

കനത്ത മഴയെ നേരിടാൻ വമ്പൻ പദ്ധതിയുമായി ദുബായ്. മഴവെള്ളം ഒഴുക്കി വിടുന്നതിനായി മൂന്ന് ബില്യൺ ദിർഹത്തിൻ്റെ പദ്ധതിയാണ് ദുബായ് അവതരിപ്പിക്കുന്നത്. 'തസ്രീഫ്' എന്ന് പേരിട്ട ഈ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ നാല് പുതിയ പദ്ധതികൾക്കുള്ള കരാറുകൾ ദുബായ് മുനിസിപ്പാലിറ്റി അനുവദിച്ചതായി ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.
പുതിയ പദ്ധതികളുടെ ഭാഗമായി ഏകദേശം 100 കിലോമീറ്റർ നീളത്തിൽ പ്രധാന മഴവെള്ള ഡ്രെയിനേജ് ലൈനുകൾ നിർമിക്കുകയും നിലവിലുള്ള ശൃംഖല വികസിപ്പിക്കുകയും ചെയ്യും. പരമാവധി മൂന്ന് മീറ്റർ വ്യാസമുള്ള ഡ്രെയിനേജ് ലൈനുകളാണ് ഒരുക്കുന്നത്. ഇതിലൂടെ കനത്ത മഴയുണ്ടാകുമ്പോൾ വെള്ളം ഒഴുകിപ്പോകാനുള്ള ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം. ദുബായിലെ സാമ്പത്തിക, വാണിജ്യ, വ്യാവസായിക, വിനോദസഞ്ചാര മേഖലകളിലായി ഏകദേശം 100 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് പദ്ധതികൾ നടപ്പാക്കുന്നത്.
ജുമൈറ, ഉമ്മു സുഖീം, അൽ സഫ, അൽ മനാറ, അൽ ഖൂസ്, അൽ ബർഷ, അൽ വസൽ, സാഅബീൽ, അൽ ബദാ, അൽ സത്വ, അൽ മർമൂം തുടങ്ങിയ മേഖലകൾ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടും. ഈ പ്രദേശങ്ങളിലെ മഴവെള്ള നിർഗമന സംവിധാനങ്ങൾ വികസിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രധാന ഡ്രെയിനേജ് ശൃംഖലയുമായി ബന്ധിപ്പിക്കും. ഇതോടെ വെള്ളം ഒഴുകിപ്പോകാനുള്ള ശേഷി വർധിപ്പിക്കാനും സംവിധാനത്തിന്റെ കാര്യക്ഷമതയും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്താനും കഴിയുമെന്ന് അധികൃതർ പറഞ്ഞു.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിലെ കരാറുകൾ 2025 ഏപ്രിലിലാണ് അനുവദിച്ചത്. ഈ വർഷം ഫെബ്രുവരി 26ന് രണ്ടാം ഘട്ടത്തിൽ അഞ്ച് പദ്ധതികൾക്കായി 2.5 ബില്യൺ ദിർഹത്തിന്റെ കരാറുകളും മുനിസിപ്പാലിറ്റി അനുവദിച്ചിരുന്നു. രണ്ടാം ഘട്ടത്തിലെ അഞ്ച് കരാറുകളിൽ മൂന്നെണ്ണം നിർമാണ പ്രവർത്തനങ്ങൾക്കായും രണ്ടെണ്ണം തിരഞ്ഞെടുത്ത മേഖലകളിലെ ഡ്രെയിനേജ് സംവിധാനങ്ങളുടെ പഠനത്തിനും രൂപകൽപ്പനയ്ക്കുമായിരുന്നു. ഡിടെക് കോൺട്രാക്ടിങ്, ചൈന സ്റ്റേറ്റ് കൺസ്ട്രക്ഷൻ എൻജിനീയറിങ് കോർപ്പറേഷൻ തുടങ്ങിയ ആഗോള അടിസ്ഥാനസൗകര്യ കമ്പനികളും പ്രത്യേക കൺസൾട്ടൻസി സ്ഥാപനങ്ങളും പദ്ധതികളിൽ പങ്കാളികളായി. രണ്ടാം ഘട്ടത്തിലെ പദ്ധതികൾ ഏകദേശം 430 മില്യൺ ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള 30 പ്രധാന മേഖലകൾക്ക് സേവനം നൽകുന്ന രീതിയിലാണ് ആസൂത്രണം ചെയ്തത്.
2040ഓടെ ഏകദേശം മൂന്ന് മില്യൺ താമസക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറഞ്ഞു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും അൽ യലായിസ് റോഡിനും സമീപമുള്ള ജനവാസ മേഖലകളെ പ്രധാന ഡ്രെയിനേജ് ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനായി നാല് മീറ്റർ വരെ വ്യാസമുള്ള പ്രധാന തുരങ്കവും പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. ഷെയ്ഖ് സായിദ് റോഡിനും അൽ ജമയേൽ റോഡിനുമിടയിൽ 27 കിലോമീറ്ററിലധികം നീളമുള്ള സംയോജിത ഡ്രെയിനേജ് ശൃംഖലയും വിഭാവനം ചെയ്തിട്ടുണ്ട്.
ദുബായ്–അൽ ഐൻ റോഡിനും ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിനും സമീപം ഡ്രെയിനേജ് തുരങ്കം, ആധുനിക പമ്പിങ് സ്റ്റേഷൻ, തന്ത്രപ്രധാനമായ മഴവെള്ള സംഭരണ തടാകം എന്നിവ ഒരുക്കുന്നതിനുള്ള പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. അൽ മർമൂം, സൈഹ് അൽ സലാം മേഖലകളിൽ മഴവെള്ളവും ഭൂഗർഭജലവും ഒഴുക്കിക്കളയുന്നതിനുള്ള സംയോജിത സംവിധാനത്തിന്റെ രൂപകൽപ്പനയ്ക്കുള്ള കരാറുകളും അനുവദിച്ചിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശങ്ങൾക്കനുസൃതമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. അടുത്ത നൂറ്റാണ്ടിലേക്കും പ്രയോജനപ്പെടുന്ന തരത്തിൽ ആധുനികവും പ്രതിരോധശേഷിയുള്ളതുമായ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിനും ദേശീയ കാലാവസ്ഥാ നിഷ്പക്ഷതാ ലക്ഷ്യങ്ങൾക്കും അനുസൃതമാണ് തസ്രീഫ് പദ്ധതിയെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: Dubai has announced a Dh3 billion investment to expand its stormwater drainage network and improve the emirate's capacity to manage heavy rainfall.