'അഫ്ഗാന് സന്തോഷിക്കാന്‍ ക്രിക്കറ്റ് മാത്രമാണുള്ളത്‌'; വിജയം ജനങ്ങൾക്ക് സമര്‍പ്പിച്ച് റാഷിദ് ഖാന്‍

ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 69 റണ്‍സിന് തകര്‍ത്താണ് അഫ്ഗാന്‍ ലോകകപ്പിലെ ആദ്യവിജയം സ്വന്തമാക്കിയത്
'അഫ്ഗാന് സന്തോഷിക്കാന്‍ ക്രിക്കറ്റ് മാത്രമാണുള്ളത്‌'; വിജയം ജനങ്ങൾക്ക് സമര്‍പ്പിച്ച് റാഷിദ് ഖാന്‍

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പില്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചാണ് അഫ്ഗാനിസ്ഥാന്‍ ആദ്യ വിജയം സ്വന്തമാക്കിയത്. 285 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ 215 റണ്‍സിന് അഫ്ഗാന്‍ ഓള്‍ഔട്ടാക്കുകയായിരുന്നു. ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ നേടിയ ചരിത്ര വിജയം അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിതര്‍ക്ക് സമര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൂപ്പര്‍ താരം റാഷിദ് ഖാന്‍. അഫ്ഗാനിസ്താനില്‍ ക്രിക്കറ്റിലൂടെ മാത്രമാണ് സന്തോഷം ലഭിക്കുന്നതെന്ന് താരം പറഞ്ഞു.

'എല്ലാം നഷ്ടപ്പെട്ട അഫ്ഗാന്‍ ജനതയ്ക്ക് സന്തോഷിക്കാനുള്ള ഏക കാരണം ക്രിക്കറ്റാണ്. അടുത്തിടെയാണ് അവിടെ വലിയ ഭൂകമ്പം ഉണ്ടായത്. പലര്‍ക്കും സര്‍വ്വതും നഷ്ടപ്പെട്ടു. അവര്‍ക്ക് ഈ വിജയം അല്‍പ്പമെങ്കിലും സന്തോഷം നല്‍കും. ഇത് അവര്‍ക്കുവേണ്ടിയുള്ളതാണ്', റാഷിദ് ഖാന്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ വിജയത്തിന് ശേഷം അവതാരകനും മുന്‍ ഓസീസ് സൂപ്പര്‍ താരവുമായ ഷെയ്ന്‍ വാട്‌സണോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക ചാമ്പ്യന്മാരെ 69 റണ്‍സിന് തകര്‍ത്താണ് അഫ്ഗാന്‍ ലോകകപ്പിലെ ആദ്യവിജയം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. അഫ്ഗാന്റെ സ്‌കോര്‍ 114ല്‍ എത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഇംഗ്ലണ്ടിനായത്. ഓപ്പണര്‍ ഗുര്‍ബാസ് 57 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയും നാല് സിക്‌സും സഹിതം 80 റണ്‍സ് നേടി. 58 റണ്‍സ് എടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇക്രം അലിഖില്‍ ആണ് അഫ്ഗാന്‍ നിരയിലെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്താന്‍ അഫ്ഗാന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞതാണ് മത്സരത്തിന്റെ ഗതി നിര്‍ണയിച്ചത്. മുജീബ് റഹ്‌മാനും റാഷിദ് ഖാനും മൂന്ന് വിക്കറ്റ് വീതം നേടിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com