ചെപ്പോക്കില്‍ പാകിസ്താന്റെ കണ്ണുനീര്‍; പുതുചരിത്രമെഴുതി അഫ്ഗാന്‍, എട്ട് വിക്കറ്റ് വിജയം

അഫ്ഗാനിസ്ഥാന്റെ രണ്ടാം വിജയമാണിത്. പാകിസ്താന്റെ തുടര്‍ച്ചയായ മൂന്നാം പരാജയവും
ചെപ്പോക്കില്‍ പാകിസ്താന്റെ കണ്ണുനീര്‍; പുതുചരിത്രമെഴുതി അഫ്ഗാന്‍, എട്ട് വിക്കറ്റ് വിജയം

ചെന്നൈ: ഏകദിന ലോകകപ്പില്‍ പാകിസ്താനെ തകര്‍ത്തെറിഞ്ഞ് അഫ്ഗാന്‍. എട്ടുവിക്കറ്റിനാണ് ചെപ്പോക്കില്‍ അഫ്ഗാന്റെ വിജയം. പാകിസ്താന്‍ ഉയര്‍ത്തിയ 283 റണ്‍സെന്ന വിജയലക്ഷ്യം നിശ്ചിത 50 ഓവര്‍ അവസാനിക്കാന്‍ ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാന്‍ മറികടന്നു. ഈ ലോകകപ്പിലെ അഫ്ഗാനിസ്ഥാന്റെ രണ്ടാം വിജയമാണിത്. പാകിസ്താന്റെ തുടര്‍ച്ചയായ മൂന്നാം പരാജയവും. ഏകദിന ചരിത്രത്തില്‍ ആദ്യമായാണ് അഫ്ഗാനിസ്ഥാന്‍ പാകിസ്താനെ തോല്‍പ്പിക്കുന്നത്.

മറുപടി ബാറ്റിങ്ങില്‍ ഗംഭീര തുടക്കമാണ് അഫ്ഗാന് ലഭിച്ചത്. റഹ്‌മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ചേര്‍ന്ന ഓപ്പണിങ് സഖ്യം 7.5 ഓവറില്‍ തന്നെ അഫ്ഗാനെ 50ലെത്തിച്ചു. 21-ാം ഓവറില്‍ ഗുര്‍ബാസിനെ പുറത്താക്കി ഷഹീന്‍ അഫ്രീദിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 53 പന്തില്‍ ഒരു സിക്‌സും ഒന്‍പത് ബൗണ്ടറിയുമടക്കം 65 റണ്‍സ് നേടിയാണ് ഗുര്‍ബാസ് ക്രീസ് വിട്ടത്. ഒന്നാം വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ അഫ്ഗാന്‍ സ്‌കോര്‍ 130 ആയിരുന്നു.

വണ്‍ ഡൗണായി ഇറങ്ങിയ റഹ്‌മത്ത് ഷായെയും കൂട്ടുപിടിച്ച് സഹ ഓപ്പണര്‍ ഇബ്രാഹിം സദ്രാന്‍ പോരാട്ടം തുടര്‍ന്നു. 34-ാം ഓവറിലാണ് സദ്രാന്റെ വിക്കറ്റ് വീണത്. 113 പന്തില്‍ പത്ത് ബൗണ്ടറിയടക്കം 87 റണ്‍സായിരുന്നു സദ്രാന്റെ സമ്പാദ്യം. വണ്‍ ഡൗണായി ഇറങ്ങിയ റഹ്‌മത്ത് ഷായും സദ്രാന് പകരക്കാരനായി എത്തിയ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിയും അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചു. 84 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ബൗണ്ടറിയുമടക്കം 77 റണ്‍സെടുത്ത റഹ്‌മത്ത് ഷായും 45 പന്തില്‍ നാല് ബൗണ്ടറിയടക്കം 48 റണ്‍സ് നേടിയ ഹഷ്മത്തുള്ളയും പുറത്താവാതെ നിന്നു. ഇരുവരും 96 റണ്‍സ് കൂട്ടിച്ചര്‍ത്ത് അഫ്ഗാന് ചരിത്രവിജയം സമ്മാനിച്ചു.

ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് നേടി. ക്യാപ്റ്റന്‍ ബാബര്‍ അസമും അബ്ദുള്ള ഷഫീഖും നേടിയ അര്‍ധ സെഞ്ച്വറികളാണ് പാകിസ്താന് കരുത്തായത്. 92 പന്തില്‍ നിന്ന് 74 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. അഫ്ഗാന് വേണ്ടി നൂര്‍ അഹമ്മദ് മൂന്നും നവീന്‍ ഉല്‍ ഹഖ് രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com