Top

കൊവിഡിന് ശേഷവും ക്ലേശം തുടരുന്നോ, പരിഹാരമുണ്ട് !

കൊവിഡിനെ തുടർന്നുണ്ടാകുന്ന ചുമ, ശ്വാസ തടസ്സം, മസിൽ-സന്ധി വേദനകൾ പോലുള്ളവയെ നിയന്ത്രണത്തിലാക്കാൻ മരുന്നുകൾ മാത്രമല്ല ഫിസിയോ തെറാപ്പിയും സഹായിക്കുന്നുണ്ട്.

2 Feb 2022 12:13 PM GMT
നിഷ അജിത്ത്

കൊവിഡിന് ശേഷവും ക്ലേശം തുടരുന്നോ, പരിഹാരമുണ്ട് !
X


കൊവിഡിന് ശേഷവും തുടരുന്ന ശാരീരിക ബുദ്ധിമുട്ടുകൾ നിരവധിയാണ്. പ്രായഭേദമെന്യേ എല്ലാ വിഭാഗക്കാരും ഈ പ്രശ്ങ്ങളെ അഭിമുഖീകരിക്കാറുണ്ട്. എന്നാൽ കൊവിഡിനെ തുടർന്നുണ്ടാകുന്ന ചുമ, ശ്വാസ തടസ്സം, മസിൽ-സന്ധി വേദനകൾ പോലുള്ളവയെ നിയന്ത്രണത്തിലാക്കാൻ മരുന്നുകൾ മാത്രമല്ല ഫിസിയോ തെറാപ്പിയും സഹായിക്കുന്നുണ്ടെന്ന് നമ്മളിൽ പലർക്കും അറിവില്ല. ആലുവ രാജഗിരി ഹോസ്പിറ്റലിലെ ചീഫ് ഫിസിയോതെറാപ്പിസ്റ്റ് ശ്രീ വിജയൻ ഗോപാലകൃഷ്ണ കുറുപ്പ് ഈ വിഷയത്തിൽ എന്താണ് പങ്കുവെക്കുന്നതെന്നു ശ്രദ്ധിക്കാം.

കൊവിഡ് പ്രാഥമികമായി ഒരു ശ്വാസകോശ രോഗമാണെങ്കിലും, മസ്തിഷ്‌കം മുതലിങ്ങോട്ടുള്ള ഓരോ അവയവത്തെയും കൊറോണ വൈറസ് പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതിനാൽ ആശുപത്രി വാസം സ്വീകരിക്കേണ്ടി വരുന്ന ഒരു കൊവിഡ് രോഗിക്ക് മറ്റു വിദഗ്ദ്ധ സഹായത്തോടൊപ്പം തന്നെ ഫിസിയോതെറാപ്പിയും ആദ്യഘട്ടം മുതലേ നൽകേണ്ടതുണ്ടെന്നാണ് വാസ്തവം. വെന്റിലേറ്ററിന്റെ സഹായത്തോടെയോ, മരുന്നുകളുടെ സഹായത്തോടെയോ മുന്നോട്ടു പോകുന്ന വ്യക്തിയുടെ പ്രത്യേക പരാധീനതകൾ മനസ്സിലാക്കി, ആ പ്രശ്നങ്ങളെ അൽപാൽപ്പമായി ഭേദപ്പെടുത്താൻ ഫിസിയോതെറാപ്പിക്ക് സാധിക്കും.

ഉദാഹരണമായി പറഞ്ഞാൽ കൊവിഡാനന്തരം ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ടോ, ചുമയോ മിക്കവാറും ശ്വാസകോശത്തിന്റെ മസിലുകൾക്കുണ്ടാകുന്ന ക്ഷീണം കൊണ്ടാകാം. ഇത്തരം സാഹചര്യത്തിൽ പ്രത്യേക ശ്വസന വ്യായാമമുറകളിലൂടെ ഈ വിഷമതകൾ മാറ്റിയെടുക്കാനും ഒടുവിൽ അയാൾക്കൊറ്റക്ക് കാര്യങ്ങൾ കൈകാര്യം ചെയ്യാനാകുന്ന തരത്തിലേക്ക് ആരോഗ്യനില മെച്ചപ്പെടുത്താനും സാധിക്കും. എന്നാലിത്തരം വ്യായാമമുറകൾ ആശുപത്രി വാസത്തിന് ശേഷവും കൃത്യമായി തന്നെ തുടരേണ്ടതാണ്.

