
ഇസ്ലാമാബാദ്: ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്കെത്താനുള്ള പാക് ക്രിക്കറ്റ് ടീമിന്റെ വിസ പ്രശ്നം പരിഹരിക്കപ്പെട്ടു. പാക് ടീമിന് ഇന്ത്യന് സര്ക്കാര് വിസ അനുവദിച്ചതായി ഐസിസി അറിയിച്ചു. ഇന്ത്യയിലെത്താനുള്ള വിസ വൈകുന്നുവെന്ന് പാകിസ്താന് ക്രിക്കറ്റ് ബോര്ഡ് (പിസിബി) ഐസിസിക്ക് കത്തയച്ചതിന് മണിക്കൂറുകള്ക്ക് ശേഷമാണ് നടപടിയുണ്ടായത്. ഇതോടെ ഇന്ത്യയില് നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് വിസ ലഭിച്ച അവസാനത്തെ ടീമായി പാകിസ്താന് മാറി.
പിസിബി അപേക്ഷ സമര്പ്പിക്കുന്നതിലുണ്ടായ കാലതാമസമാണ് വിസ വൈകാനുണ്ടായ കാരണമെന്ന് റിപ്പോര്ട്ടില് പറയുന്നു. ഏഷ്യാ കപ്പിന് ശേഷം മുഴുവന് ടീമംഗങ്ങളും ശ്രീലങ്കയില് നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ സെപ്റ്റംബര് 19നാണ് പിസിബി പാസ്പോര്ട്ടുകള് സമര്പ്പിച്ചത്. ഇതാണ് വിസ വൈകിയതിന് പിന്നിലെ കാരണമെന്നാണ് റിപ്പോര്ട്ടുകള്. വിസ പ്രശ്നം പരിഹരിക്കപ്പെട്ടതോടെ പാകിസ്താന് ദേശീയ ക്രിക്കറ്റ് ടീം ലോകകപ്പിനായി ഇന്ത്യയിലേക്ക് എത്തും. സെപ്റ്റംബര് 27 ബുധനാഴ്ച രാവിലെ ദുബായിലേക്ക് പുറപ്പെടുന്ന പാകിസ്ഥാന് ടീം അവിടെ നിന്ന് വൈകുന്നേരം ഹൈദരാബാദില് എത്തും.
2016ന് ശേഷം ആദ്യമായാണ് പാക് ദേശീയ ടീം ഇന്ത്യയിലെത്തുന്നത്. സെപ്റ്റംബര് 29ന് പാകിസ്താന് ന്യൂസിലന്ഡിനെതിരെ പരിശീലന മത്സരം കളിക്കുന്നുണ്ട്. ഹൈദരാബാദില് വെച്ചാണ് മത്സരം നടക്കുന്നത്. ഇതു കൂടാതെ രണ്ട് സന്നാഹ മത്സരങ്ങളിലും ബാബര് അസമും സംഘവും പങ്കെടുക്കാനുണ്ട്. ഒക്ടോബര് ആറിന് നെതര്ലന്ഡ്സിനെതിരെയാണ് ലോകകപ്പില് പാകിസ്താന്റെ ആദ്യമത്സരം. ഒക്ടോബര് 14 നാണ് ആരാധകര് കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം നടക്കുക.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക