രാഷ്ട്രീയ കാർട്ടൂണുകളുടെ കുലപതി; കാർട്ടൂണിസ്റ്റ് യേശുദാസനെ ഓർമ്മിക്കുമ്പോൾ

വൈദീകനാക്കാൻ ആഗ്രഹിച്ച് പേരിട്ടു, എഞ്ചിനീയറാവാൻ യേശുദാസൻ ആ​ഗ്രഹിച്ചു, പക്ഷേ അറിയപ്പെട്ടത് ലോകം അറിയുന്ന കാർട്ടൂണിസ്റ്റായി

dot image

'ആരെയും വേദനിപ്പിക്കരുത്, വേദനിപ്പിച്ചാൽ തന്നെ വേദനിക്കുന്നവർക്ക് രസിക്കാൻ കഴിഞ്ഞാലെ അത് നല്ല കാർട്ടൂണാകൂ', വരകളുടെ തമ്പുരാനും രാഷ്ട്രീയ കാർട്ടൂണുകളുടെ കുലപതിയുമായ കാർട്ടൂണിസ്റ്റ് യേശുദാസന്റെ വാക്കുകളാണിവ. നിസ്വാർത്ഥമായ സ്നേഹം കാത്തു സൂക്ഷിച്ചിരുന്ന നല്ല മനസ്സിന്റെ ഉടമ, മലയാളത്തിൽ വരയും സാഹിത്യവും ഉള്ളിടത്തോളംകാലം ഓർമിക്കപ്പെടുന്ന മഹത് വ്യക്തി, കേരളത്തിലെ ജനപ്രിയ കാർട്ടൂണിസ്റ്റ്. കാ‍‍ർട്ടൂണിസ്റ്റ് യേശുദാസൻ ഇതെല്ലാമായിരുന്നു. വാർ‌ത്തകൾക്ക് അപ്പുറമുള്ള സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തെ ലളിതമായ വരകളിലൂടെ പകർത്തി ആറ് പതിറ്റാണ്ടോളം രാജ്യത്തെ എണ്ണം പറഞ്ഞ കാർട്ടൂണിസ്റ്റുകളിലൊരാളായി യേശുദാസൻ ശ്രദ്ധ നേടിയിരുന്നു. രാഷ്ട്രീയ കാർട്ടൂൺ രം​ഗത്തെ മുടിചൂടാ മന്നനായിരുന്നു കാർട്ടൂണിസ്റ്റ് യേശുദാസൻ. മാതൃഭാഷയോടുള്ള ഇഷ്ടം കൊണ്ട് തന്റെ കൈയ്യടയാളം വരെ മലയാളത്തിൽ കുറിച്ച അതുല്യ പ്രതിഭ. മലയാളത്തിലുള്ള കയ്യടയാളങ്ങൾക്ക് തുടക്കം കുറിച്ചതും അദ്ദേഹമാണെന്ന് പറയാം.

പെൻസിൻ മുനയിൽ കാർട്ടൂണിസ്റ്റ് യേശുദാസൻ വരച്ചതത്രയും മലയാളികൾ കണ്ട് ശീലിച്ച വ്യക്തികൾ. ജനയു​ഗത്തിലെ കിട്ടുമ്മാവൻ, വനിതയിലെ മിസിസ് നായർ, മലയാള മനോരമയിലെ പൊന്നമ്മ സൂപ്രണ്ട്, ജുബ്ബാ ചേട്ടൻ തുടങ്ങിയ ഒട്ടേറെ കഥാപാത്രങ്ങൾ മലയാളികൾക്ക് അദ്ദേഹം സമ്മാനിച്ചു . യേശുദാസന്റെ കാർട്ടൂണിന്റെ വീര്യമറിയാത്ത രാഷ്ട്രീയ പ്രവർത്തകരും പൊതുപ്രവർത്തകരും ചുരുക്കമാണ്. ഏറ്റവും കൂടുതൽ‌ കാർട്ടൂണുകളിൽ മുഖം കാണിച്ചത് സഖാവ് നായനാരും ലീഡർ കെ കരുണാകരനുമാണ്. തന്റെ കാർട്ടൂണുകൾ എന്നും രസിച്ചിട്ടുളള വ്യക്തിയാണ് നായനാരെന്ന് അദ്ദേ​ഹം പറയുമായിരുന്നു. എത്ര ആക്രമിച്ചാലും മതിയാവില്ലെന്നായിരുന്നു നായനാരുടെ പരാതി. നായനാരുടെ ആ ഇഷ്ടം തന്നെയാണ് വരയിലെ നായനാർ എന്ന യേശുദാസന്റെ പുസ്ക‌ത്തിന് പ്രചോദനമായത്. കരുണാകരനെ കുറിച്ച് 3600ത്തോളം കാർട്ടൂണുകൾ യേശുദാസൻ വരച്ചിട്ടുണ്ട്. ഒരു വ്യക്തിയെ കുറിച്ച് മാത്രം അത്രയും കാർട്ടൂൺ വരച്ചത് ലോക റെക്കോർഡാണ്. അവയിൽ 500 എണ്ണം ഉൾപ്പെടുത്തിയാണ് 'വരയിലെ ലീഡർ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.

