
May 22, 2025
10:32 PM
ഇന്ത്യ-പാകിസ്താൻ സംഘര്‍ഷത്തെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഐപിഎൽ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് നടന്നുകൊണ്ടിരിക്കുന്ന ടൂർണമെന്റ് നിർത്തിവയ്ക്കുന്നത്. ഇതിന് മുമ്പ് പലതവണ ഐപിഎൽ നടത്തിപ്പിന് പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അന്ന് മറ്റ് കാരണങ്ങൾകൊണ്ടുണ്ടായ പ്രശ്നങ്ങൾ വേഗത്തിൽ തന്നെ പരിഹരിക്കപ്പെടുകയും ചെയ്തിരുന്നു.
2009ൽ രണ്ടാം ഐപിഎല്ലിന് മുമ്പ് ടൂർണമെന്റിന്റെ നടത്തിപ്പിന് രാജ്യത്തെ പൊതുതിരഞ്ഞെടുപ്പായിരുന്നു പ്രശ്നം. അതുകൊണ്ട് ടൂർണമെന്റ് പൂർണമായും ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റി. ഇതേ പ്രതിസന്ധി 2014ലും ഐപിഎല്ലിന്റെ നടത്തിപ്പിൽ നേരിട്ടു. എങ്കിലും അന്ന് ടൂർണമെന്റ് യു എ ഇയിലും ഇന്ത്യയിലുമായി നടത്തി. ഐപിഎൽ വിദേശരാജ്യങ്ങളിലേക്ക് മാറ്റുന്നത് സ്പോൺസർഷിപ്പുകളെ ബാധിക്കുമെന്ന് അന്ന് ടീമുകൾ പരാതി ഉയർത്തിയിരുന്നു. അതുകൊണ്ടാണ് ടൂർണമെന്റിന്റെ രണ്ടാം ഘട്ടം ഇന്ത്യയിൽ തന്നെ നടത്തിയത്.
2019ലും 2024ലും തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തും ഐപിഎൽ ഇന്ത്യയിൽ തന്നെ നടന്നു. 2021ലാണ് ഐപിഎൽ ടൂർണമെന്റിന്റെ പാതിവഴിയിൽ നിർത്തേണ്ടി വന്നത്. കൊവിഡ് 19നെ തുടർന്നാണ് അന്ന് ഐപിഎൽ പാതിവഴിയിൽ നിർത്തിവെച്ചത്. 30 മത്സരങ്ങൾ പൂർത്തിയായപ്പോഴാണ് അന്ന് ഐപിഎൽ നിർത്തിവെയ്ക്കേണ്ടി വന്നത്. അടച്ചിട്ട സ്റ്റേഡിയത്തിലാണ് ഐപിഎൽ നടന്നതെങ്കിലും അന്ന് രാജ്യത്ത് കൊവിഡ് കേസുകൾ കൂടുതലായി വർധിച്ചത് ഐപിഎല്ലിനെയും ബാധിക്കുകയായിരുന്നു. പിന്നീട് സെപ്റ്റംബറിൽ യു എ ഇയിൽ ഐപിഎൽ പുനരാരംഭിച്ചു.
Content Highlights: IPL has stopped second time in midway