

ദുബായ് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ദുബായ് മെട്രോ ശൃംഖല നീട്ടുന്നതിനുള്ള 200 കോടി ദിർഹത്തിന്റെ (രണ്ട് ബില്യൺ ദിർഹം) ബൃഹദ് പദ്ധതിക്ക് ഭരണകൂടം അംഗീകാരം നൽകി. എക്സ്പോ സിറ്റിയിൽ നിന്ന് വിമാനത്താവളത്തിലേക്ക് മൂന്ന് കിലോമീറ്റർ ദൂരത്തിൽ രണ്ട് പുതിയ സ്റ്റേഷനുകൾ നിർമ്മിച്ചാണ് മെട്രോ പാത വിപുലീകരിക്കുന്നത്. വിമാനത്താവളത്തിന്റെ ഭാവിയിലെ വെസ്റ്റ് ടെർമിനലിലേക്കായിരിക്കും ഈ പുതിയ മെട്രോ പാത നേരിട്ടെത്തുക. 2031-ഓടെ ഈ പാതയിലൂടെയുള്ള മെട്രോ സർവീസുകൾ പൂർണ്ണമായും പ്രവർത്തനക്ഷമമാകും.
പുതിയ മെട്രോ പാത യാഥാർത്ഥ്യമാകുന്നതോടെ വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ വേഗത്തിലും എളുപ്പത്തിലുമാകും. പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം ദുബായ് മറീനയിൽ നിന്ന് 25 മുതൽ 30 മിനിറ്റിനുള്ളിലും, ഡൗണ്ടൗൺ ദുബായിൽ നിന്ന് 40 മുതൽ 50 മിനിറ്റിനുള്ളിലും അൽ മക്തൂം വിമാനത്താവളത്തിൽ എത്താൻ സാധിക്കും. നിലവിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ഡിഎക്സ്ബി) നിന്ന് മെട്രോ മാർഗ്ഗം ഒരു മണിക്കൂറിലധികം സമയമെടുത്തേക്കും.
നിലവിലെ റെഡ് ലൈൻ സർവീസിലൂടെ ട്രെയിൻ മാറാതെ തന്നെ യാത്രക്കാർക്ക് അൽ മക്തൂം വിമാനത്താവളത്തിന്റെ വെസ്റ്റ് ടെർമിനലിലേക്ക് നേരിട്ടെത്താൻ കഴിയുമെന്നതാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത. പുതിയ രണ്ട് സ്റ്റേഷനുകൾ കൂടി വരുന്നതോടെ ആകെ യാത്രാസമയത്തിൽ അഞ്ച് മുതൽ എട്ട് മിനിറ്റ് വരെ മാത്രമേ വർദ്ധനവുണ്ടാകൂ. തിരക്കേറിയ സമയങ്ങളിൽ റോഡ് ഗതാഗതത്തെ ആശ്രയിക്കുന്നതിനേക്കാൾ വേഗത്തിലും സൗകര്യപ്രദമായും വിമാനത്താവളത്തിലെത്താൻ ഇത് പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും വലിയ സഹായമാകും.
വിമാനത്താവള വിപുലീകരണത്തിനൊപ്പം ദുബായുടെ പൊതുഗതാഗത മേഖലയിൽ വൻ മാറ്റങ്ങൾക്കാണ് വരും വർഷങ്ങളിൽ കളമൊരുങ്ങുന്നത്. 42 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ ഗോൾഡ് ലൈൻ 2032-ലും നിലവിലെ ദുബായ് വിമാനത്താവളത്തെയും അൽ മക്തൂം വിമാനത്താവളത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രത്യേക എയർപോർട്ട് എക്സ്പ്രസ് റെയിൽ പാതയും ഭാവിയിൽ യാഥാർത്ഥ്യമാകും. പുതിയ സ്റ്റേഷനുകളുടെ കൃത്യമായ സ്ഥാനവും ഔദ്യോഗിക യാത്രാ സമയവും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) വരും ഘട്ടങ്ങളിൽ പ്രഖ്യാപിക്കും.
Content Highlights: Dubai has approved a Dh2 billion extension of the Metro's Route 2020 to Al Maktoum International Airport City. Announced by Crown Prince Sheikh Hamdan bin Mohammed on November 10, 2026, the project will add a three-kilometre stretch and two new stations, connecting the existing Expo City route to the airport's West Terminal.