1938 ജൂൺ 12 ന് മാവേലിക്കരയ്ക്കടുത്തുള്ള ഭരണിക്കാവിലായിരുന്നു വിഖ്യാത കാർട്ടൂണിസ്റ്റിൻ്റെ ജനനം. യേശുദാസൻ എന്ന പേരിന്റെ പിന്നിൽ‌ മറ്റൊരു രഹസ്യമുണ്ട്. ഒരു പുരോഹിതൻ ആക്കാം എന്ന ആ​ഗ്രഹത്തോടെയാണ് അദ്ദേഹത്തിന് യേശുദാസൻ എന്ന പേരിടുന്നത്. എന്നാൽ വലുതായപ്പോൾ അദ്ദേഹത്തിന് എഞ്ചിനീയർ ആകാനായിരുന്നു ആ​ഗ്രഹം. പക്ഷേ, കാലം അദ്ദേഹത്തിന് വേണ്ടി കാത്ത് വെച്ചത് മറ്റൊന്നായിരുന്നു. ചെറുപ്പകാലം മുതൽ തന്നെ വര എന്ന കല അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.

കുട്ടിക്കാലത്ത് ടീച്ചറുടെ കയ്യും പിടിച്ച് സ്കൂളിൽ പോയ കുഞ്ഞു യേശുദാസൻ സർക്കാർ സ്കൂളിലെ ക്ലാസ് മുറികളിലെ തറയിലെ മണലിലാണ് ആദ്യം വര തുടങ്ങിയത്. ആ മണൽതരികളിലൂടെ തന്റെ കുഞ്ഞുവിരലുകളോടിച്ച് വരയുടെ ആദ്യ ബാലപാഠം അഭ്യസിച്ചു. ബിഎസ് സിക്ക് പഠിച്ചു കൊണ്ടിരുന്ന സമയത്ത് ലോകം യുദ്ധക്കൊതിയനെന്ന് വിളിച്ചിരുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ ​ഡ​ഗ്ലസ് ഒരു ആറ്റം ബോംബുമായി നൃത്തം ചവിട്ടുന്ന വരയാണ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്ന കാർട്ടൂൺ. കാർട്ടൂണിലെ ആശയം വളരെയധികം ചർച്ച ചെയ്യപ്പെട്ടു. അശോകയെന്ന നർമ മാസികയിലാണ് അത് അച്ചടിച്ച് വന്നത്. പിന്നീട് യേശുദാസൻ എഞ്ചിനീയറിങ്ങിന് അഡ്മിഷന് ശ്രമിച്ചിരുന്നു, പക്ഷെ അത് നടക്കാതെ പോയി. അതിനിടയിലാണ് ജനയു​ഗം പത്രത്തിലെ ആഴ്ചപ്പതിപ്പിനായി 'ചന്തു' എന്ന കഥാപാത്രത്തെ വരയ്ക്കുന്നത്. കുട്ടികൾക്കായി വരച്ച ആദ്യ കാർട്ടൂൺ പംക്തി ഏറെ ശ്രദ്ധ നേടി.

ജനയു​ഗത്തിലേക്ക് വേണ്ടി തന്നെ വരച്ച 'കിട്ടുമ്മാവൻ' എന്ന കഥാപാത്രമാണ് യേശുദാസനെ ജനപ്രിയ കാർട്ടൂണിസ്റ്റാക്കി മാറ്റിയത്. സൂര്യന് കീഴിലുള്ള എന്തിനെ കുറിച്ചും അഭിപ്രായം പറയുന്ന കഥാപാത്രമാണ് 'കിട്ടുമ്മാവൻ'. മലയാളത്തിൽ ആദ്യമായി ഒരു പോക്കറ്റ് കാർട്ടൂൺ തുടങ്ങി എന്ന ഖ്യാതി ഇതോടെ അദ്ദേ​ഹം നേടി. മലയാള കാർട്ടൂൺ ചിരത്രത്തിലെ തന്നെ നാഴികകല്ലായിരുന്നു 1959 ജൂലൈ 19 ന് പരിചയപ്പെടുത്തിയ കിട്ടുമ്മാവൻ. പഠിക്കുന്ന കാലത്ത് തുടങ്ങിയ 'കിട്ടുമ്മാവൻ' അദ്ദേഹത്തിന്റെ വിയോ​ഗം വരെ നിലനിന്നിരുന്ന ദീർഘകാല പംക്തിയായിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

