രാമത്തിലേക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. സ്‌കൂള്‍, അംഗണ്‍വാടി, ബാങ്ക്, ആരോഗ്യകേന്ദ്രം, പൊതുമാര്‍ക്കറ്റ് കമ്മ്യൂണിറ്റി സെന്റര്‍, മള്‍ട്ടിപര്‍പ്പസ് ഹാള്‍, കുടിവെള്ള, ശുചിത്വ സംവിധാനങ്ങള്‍ എന്നിവയാണ് ടൗണ്‍ഷിപ്പില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ ടൗണ്‍ഷിപ്പിന്റെ ഭാഗമാകാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് പുനരധിവാസത്തിന് സര്‍ക്കാര്‍ 15 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. വീട് വേണ്ട, ധനസഹായം മതി എന്ന് സമ്മതപത്രത്തില്‍ ഒപ്പിട്ട് നല്‍കിയ 104 കുടുംബത്തിനാണ് നിലവില്‍ പണം നല്‍കിയിരിക്കുന്നത്.

ദുരന്തത്തില്‍പ്പെട്ട് കഷ്ടപ്പെടുന്നവര്‍ക്കുള്ള ആദ്യത്തെ കൈത്താങ്ങ് എന്ന നിലയിലാണ് നിലവില്‍ വീടുകള്‍ നിര്‍മ്മിക്കുന്നത്. ദുരന്തത്തിൽ ചിന്നിച്ചിതറിയ ഒരു നാടിനെ മറ്റൊരിടത്ത് ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൗൺഷിപ്പ് എന്ന ആശയം മുന്നോട്ട് വരുന്നത്. ടൗൺഷിപ്പിലെ മാതൃക ഭവനത്തിന്റെ പണികൾ ഏറ്റവും അവസാനഘട്ടത്തിലാണ്. ഒരു കുടുംബത്തിന് അത്യാവശ്യ സൗകര്യത്തിൽ താമസിക്കാൻ കഴിയുന്ന വിധം രണ്ട് കിടപ്പുമുറികള്‍, സിറ്റൗട്ട്, ലിവിങ് റൂം, സ്റ്റഡി റൂം, അടുക്കള, സ്റ്റോര്‍ ഏരിയ തുടങ്ങിയ സൗകര്യങ്ങളാണ് മാതൃകഭവനത്തിലുള്ളത്. നിലവിലെ കണക്കുകൾ പ്രകാരം ഓരോ കുടുംബത്തിനും ഏഴ് സെന്റ് സ്ഥലവും, 1000 സ്‌ക്വയര്‍ഫീറ്റ് വീടുമാണ് 64 ഹെക്ടർ ഭൂമിയിൽ ഒരുക്കുക. ആദ്യഘട്ടത്തിൽ 410 കുടുംബങ്ങൾക്കാണ് ടൗണ്‍ഷിപ്പില്‍ സ്വന്തമായി വീട് ലഭിക്കുക. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കളുടെ അന്തിമ പട്ടികയിലെത്താനെടുത്ത കാലതാമസവും ഏറെയായിരുന്നു. ദുരന്തം നടന്ന് ഒരു വർഷത്തിന് മുൻപ് മാതൃക ഭവനത്തിന്റെ പണികൾ പൂർത്തീകരിക്കുമെന്നായിരുന്നു സർക്കാർ വാ​ഗ്ദാനം ചെയ്തിരുന്നത്. ജൂലൈ 10ന് മാതൃകഭവനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് അറിയിക്കുകയും ചെയ്തെങ്കിലും ജില്ലയില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കാലാവസ്ഥയെ മാത്രം കുറ്റംപറഞ്ഞിരിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല. 772.11 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി ലഭിച്ചത്. ചെലവഴിച്ചത് 108.19 കോടി മാത്രം എന്നത് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ മെല്ലെപ്പോക്ക് എത്രത്തോളമാണെന്ന കൃത്യമായ സൂചന നല്‍കുന്നു.

അതിതീവ്ര ദുരന്തമുണ്ടായാല്‍ സാധാരണ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹിക്കുന്ന നഷ്ടപരിഹാരം കേന്ദ്രം നല്‍കാറുണ്ട്. എന്നാല്‍ മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത് പുനരധിവാസത്തിന് പണം ഒരു പ്രശ്നമല്ലെന്ന ഉരുള്‍പൊട്ടിയ ഭൂമിയില്‍ നിന്നുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം മാത്രമാണ്. 2220 കോടി രൂപയുടെ ധനസഹായത്തിന് വേണ്ടിയുള്ള കേരളത്തിന്‍റെ അപേക്ഷയ്ക്ക് കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന് ഇന്നും മറുപടിയില്ല. ഹൈക്കോടതി വിമര്‍ശനം ഇക്കാര്യത്തില്‍ പലതവണ കേന്ദ്രം ഏറ്റുവാങ്ങിയതുമാണ്. സാഫ്കി സ്കീമില്‍ ലഭിച്ച 529 കോടി രൂപയുടെ വായ്പയാണ് ആകെയുള്ള കേന്ദ്രസഹായം.

മുണ്ടക്കൈ-ചൂരൽമല ഭാഗത്തുള്ള ഒരുപാട് ആളുകൾ വീട് ലഭിക്കാനുള്ള ലിസ്റ്റിൽ നിന്ന് പുറത്തായിട്ടുണ്ട് അത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഞങ്ങളുടെ ഒരു ഭാഗം കൂടിയാണല്ലോ അവർ. ആദ്യ ഘട്ടത്തിൽ അല്ലെങ്കിലും ഇനിയുള്ള ഘട്ടത്തിലെങ്കിലും ഇവരും കൂടി ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു- ചൂരല്‍മല നിവാസിയായ ജസീല പറയുന്നു.

എല്ലാ മാസവും 6000 രൂപയോളം വാടകയും അതിന് പുറമേ മൂന്നുറ് രൂപയും ലഭിക്കുന്നതായും ജസീല പറഞ്ഞു. വീടെന്ന സ്വപ്നം പൂർത്തിയായി കഴിഞ്ഞാൽ ഇനി ഉപജീവനമാർഗം കൂടി കണ്ടെത്തേണ്ടതുണ്ട് ഈ കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് അതും ഉടനെ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ജസീല പറഞ്ഞു.

ടൗണ്‍ഷിപ്പില്‍ ഏഴ് സെന്റ് ഭൂമി ഓരോ കുടുംബത്തിനും പതിച്ച് നല്‍കുന്നതിന് വരുമാന പരിധി കണക്കാക്കിയിട്ടില്ല. എന്നാല്‍, റസിഡന്‍ഷ്യല്‍ യൂണിറ്റായി ലഭിച്ച ഭൂമിയും വീടും ഹെറിട്ടബിള്‍ ആയിരിക്കും. കുടുംബത്തിലെ ജീവിച്ചിരിക്കുന്ന അം​ഗങ്ങളുടെ അടിസ്ഥാനത്തിൽ കുടുംബനാഥന്റെയോ, കുടുംബനാഥയുടെയോ പേരിലായിരിക്കം വീടും സ്ഥലവും രജിസ്റ്റർ ചെയ്യുക. പന്ത്രണ്ട് വര്‍ഷത്തേക്ക് വീടോ സ്ഥലമോ അന്യാധീനപ്പെടുത്താന്‍ പാടില്ല എന്നാണ് കരാര്‍. 12 വർഷങ്ങൾക്ക് ശേഷം അത്യാവശ്യ ​ഘട്ടങ്ങ‌ളിൽ വീടും ഭൂമിയും പണയപ്പെടുത്തി വായ്പ എടുക്കാൻ കഴിയുന്നതിന്റെ സാധ്യത സർക്കാർ ക്രമേണ തീരുമാനിച്ച് വ്യക്തമാക്കും. സര്‍ക്കാരിന്‍റെ ഇടപെടലുകളില് തൃപ്തരാണെങ്കിലും വേഗം പോരെന്ന പരാതി ഇവര്‍ ഉയര്‍ത്തുന്നുണ്ട്. താല്ക്കാലിക കേന്ദ്രങ്ങളില് അഭയാര്‍ഥികളായി തുടരുന്ന അവര്‍ക്ക് സ്വന്തം കിടപ്പാടത്തിന് പകരമാകില്ലെങ്കില്‍കൂടി എത്രയുംവേഗം കിടപ്പാടമൊരുക്കാന്‍ സര്‍ക്കാര് ബാധ്യസ്ഥരാണ്.

Content Highlights: Government Model Home Township for Wayanad Landslide Victims

dot image
To advertise here,contact us
dot image