
ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ തുടർച്ചയായ രണ്ടാം ദിവസവും വ്യോമ ഗതാഗതത്തിന് തടസ്സം നേരിട്ടു. വ്യോമാതിർത്തിയിൽ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ റദ്ദാക്കുകയോ കാലതാമസം വരുകയോ ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 228 വിമാനങ്ങൾ റദ്ദാക്കിയെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്താവള അധികൃതരുടെ കണക്കുകൾ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
മെയ് 9 വെള്ളിയാഴ്ച ആകെ 138 വിമാനങ്ങൾ റദ്ദാക്കിയെന്നാണ് റിപ്പോർട്ട്. ഇതിൽ ഡൽഹിയിലേയ്ക്ക് വരേണ്ടിയിരുന്ന 63 ആഭ്യന്തര സർവീസുകളും ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 66 ആഭ്യന്തര സർവീസുകളും ഡൽഹിയിലേയ്ക്ക് വരേണ്ടിയിരുന്ന 4 അന്താരാഷ്ട്ര സർവീസുകളും ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 5 അന്താരാഷ്ട്ര സർവീസുകളും ഉൾപ്പെടുന്നു.
മെയ് 8 വ്യാഴാഴ്ച രാവിലെ 8നും ഉച്ചയ്ക്ക് 2നും ഇടയിലുള്ള തിരക്കേറിയ യാത്രാ സമയങ്ങളിൽ 90 ലധികം വിമാനങ്ങൾ റദ്ദാക്കുകയും 200 ലധികം വിമാനങ്ങൾ വൈകുകയും ചെയ്തതായാണ് റിപ്പോർട്ട്. "ഡൽഹി വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്. എന്നാൽ മാറിക്കൊണ്ടിരിക്കുന്ന വ്യോമാതിർത്തിയിലെ സാഹചര്യങ്ങളും സുരക്ഷാ നടപടികൾ വർധിപ്പിച്ചതും ചില വിമാന ഷെഡ്യൂളുകളെയും സുരക്ഷാ പ്രോസസ്സിംഗ് സമയത്തെയും ബാധിച്ചേക്കാം എന്ന് ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് DIAL വെള്ളിയാഴ്ച പുറത്തിറക്കിയ എക്സ് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഏറ്റവും വലുതും തിരക്കേറിയതുമായ വിമാനത്താവളമായ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൻ്റെ നടത്തിപ്പ് ചുമതല DIALനാണ്.
മെയ് 8ന് റദ്ദാക്കിയ വിമാനങ്ങളിൽ ഡൽഹിയിലേയ്ക്ക് വരേണ്ടിയിരുന്ന 33 ആഭ്യന്തര സർവീസുകളും ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 46 ആഭ്യന്തര സർവീസുകളും ഡൽഹിയിലേയ്ക്ക് വരേണ്ടിയിരുന്ന 6 അന്താരാഷ്ട്ര സർവീസുകളും ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 5 അന്താരാഷ്ട്ര സർവീസുകളും ഉൾപ്പെടുന്നു. നേരത്തെ വടക്ക് പടിഞ്ഞാറൻ മേഖലകളിലെ 24 വിമാനത്താവളങ്ങൾ മെയ് 10 ശനിയാഴ്ച വരെ അടച്ചിടുമെന്ന് സിവിൽ വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. അമൃത്സർ, ബതിന്ദ, ഭുജ്, ഭുന്തർ, ബിക്കാനീർ, ചണ്ഡീഗഡ്, ഹൽവാര, ഹിരാസ (രാജ്കോട്ട്), ജമ്മു, ജാംനഗർ, ജയ്സാൽമീർ, ജോധ്പൂർ, കാംഗ്ര-ഗഗ്ഗൽ, കാണ്ട്ല, കെശോദ്, കിഷൻഗഡ്, ലേ, ലുധിയാന, മുന്ദ്ര, പട്യാല, പത്താൻകോട്ട്, പോർബന്ദർ, ഷിംല, ശ്രീനഗർ എന്നിവയാണ് മെയ് 10വരെ അടിച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്.
മെയ് 8ന് വൈകുന്നേരം ജമ്മു, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണത്തെത്തുടർന്നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുന്നത്. പാകിസ്താനിലെയും പാകിസ്താൻ അധിനിവേശ കശ്മീരിലെയും ഭീകര സംഘടനകളുടെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇന്ത്യൻ അതിർത്തിയിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള പാകിസ്താൻ്റെ ആക്രമണം.
Content Highlights: 228 flights cancelled in 2 days at Delhi airport as India-Pak tensions persist