

ഭിന്നശേഷി വിഭാഗക്കാർക്കും അവരുടെ കുടുംബങ്ങൾക്കും തടസ്സങ്ങളില്ലാതെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആസ്വദിക്കാൻ സൗകര്യമൊരുക്കുന്നതിനായി അബുദാബിയിലെ 250-ലധികം വിനോദസഞ്ചാര, സാംസ്കാരിക കേന്ദ്രങ്ങളിൽ പ്രത്യേക പരിശോധന നടത്തുന്നു. അബുദാബി സാംസ്കാരിക-വിനോദസഞ്ചാര വകുപ്പും (ഡിസിടി അബുദാബി) സായിദ് അതോറിറ്റി ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷനും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
അബുദാബി നഗരം, അൽ ഐൻ, അൽ ദഫ്ര എന്നീ മേഖലകളിലെ ഹോട്ടലുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ, ബീച്ചുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുക. ഇവിടെയുള്ള സൗകര്യങ്ങളിലെ പോരായ്മകൾ കണ്ടെത്തുകയും എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ഇവയെ മാറ്റിയെടുക്കുകയുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. 2022-ൽ ആരംഭിച്ച ഈ സംയുക്ത ദൗത്യത്തിന്റെ ഭാഗമായി ഇതിനോടകം 190-ലധികം കേന്ദ്രങ്ങളിൽ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.
പരിശോധനകൾക്കായി വിദഗ്ധർക്ക് പ്രത്യേക പരിശീലനം നൽകുകയും വിവിധ കേന്ദ്രങ്ങളിൽ നേരിട്ടെത്തി വിലയിരുത്തലുകൾ നടത്തി പ്രായോഗികമായ മാറ്റങ്ങൾ കൊണ്ടുവരികയുമാണ് പുതിയ ഘട്ടത്തിൽ ചെയ്യുന്നത്. എല്ലാവരെയും സ്വാഗതം ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമായി അബുദാബിയെ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഡിസിടി അബുദാബി ടൂറിസം ഡയറക്ടർ ജനറൽ സാലിഹ് മുഹമ്മദ് അൽ ഗെസിരി പറഞ്ഞു. നിശ്ചയദാർഢ്യ വിഭാഗക്കാർക്കും കുടുംബങ്ങൾക്കും കൂടുതൽ ആത്മവിശ്വാസത്തോടെയും സ്വാതന്ത്ര്യത്തോടെയും യാത്രകൾ ആസ്വദിക്കാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭിന്നശേഷി വിഭാഗക്കാരുടെ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കി അവർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സൗകര്യങ്ങൾ ഒരുക്കാനാണ് ഈ കൂട്ടായ്മയിലൂടെ ശ്രമിക്കുന്നതെന്ന് സായിദ് അതോറിറ്റി ഡയറക്ടർ ജനറൽ അബ്ദുള്ള അൽ ഹുമൈദാൻ പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന സേവനങ്ങൾക്കും തൊഴിലവസരങ്ങൾക്കും നൽകുന്ന 'ദംജ്' (Damj) അവാർഡ് പോലുള്ള പദ്ധതികൾക്ക് ഈ സഹകരണം കൂടുതൽ കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിനോദസഞ്ചാര മേഖലയിലെ സ്ഥാപനങ്ങളുമായി ചേർന്ന് വരും ദിവസങ്ങളിലും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
Content Highlights: Abu Dhabi is expanding its efforts to make tourism destinations more accessible to People of Determination. The Department of Culture and Tourism – Abu Dhabi (DCT Abu Dhabi) and the Zayed Authority for People of Determination will assess more than 250 tourism and cultural sites across Abu Dhabi City, Al Ain and Al Dhafra