ബാബറും ഷഫീഖും തിളങ്ങി; അഫ്ഗാനെതിരെ 283 റൺസ് വിജയലക്ഷ്യമുയർത്തി പാകിസ്താൻ

92 പന്തില്‍ നിന്ന് 74 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍
ബാബറും ഷഫീഖും തിളങ്ങി; അഫ്ഗാനെതിരെ 283 റൺസ് വിജയലക്ഷ്യമുയർത്തി പാകിസ്താൻ

ചെന്നൈ: ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരെ അഫ്ഗാന് 283 റണ്‍സ് വിജയലക്ഷ്യം. ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് നേടി. ക്യാപ്റ്റന്‍ ബാബര്‍ അസമും അബ്ദുള്ള ഷഫീഖും നേടിയ അര്‍ധ സെഞ്ച്വറികളാണ് ടീമിന് കരുത്തായത്. 92 പന്തില്‍ നിന്ന് 74 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. അഫ്ഗാന് വേണ്ടി നൂര്‍ അഹമ്മദ് മൂന്നും നവീന്‍ ഉല്‍ ഹഖ് രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയില്‍ വിക്കറ്റുകളൊന്നും പാകിസ്താന് നഷ്ടപ്പെട്ടില്ല. 11-ാം ഓവറിലെ ആദ്യ പന്തില്‍ ഇമാം ഉല്‍ ഹഖിന്റെ വിക്കറ്റാണ് ആദ്യം വീണത്. 22 പന്തില്‍ 17 റണ്‍സെടുത്ത താരത്തെ അസ്മത്തുള്ള ഒമര്‍സായി നവീന്‍ ഉല്‍ ഹഖിന്റെ കൈകളിലെത്തിച്ച് മടക്കി. വണ്‍ ഡൗണായി ഇറങ്ങിയ ക്യാപ്റ്റന്‍ ബാബര്‍ അസമും ഓപ്പണര്‍ അബ്ദുള്ള ഷഫീഖും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ പാക് സ്‌കോര്‍ 100 കടന്നു. 23-ാം ഓവറിലാണ് അബ്ദുള്ള ഷഫീഖ് പുറത്തായത്. 75 പന്തില്‍ നിന്ന് രണ്ട് സിക്‌സും അഞ്ച് ബൗണ്ടറിയുമടക്കം 58 റണ്‍സ് നേടിയ ഷഫീഖിനെ നൂര്‍ അഹമ്മദ് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.

പിന്നാലെയിറങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍ നിരാശപ്പെടുത്തി. 25-ാം ഓവറില്‍ പത്ത് പന്തില്‍ നിന്ന് എട്ട് റണ്‍സെടുത്ത് നില്‍ക്കുന്ന റിസ്‌വാനെയും നൂര്‍ അഹമ്മദ് തന്നെയാണ് പുറത്താക്കിയത്. ഇത്തവണ മുജീബ് ഉര്‍ റഹ്‌മാനായിരുന്നു ക്യാച്ച്. പകരമെത്തിയ സൗദ് ഷക്കീല്‍ 34 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത് മടങ്ങി. മുഹമ്മദ് ഷക്കീലിനായിരുന്നു വിക്കറ്റ്.

അപ്പോഴും ക്യാപ്റ്റന്‍ ബാബര്‍ അസം ക്രീസിലുറച്ചു നില്‍ക്കുന്നുണ്ടായിരുന്നു. 42-ാം ഓവറിലാണ് ക്യാപ്റ്റനെ പാക് പടയ്ക്ക് നഷ്ടപ്പെടുന്നത്. 92 പന്തില്‍ നിന്നും 74 റണ്‍സ് നേടിയ ബാബറിനെ മൂര്‍ അഹമ്മദ് മുഹമ്മദ് നബിയുടെ കൈകളിലെത്തിക്കുമ്പോള്‍ പാക് സ്‌കോര്‍ 206ലെത്തിയിരുന്നു. വാലറ്റത്ത് ഒരുമിച്ച ശതാബ് ഖാന്‍-ഇഫ്തീഖര്‍ അഹമ്മദ് സഖ്യം പാകിസ്താനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചു. അവസാന ഓവറില്‍ ഇഫ്തീഖര്‍ അഹമ്മദ് കൂടാരം കയറി. 27 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത ഇഫ്തീഖറെ നവീന്‍ ഉല്‍ ഹഖ് അസ്മത്തുള്ള ഒമര്‍സായിയുടെ കൈകളിലെത്തിക്കുകയായിരുന്നു. അവസാന പന്തില്‍ ശതാബും മടങ്ങി. 38 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത ശതാബിനെ നവീന്‍ ഉല്‍ ഹഖാണ് പുറത്താക്കിയത്. ഷഹീന്‍ അഫ്രീദി (3) പുറത്താകാതെ നിന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com