ബിരുദത്തിന് ശേഷമാണ് അദ്ദേഹം കാർട്ടൂൺ രം​ഗത്തേക്ക് സജീവമായി കടന്നത്. ജനയു​ഗം പത്രത്തിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റായി ജോയിൻ ചെയ്തതതോടെ മലയാളത്തിലെ ആദ്യത്തെ സ്റ്റാഫ് കാർട്ടൂണിസ്റ്റായി. ജനയു​ഗത്തിൽ ജോലിക്ക് ചേർന്ന പാർട്ടി മെമ്പർഷിപ്പ് ഇല്ലാത്ത ഏക വ്യക്തി കൂടിയാണദ്ദേഹം. 1963ൽ ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിന്റെ ശിഷ്യനായി ഡ‍ൽ​ഹിയിലെ ശങ്കേഴ്സ് വീക്കിലിയിൽ ചേർന്ന് ആറ് വർഷം പഠിച്ചു. തുടർന്ന് കുട്ടികളുടെ മാ​ഗസിൻ ബാലയു​ഗത്തിന്റെ എഡിറ്റർ ആവണമെന്ന് ആവശ്യപ്പെട്ടത് പ്രകാരം വീണ്ടും ജനയു​ഗത്തിലേക്ക് എത്തി. ബാലയു​ഗത്തിനെ കൂടാതെ പൊളിറ്റിക്കൽ മാ​ഗസിൻ വേണമെന്ന ആ​​ഗ്രഹമാണ് അസാധുവിൻ്റെ പിറവിക്ക് കാരണമായത്. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരെല്ലാം യേശുദാസന്റെ അസാധു മാ​ഗസിനിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. എംഎൽഎയുടെ ഒരു ദിവസം, കുളിക്കടവ്, മന്ത്രിമാരെ പരിചയപ്പെടുത്തൽ തുടങ്ങിയ പംക്തികളെല്ലാം അസാധുവിൽ ഉണ്ടായിരുന്നു. തങ്ങളുടെ ചിത്രം അസാധുവിൽ വരാനായി അന്ന് യേശുദാസനെ നേരിട്ട് വന്ന് കാണാൻ രാഷ്ട്രീയ പ്രവർത്തകർ പലരും തിരക്ക് കൂട്ടിയിരുന്നുവെന്നാണ് കഥ.

ഒരു വ്യക്തിയെ വരയ്ക്കുമ്പോൾ മുടി മുതൽ കാലിന്റെ നഖം വരെ കൃത്യമായിരിക്കണമെന്നാണ് യേശുദാസൻ പറഞ്ഞിരുന്നത്. ഏറ്റവും കൃത്യമായിരിക്കണമെങ്കിൽ നേരിട്ട് തന്നെ വ്യക്തിയെ കണ്ട് മനസിലാക്കണം. താൻ വരച്ച ശങ്കറിന്റെ ചിത്രം ശങ്കർ തന്നെ കുത്തിവരച്ചതായി അദ്ദേഹം ഓർമിച്ചിരുന്നു. ശങ്കറിന്റെ ശരീരഭാഷയിൽ പ്രതിഫലിച്ചിരുന്ന ഒരു വളവ് ആ വരയിൽ തെളിഞ്ഞില്ല എന്നതായിരുന്നു കാരണം. ഒരു കാർട്ടൂണിസ്റ്റ് അത്രയും സൂക്ഷ്മമായി വീക്ഷിച്ച് വേണം വരയ്ക്കാൻ എന്നായിരുന്നു യേശുദാസൻ യുവ കാർട്ടൂണിസ്റ്റുകളെ പഠിപ്പിച്ചിരുന്നത്. അതിന് ഉദാഹരമാണ് ലീഡർ കരുണാകരന്റെ മുഖത്തെ നാല് അരിമ്പാറ വരെ ഉൾപ്പെടുത്തിയ അദ്ദേഹത്തിന്റെ കാരിക്കേച്ചർ.

അസാധുവിന് ഒപ്പം ഇറക്കിയ സിനിമാ വിനോദ മാ​ഗസിനാണ് കട്ട്-കട്ട്. കത്രികയാണ് മുദ്ര. പ്രമുഖരായ താരങ്ങളുടെ തലവെട്ടി കാർട്ടൂൺ രൂപത്തിലാക്കി പ്രസിദ്ധീകരിച്ച മാസികയ്ക്ക് അക്കാലത്ത് ഒരുപാട് സ്വീകാര്യത ലഭിച്ചിരുന്നു. ടക് ടക്, ടിക് ടിക്, മാമ്പഴം തുടങ്ങിയ മാസികകളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരണങ്ങളിൽ നിന്നും പിന്മാറിയ ശേഷം 24 കൊല്ലത്തോളം മലയാള മനോരമയിൽ പ്രവർത്തിച്ചിരുന്നു. ദേശാഭിമാനി, മെട്രോ വാർത്ത എന്നിവയിലും സേവനമനുഷ്ഠിടച്ചിട്ടുണ്ട്. കാർട്ടൂൺ അക്കാദമി സ്ഥാപിക്കാൻ മുൻകൈ എടുത്ത അദ്ദേഹം കാർട്ടൂൺ അക്കാദമിയുടെ പ്രഥമ ചെയർമാൻ കൂടിയായിരുന്നു. കേരള ലളിതകലാ അക്കാദമിയുടെ ഉപാദ്ധ്യക്ഷനും അധ്യക്ഷനുമായി പ്രവർത്തിച്ചിട്ടുണ്ട്. വരയും എഴുത്തും ഒരുപോലെ വഴങ്ങിയിരുന്ന യേശുദാസൻ ഒരുപാട് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഹാസ്യചിത്രങ്ങളുടെ അകമ്പടിയോടെ രചിച്ച അണിയറ, പ്രഥമ ദൃഷ്ടി, രാഷ്ട്രീയ സിനിമാ മേഖലയിലെ വിശേഷങ്ങൾ കീറിമുറിച്ച പോസ്റ്റ്മോർട്ടം, ഡൽഹി ജീവിതത്തിലെ വിശേഷങ്ങൾ പകർത്തിയ 9 പുരാണ ക്വിലാ റോഡ്, ആത്മ കഥാംശമുള്ള താഴേക്ക് ഇറങ്ങി വരുന്ന ഴ, വരയിലെ ലീഡർ, വരയിലെ നായനാർ എന്നിവ പ്രധാന കൃതികളാണ്. മികച്ച കാർട്ടൂണിസ്റ്റിനുള്ള സംസ്ഥാന അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചു. മലയാളത്തിലെ പത്രപ്രവർത്തന രം​ഗത്തെ ശ്രേഷ്ഠമായ സ്വദേശാഭിമാനി കേസരി പുരസ്കാരമാണ് അവസാനം ലഭിച്ചത്.

കോവിഡ് നെ​ഗറ്റീവായി തിരിച്ചു വരവ് പ്രതീക്ഷിച്ചിരുന്ന സമയത്താണ് 2021 ഒക്ടോബർ ആറിന് അദ്ദേഹം ലോകത്തിനോട് വിട പറയുന്നത്. അദ്ദേ​ഹം ബാക്കി വെച്ച ഒരു സ്വപ്നമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥ. ജീവിച്ചിരുന്ന സമയത്ത് അദ്ദേഹം പറഞ്ഞു കൊടുത്ത ജീവിതത്തിലെ ഏടുകൾ എഴുതിയെടുത്ത് മകൻ സാനു യേശുദാസൻ അത് പൂർത്തീകരിച്ചിരുന്നു. പക്ഷേ പ്രസിദ്ധീകരണത്തിന് മുമ്പ് തന്നെ അദ്ദേഹം വിട പറഞ്ഞിരുന്നു. 'ഒരു വട്ടം കൂടിയെൻ ഓർമകൾ മേയുന്ന' എന്ന് പേരിട്ട യേശുദാസന്റെ വരജീവിതം 2022ൽ പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ മകൻ സാനു യേശുദാസൻ പറഞ്ഞത് പോലെ നാളത്തെ കാർട്ടൂണിസ്റ്റുകൾക്ക് 'ഒരു വട്ടം കൂടിയെൻ ഓർമകൾ മേയുന്ന എന്ന ആത്മകഥ' വഴികാട്ടിയാവട്ടെ.

Content Highlights: Memories of the late Yesudasan one of Keralas renowned cartoonists

dot image
To advertise here,contact us
dot image