ഇടിവെട്ട് മാക്‌സ്‌വെൽ; അഫ്​ഗാൻ ജയം തട്ടിയെടുത്ത് ഓസീസ് സെമിയിൽ

മത്സരത്തിനിടെ കാലിന് പരിക്കേറ്റ മാക്‌സ്‌വെൽ ക്രീസിൽ തുടർന്നു.
ഇടിവെട്ട് മാക്‌സ്‌വെൽ; അഫ്​ഗാൻ ജയം തട്ടിയെടുത്ത് ഓസീസ് സെമിയിൽ

മുംബൈ: ഏകദിന ലോകകപ്പിൽ അഫ്​ഗാനിസ്ഥാനെ തകർത്ത് ഓസ്ട്രേലിയ സെമിയിൽ. ഒരു ഘട്ടത്തിൽ തോൽവിയുടെ വക്കിലായിരുന്ന ഓസ്ട്രേലിയയെ ഒറ്റയ്ക്ക് രക്ഷിച്ചത് ​ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഇടിവെട്ട് ബാറ്റിം​ഗാണ്. ആദ്യം ബാറ്റ് ചെയ്ത അഫ്​ഗാനിസ്ഥാൻ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 291 റൺസെടുത്തു. മറുപടി പറഞ്ഞ ഓസ്ട്രേലിയ 46.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

മത്സരത്തിൽ ടോസ് നേടിയ അഫ്​ഗാനിസ്ഥാൻ ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ നന്നായി തുടങ്ങിയ ശേഷം 21 റൺസുമായി റഹ്മാനുള്ള ​ഗുർബാസ് വിക്കറ്റ് നഷ്ടപ്പെടുത്തി. പിന്നീട് ഒരറ്റത്ത് വിക്കറ്റ് വീണുകൊണ്ടേയിരുന്നു. എന്നാൽ മറ്റൊരു ഓപ്പണറായ ഇബ്രാഹിം സദ്രാൻ സ്കോർബോർഡ് ഉയർത്തി. മോശമല്ലാത്ത പിന്തുണ സഹതാരങ്ങളിൽ നിന്നും ലഭിച്ചത് സദ്രാനെ സമർദ്ദമില്ലാതെ ബാറ്റ് ചെയ്യാൻ സഹായിച്ചു.

റഹ്മത്ത് ഷാ 30, ഹഷ്മത്തുള്ളാഹ് ഷാഹിദി 26. അസ്മത്തുള്ള ഒമർസായി 22, മുഹമ്മദ് നബി 12, റാഷീദ് ഖാൻ 18 പന്തിൽ പുറത്താകാതെ 35 എന്നിങ്ങനെയാണ് മറ്റ് സ്കോറിം​ഗുകൾ. ഓസ്ട്രേലിയൻ നിരയിൽ ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. സ്റ്റാർകിനും മാക്‌സ്‌വെല്ലിനും സാംമ്പയ്ക്കും ഓരോ വിക്കറ്റും ലഭിച്ചു.

മറുപടി പറഞ്ഞ ഓസ്ട്രേലിയ വിക്കറ്റുകൾ അതിവേ​ഗം വലിച്ചെറിഞ്ഞു. ഒരു ഘട്ടത്തിൽ ഏഴിന് 91 എന്ന നിലയിൽ ഓസ്ട്രേലിയ തകർന്നടിഞ്ഞു. പക്ഷേ പിന്നീടായിരുന്നു മാക്‌സ്‌വെല്ലിന്റെ വെടിക്കെട്ട് തുടങ്ങിയത്. പിരിയാത്ത എട്ടാം വിക്കറ്റിൽ മാക്‌സ്‌വെല്ലും പാറ്റ് കമ്മിൻസും 202റൺസ് കൂട്ടിച്ചേർത്തു. 128 പന്തിൽ 201റൺസെടുത്ത മാക്‌സ്‌വെൽ ഓസ്ട്രേലിയയെ ജയത്തിലേക്ക് നയിച്ചു. മത്സരത്തിനിടെ കാലിന് പരിക്കേറ്റങ്കിലും മാക്‌സ്‌വെൽ ക്രീസിൽ തുടർന്നു. അവസരോചിതമായി കളിച്ച പാറ്റ് കമ്മിൻസ് 12 റൺസുമെടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com