'എനിക്ക് തെറ്റ് പറ്റി; കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതായിരുന്നു'; ക്ഷമ ചോദിച്ച് ദിയ കൃഷ്ണ

വീഡിയോയുടെ ആദ്യ പകുതി മാത്രം കണ്ടതിന് പിന്നാലെയാണ് താന്‍ കമന്‌റ് ചെയ്തതെന്നും ദിയ

'എനിക്ക് തെറ്റ് പറ്റി; കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതായിരുന്നു'; ക്ഷമ ചോദിച്ച് ദിയ കൃഷ്ണ
dot image

കൊച്ചി: കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തിയ ഉത്തരേന്ത്യന്‍ യൂട്യൂബറെ പിന്തുണച്ചതിൽ വിമർശനം നേരിട്ടതിന് പിന്നാലെ ക്ഷമാപണം നടത്തി ദിയ കൃഷ്ണ. വീഡിയോയുടെ ആദ്യ പകുതി മാത്രം കണ്ടതിന് പിന്നാലെയാണ് താന്‍ കമന്‌റ് ചെയ്തതെന്നും വീഡിയോയിലുടനീളം കഫേയില്‍ മുഹമ്മദ് അലി ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെക്കുറിച്ചാകും പറയുന്നതെന്നാണ് താന്‍ കരുതിയതെന്നും ദിയ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

'കൊച്ചിയിലെ ഒരു കഫേയില്‍ മുഹമ്മദ് അലി ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ എനിക്ക് സ്വന്തമായ അഭിപ്രായമുണ്ട്. ആ ചിത്രം പ്രദര്‍ശിപ്പിച്ചത് ചോദ്യം ചെയ്യപ്പെടേണ്ട കാര്യമാണെന്ന എന്റെ നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു', ദിയ പറയുന്നു.

വീഡിയോയുടെ ആദ്യ പകുതി മാത്രം കണ്ടതിനാല്‍, ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ച മാത്രമാണ് മുഴുവന്‍ വീഡിയോയിലുമുള്ളതെന്ന് താന്‍ തെറ്റിദ്ധരിച്ചു. ആ ധാരണയുടെ അടിസ്ഥാനത്തിലാണ് കമന്റ് ചെയ്തത്. പ്രതികരിക്കുന്നതിന് മുമ്പ്, പ്രത്യേകിച്ച് സെന്‍സിറ്റീവായ വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ അതിന്റെ പൂര്‍ണമായ പശ്ചാത്തലം മനസ്സിലാക്കാന്‍ താന്‍ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും അതാണ് തന്റെ ഭാഗത്തുനിന്നുണ്ടായ പിഴവെന്നും ദിയ പറയുന്നു.

സെന്‍സിറ്റീവായ വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതായിരുന്നുവെന്നും അവര്‍ കുറിച്ചു. ഇതിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും ഈ സംഭവത്തിലൂടെ വേദനിച്ച എല്ലാവരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും ദിയ വ്യക്തമാക്കി.

'ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന് ഇന്നലെ ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചപ്പോള്‍, അതില്‍നിന്ന് മാറിനില്‍ക്കുന്നതല്ല ശരിയായ രീതിയെന്ന് എനിക്ക് തോന്നി. എന്റെ ഭാഗത്തുനിന്ന് ഒരു തെറ്റ് സംഭവിച്ചു. അതില്‍നിന്ന് ഒഴിഞ്ഞുമാറുന്നതിനുപകരം, അത് അംഗീകരിക്കാനും അതില്‍നിന്ന് പഠിക്കാനും ഇനി കൂടുതല്‍ ശ്രദ്ധയോടെ മുന്നോട്ടുപോകാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എനിക്ക് ഇത്രയധികം സ്‌നേഹം നല്‍കിയ ഒരു പ്ലാറ്റ്ഫോമില്‍ നിന്ന് പിന്മാറുന്നതിനേക്കാള്‍ അതാണ് ഉചിതമെന്ന് ഞാന്‍ കരുതുന്നു. കാലക്രമേണ എന്റെ ഉദ്ദേശം എല്ലാവര്‍ക്കും മനസ്സിലാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ സംഭവത്തിലൂടെ നിങ്ങൾക്ക് ഉണ്ടായ വേദനയില്‍ ഞാന്‍ ഖേദിക്കുന്നു. ഇനിയുള്ള കാലത്ത് കൂടുതല്‍ ശ്രദ്ധയോടെയും ഉത്തരവാദിത്തത്തോടെയും പെരുമാറുമെന്ന് ഉറപ്പുനല്‍കുന്നു', ദിയ കൂട്ടിച്ചേർത്തു.

Content Highlights: diya krishna apologises over support for youtuber criticised for kerala video

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us