ബലൂൺ വീർപ്പിക്കാൻ ശ്രമിക്കുക, ഒരു വാചകമോ, പാട്ടിന്റെ വരികളോ എത്ര നേരം ആയാസമില്ലാതെ പറയാനോ, മൂളാനോ ആകും എന്ന് സ്വയം പരിശോധിക്കുക എന്നീ ലളിതമായ ചില പരീക്ഷണങ്ങളിലൂടെ ശ്വാസകോശ ആരോഗ്യം നമുക്ക് തിരിച്ചറിയാനാകും. കാരണം കൊവിഡാനന്തരം നെഞ്ചു വേദനകളോ, നെഞ്ചിലൊരു വിലക്കം പോലെയോ ഒക്കെ അനുഭവപ്പെടുന്നത്, ഹൃദയാസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കൊരു ചിന്താകുഴപ്പവും ആശങ്കയും ഉണ്ടാക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള ശ്വസനവ്യായാമ മുറകൾ ചെയ്തു നോക്കുന്നതിനോടൊപ്പം ഹൃദ്രോഗ വിദഗ്‌ധനെ കണ്ട് കൃത്യമായ രോഗവിവരങ്ങൾ അറിയിക്കേണ്ടതും അത്യാവശ്യമാണ്.

ശാരീരികാരോഗ്യം പൊതുവിൽ മെച്ചപ്പെടുത്താൻ വ്യായാമങ്ങൾ ശീലിക്കുന്നത് വളരെയധികം പ്രയോജനപ്രദമാണ് എന്നാണ് ഏറ്റവും പുതിയ വിലയിരുത്തൽ. കാരണം ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ഏറ്റവും ഉത്തമ മാർഗ്ഗമാണ് ഇത്. ശാരീരിക അധ്വാനം കുറയുന്നത് കൊവിഡ് 19 ഗുരുതരമാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതോടൊപ്പം മറ്റു പല ജീവിതശൈലി രോഗങ്ങൾക്കുള്ള സാധ്യതയും വർധിപ്പിക്കുന്നു.

എന്നാലിവയൊന്നും തന്നെ സ്വന്തമായി തീരുമാനം എടുക്കേണ്ട വിഷയമല്ല എന്നും, കൊവിഡാനന്തരം ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമെന്നും ഈ രംഗത്തെ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. കാരണം ഒരാൾക്കുള്ള ബുദ്ധിമുട്ടിന്റെ തീവ്രത, അയാളുടെ ആരോഗ്യനില, ഏതു അവയവത്തെയാണ് ബാധിച്ചിട്ടുള്ളത്, പ്രായം എന്നിങ്ങനെയുള്ള പല ഘടകങ്ങളെയും ആശ്രയിച്ചാണ് ഒരു ഫിസിയോ തെറാപ്പിസ്റ്റ് തന്റെ മുന്നിലിരിക്കുന്ന വ്യക്തിക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക. അതുകൊണ്ട് തന്നെ യു ട്യൂബ് പോലുള്ള മാധ്യമങ്ങളിൽ കാണുന്ന ഏതു മാർഗ്ഗവും ആരും പരീക്ഷിച്ചു കളയരുത് എന്നും അതൊരുപക്ഷേ ഗുണത്തിന് പകരം ദോഷമാകാം ഉണ്ടാക്കുക എന്നും അദ്ദേഹം ചൂണ്ടി കാട്ടുന്നു.Next Story