യാത്രക്കാരെ ഒഴിവാക്കരുത്, അമിത നിരക്ക് ഈടാക്കരുത്; യുഎഇയിൽ ടാക്സി ഡ്രൈവർമാർക്ക് കർശന നിയന്ത്രണങ്ങൾ

വാഹനത്തിൽ അനുവദിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ യാത്രക്കാരെ കയറ്റുന്നത് നിയമം നിരോധിച്ചിട്ടുണ്ട്

യാത്രക്കാരെ ഒഴിവാക്കരുത്, അമിത നിരക്ക് ഈടാക്കരുത്; യുഎഇയിൽ ടാക്സി ഡ്രൈവർമാർക്ക് കർശന നിയന്ത്രണങ്ങൾ
dot image

യുഎഇയിൽ 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഗതാഗത നിയമപ്രകാരം ടാക്സി ഡ്രൈവർമാർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അംഗീകൃത നിരക്ക് നൽകാൻ തയ്യാറുള്ള യാത്രക്കാരെ മതിയായ കാരണങ്ങളില്ലാതെ നിരസിക്കാനോ, സർക്കാർ നിശ്ചയിച്ചതിനേക്കാൾ കൂടുതൽ തുക ആവശ്യപ്പെടാനോ ടാക്സി ഡ്രൈവർമാർക്ക് അനുവാദമില്ല. 2024-ലെ ഗതാഗത നിയമത്തിന്റെ ഭാഗമായി 2026-ൽ പുറത്തിറക്കിയ മന്ത്രിസഭാ തീരുമാനത്തിലാണ് ഈ പ്രധാന നിർദ്ദേശങ്ങളുള്ളത്.

പുതിയ നിയമ പ്രകാരം, അതത് എമിറേറ്റുകളിലെ അധികൃതർ നിശ്ചയിച്ചിട്ടുള്ള നിരക്ക് നൽകാൻ തയ്യാറുള്ള ഏതൊരു യാത്രക്കാരനെയും ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഡ്രൈവർമാർ ബാധ്യസ്ഥരാണ്. എന്നാൽ, വാഹനത്തിൽ അനുവദനീയമായ എണ്ണം യാത്രക്കാർ ഇതിനോടകം ഉണ്ടെങ്കിൽ മാത്രമേ പുതിയ യാത്രക്കാരെ നിരസിക്കാൻ ഡ്രൈവർക്ക് അനുമതിയുള്ളൂ. നേരത്തെയുള്ള ഗതാഗത നിയമങ്ങളിലും ഈ നിബന്ധനകൾ ഉണ്ടായിരുന്നെങ്കിലും പുതുക്കിയ നിയമസംഹിതയിൽ ഇവ കൂടുതൽ വ്യക്തതയോടെ ഉൾപ്പെടുത്തിയിരിക്കുകയാണ്.

ടാക്സി ഡ്രൈവർമാർ പാലിക്കേണ്ട അഞ്ച് പ്രധാന നിയമങ്ങൾ പുതിയ ചട്ടത്തിൽ എടുത്തുപറയുന്നുണ്ട്. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ നിന്ന് മാത്രമേ യാത്രക്കാരെ കയറ്റാനും ഇറക്കാനും പാടുള്ളൂ എന്നതാണ് ഒന്നാമത്തേത്. അടയാളങ്ങളും ബോർഡുകളും വെച്ച് വേർതിരിച്ചിട്ടുള്ള ടാക്സി പാർക്കിംഗ് സ്ഥലങ്ങളിൽ മാത്രമേ വാഹനങ്ങൾ ദീർഘനേരം നിർത്തിയിടാൻ പാടുള്ളൂ. യാത്രക്കാരെ അകാരണമായി നിരസിക്കാനോ അമിത കൂലി വാങ്ങാനോ പാടില്ല എന്നതാണ് മൂന്നാമത്തെ നിയമം. ഇതിനുപുറമെ, വാഹനം ഓടിക്കുമ്പോൾ മറ്റുള്ളവരുമായി സംസാരിച്ച് ശ്രദ്ധ തിരിക്കരുതെന്നും ഗതാഗത പൊലീസും ലൈസൻസിങ് അതോറിറ്റിയും നൽകുന്ന മറ്റ് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിയമം അനുശാസിക്കുന്നു.

Also Read:

വാഹനത്തിൽ അനുവദിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ യാത്രക്കാരെ കയറ്റുന്നത് നിയമം നിരോധിച്ചിട്ടുണ്ട്. കൂടാതെ, ടാക്സിയുടെ നമ്പർ പ്ലേറ്റ് വിവരങ്ങൾ അറബിയിലും ഇംഗ്ലീഷിലും വാഹനത്തിൽ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം, അധികൃതർ നിർദ്ദേശിക്കുന്ന മറ്റ് വിവരങ്ങൾ എന്നിവ വാഹനത്തിനുള്ളിൽ യാത്രക്കാർക്ക് വ്യക്തമായി കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണം. മുൻവശത്തെ സീറ്റിന് സമീപവും മുൻസീറ്റിന്റെ പിൻഭാഗത്തുമായാണ് ഈ വിവരങ്ങൾ പതിപ്പിക്കേണ്ടത്.

യാത്രക്കാരെ കൊണ്ടുപോകുന്നതിനായി നിർമ്മിച്ചതല്ലാത്ത വാഹനങ്ങൾ ടാക്സിയായോ യാത്രാ ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്നതിനും കർശന നിയന്ത്രണമുണ്ട്. ഇത്തരം വാഹനങ്ങളിൽ യാത്രക്കാർക്ക് ഇരിക്കാൻ അനുയോജ്യമായ സീറ്റുകൾ ഘടിപ്പിക്കുകയും ബന്ധപ്പെട്ട അധികൃതരിൽ നിന്ന് പ്രത്യേക അനുമതി നേടുകയും ചെയ്താൽ മാത്രമേ യാത്രക്കാരെ കയറ്റാൻ അനുവദിക്കുകയുള്ളൂ. രാജ്യത്തെ പൊതുഗതാഗത സംവിധാനം കൂടുതൽ സുരക്ഷിതവും യാത്രക്കാർക്ക് സൗകര്യപ്രദവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത്.

Content Highlights: The UAE is introducing stricter regulations for taxi drivers under the updated traffic rules coming into effect on January 1, 2027. Drivers cannot unreasonably refuse passengers who are willing to pay the approved fare. They are also prohibited from charging more than the officially prescribed amount.

dot image
To advertise here,contact us
dot image